മത്തായി 15:29-39

മത്തായി 15:29-39 MALOVBSI

യേശു അവിടെനിന്നു യാത്രയായി ഗലീലക്കടലരികെ ചെന്നു മലയിൽ കയറി അവിടെ ഇരുന്നു. വളരെ പുരുഷാരം മുടന്തർ, കുരുടർ, ഊമർ, കൂനർ മുതലായ പലരെയും അവന്റെ അടുക്കൽ കൊണ്ടുവന്ന് അവന്റെ കാല്ക്കൽ വച്ചു; അവൻ അവരെ സൗഖ്യമാക്കി; ഊമർ സംസാരിക്കുന്നതും കൂനർ സൗഖ്യമാകുന്നതും മുടന്തർ നടക്കുന്നതും കുരുടർ കാണുന്നതും പുരുഷാരം കണ്ടിട്ട് ആശ്ചര്യപ്പെട്ടു, യിസ്രായേലിന്റെ ദൈവത്തെ മഹത്ത്വപ്പെടുത്തി. എന്നാൽ യേശു തന്റെ ശിഷ്യന്മാരെ അടുക്കെ വിളിച്ചു: ഈ പുരുഷാരം ഇപ്പോൾ മൂന്നു നാളായി എന്നോടുകൂടെ പാർക്കുന്നു; അവർക്കു ഭക്ഷിപ്പാൻ ഒന്നും ഇല്ലായ്കകൊണ്ട് അവരെക്കുറിച്ച് എനിക്കു മനസ്സലിവു തോന്നുന്നു; അവരെ പട്ടിണിയായി വിട്ടയപ്പാൻ മനസ്സുമില്ല; അവർ വഴിയിൽവച്ചു തളർന്നുപോയേക്കും എന്നു പറഞ്ഞു. ശിഷ്യന്മാർ അവനോട്: ഇത്ര വലിയ പുരുഷാരത്തിനു തൃപ്തി വരുത്തുവാൻ മതിയായ അപ്പം ഈ കാട്ടിൽ നമുക്ക് എവിടെനിന്ന് എന്നു പറഞ്ഞു. നിങ്ങളുടെ പക്കൽ എത്ര അപ്പം ഉണ്ട് എന്നു യേശു ചോദിച്ചു; ഏഴ്; കുറെ ചെറുമീനും ഉണ്ട് എന്ന് അവർ പറഞ്ഞു. അവൻ പുരുഷാരത്തോടു നിലത്ത് ഇരിപ്പാൻ കല്പിച്ചു. ആ ഏഴ് അപ്പവും മീനും എടുത്തു വാഴ്ത്തി നുറുക്കി ശിഷ്യന്മാരുടെ പക്കലും ശിഷ്യന്മാർ പുരുഷാരത്തിനും കൊടുത്തു. എല്ലാവരും തിന്നു തൃപ്തരായി; ശേഷിച്ച കഷണം അവർ ഏഴു വട്ടി നിറച്ചെടുത്തു. തിന്നവരോ സ്ത്രീകളെയും പൈതങ്ങളെയും കൂടാതെ നാലായിരം പുരുഷന്മാർ ആയിരുന്നു. പിന്നെ അവൻ പുരുഷാരത്തെ പറഞ്ഞയച്ചിട്ടു പടകിൽ കയറി മഗദാദേശത്ത് എത്തി.