മത്തായി 15:1-20

മത്തായി 15:1-20 MALOVBSI

അനന്തരം യെരൂശലേമിൽനിന്നു പരീശന്മാരും ശാസ്ത്രിമാരും യേശുവിന്റെ അടുക്കൽ വന്നു: നിന്റെ ശിഷ്യന്മാർ പൂർവന്മാരുടെ സമ്പ്രദായം ലംഘിക്കുന്നത് എന്ത്? അവർ ഭക്ഷിക്കുമ്പോൾ കൈ കഴുകുന്നില്ലല്ലോ എന്നു പറഞ്ഞു. അവൻ അവരോട് ഉത്തരം പറഞ്ഞത്: നിങ്ങളുടെ സമ്പ്രദായംകൊണ്ടു നിങ്ങൾ ദൈവകല്പന ലംഘിക്കുന്നത് എന്ത്? അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നും അപ്പനെയോ അമ്മയെയോ ദുഷിക്കുന്നവൻ മരിക്കേണം എന്നും ദൈവം കല്പിച്ചുവല്ലോ. നിങ്ങളോ ഒരുത്തൻ അപ്പനോട് എങ്കിലും അമ്മയോട് എങ്കിലും: നിനക്ക് എന്നാൽ ഉപകാരമായി വരേണ്ടതു വഴിപാട് എന്നു പറഞ്ഞാൽ അവൻ അപ്പനെ ബഹുമാനിക്കേണ്ടാ എന്നു പറയുന്നു; ഇങ്ങനെ നിങ്ങളുടെ സമ്പ്രദായത്താൽ നിങ്ങൾ ദൈവവചനത്തെ ദുർബലമാക്കിയിരിക്കുന്നു. കപടഭക്തിക്കാരേ, നിങ്ങളെക്കുറിച്ചു യെശയ്യാവ്: “ഈ ജനം അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എന്നെ വിട്ട് അകന്നിരിക്കുന്നു. മാനുഷകല്പനകളായ ഉപദേശങ്ങളെ അവർ പഠിപ്പിക്കുന്നതുകൊണ്ട് എന്നെ വ്യർഥമായി ഭജിക്കുന്നു” എന്നിങ്ങനെ പ്രവചിച്ചത് ഒത്തിരിക്കുന്നു. പിന്നെ അവൻ പുരുഷാരത്തെ അരികെ വിളിച്ച് അവരോടു പറഞ്ഞത്: കേട്ടു ഗ്രഹിച്ചുകൊൾവിൻ. മനുഷ്യന് അശുദ്ധി വരുത്തുന്നതു വായിക്കകത്തു ചെല്ലുന്നത് അല്ല, വായിൽനിന്നു പുറപ്പെടുന്നതത്രേ; അതു മനുഷ്യനെ അശുദ്ധമാക്കുന്നു. അപ്പോൾ ശിഷ്യന്മാർ അടുക്കെ വന്നു: പരീശന്മാർ ഈ വാക്കു കേട്ട് ഇടറിപ്പോയി എന്ന് അറിയുന്നുവോ എന്നു ചോദിച്ചു. അതിന് അവൻ: സ്വർഗസ്ഥനായ എന്റെ പിതാവ് നട്ടിട്ടില്ലാത്ത തൈ ഒക്കെയും വേരോടെ പറിഞ്ഞുപോകും. അവരെ വിടുവിൻ; അവർ കുരുടന്മാരായ വഴികാട്ടികൾ അത്രേ; കുരുടൻ കുരുടനെ വഴി നടത്തിയാൽ ഇരുവരും കുഴിയിൽ വീഴും എന്ന് ഉത്തരം പറഞ്ഞു. പത്രൊസ് അവനോട്: ആ ഉപമ ഞങ്ങൾക്കു തെളിയിച്ചുതരേണം എന്നു പറഞ്ഞു. അതിന് അവൻ പറഞ്ഞത്: നിങ്ങളും ഇന്നുവരെ ബോധമില്ലാത്തവരോ? വായിക്കകത്തു കടക്കുന്നത് എല്ലാം വയറ്റിൽ ചെന്നിട്ടു മറപ്പുരയിൽ പോകുന്നു എന്നു ഗ്രഹിക്കുന്നില്ലയോ? വായിൽനിന്നു പുറപ്പെടുന്നതോ ഹൃദയത്തിൽനിന്നു വരുന്നു; അതു മനുഷ്യനെ അശുദ്ധമാക്കുന്നു. എങ്ങനെയെന്നാൽ ദുശ്ചിന്ത, കൊലപാതകം, വ്യഭിചാരം, പരസംഗം, മോഷണം, കള്ളസ്സാക്ഷ്യം, ദൂഷണം എന്നിവ ഹൃദയത്തിൽനിന്നു പുറപ്പെട്ടുവരുന്നു. മനുഷ്യനെ അശുദ്ധമാക്കുന്നത് ഇതത്രേ; കഴുകാത്ത കൈകൊണ്ടു ഭക്ഷിക്കുന്നതോ മനുഷ്യനെ അശുദ്ധമാക്കുന്നില്ല.