മത്തായി 13:18-23

മത്തായി 13:18-23 MALOVBSI

എന്നാൽ വിതയ്ക്കുന്നവന്റെ ഉപമ കേട്ടുകൊൾവിൻ. ഒരുത്തൻ രാജ്യത്തിന്റെ വചനം കേട്ടിട്ടു ഗ്രഹിക്കാഞ്ഞാൽ ദുഷ്ടൻ വന്ന് അവന്റെ ഹൃദയത്തിൽ വിതയ്ക്കപ്പെട്ടത് എടുത്തുകളയുന്നു; ഇതത്രേ വഴിയരികെ വിതയ്ക്കപ്പെട്ടത്. പാറസ്ഥലത്തു വിതയ്ക്കപ്പെട്ടതോ, ഒരുത്തൻ വചനം കേട്ടിട്ട് ഉടനെ സന്തോഷത്തോടെ കൈക്കൊള്ളുന്നത് ആകുന്നു എങ്കിലും വേരില്ലാതിരിക്കയാൽ അവൻ ക്ഷണികനത്രേ. വചനംനിമിത്തം ഞെരുക്കമോ ഉപദ്രവമോ നേരിട്ടാൽ അവൻ ക്ഷണത്തിൽ ഇടറിപ്പോകുന്നു. മുള്ളിനിടയിൽ വിതയ്ക്കപ്പെട്ടതോ, ഒരുത്തൻ വചനം കേൾക്കുന്നു എങ്കിലും ഈ ലോകത്തിന്റെ ചിന്തയും ധനത്തിന്റെ വഞ്ചനയും വചനത്തെ ഞെരുക്കീട്ടു നിഷ്ഫലനായിത്തീരുന്നതാകുന്നു. നല്ല നിലത്തു വിതയ്ക്കപ്പെട്ടതോ ഒരുത്തൻ വചനം കേട്ടു ഗ്രഹിക്കുന്നത് ആകുന്നു; അതു വിളഞ്ഞു നൂറും അറുപതും മുപ്പതും മേനി നല്കുന്നു.