മത്തായി 13:1-32

മത്തായി 13:1-32 MALOVBSI

അന്ന് യേശു വീട്ടിൽനിന്നു പുറപ്പെട്ടു കടലരികെ ഇരുന്നു. വളരെ പുരുഷാരം അവന്റെ അടുക്കൽ വന്നുകൂടുകകൊണ്ട് അവൻ പടകിൽ കയറി ഇരുന്നു; പുരുഷാരം എല്ലാം കരയിൽ ഇരുന്നു. അവൻ അവരോടു പലതും ഉപമകളായി പ്രസ്താവിച്ചതെന്തെന്നാൽ: വിതയ്ക്കുന്നവൻ വിതപ്പാൻ പുറപ്പെട്ടു. വിതയ്ക്കുമ്പോൾ ചിലതു വഴിയരികെ വീണു; പറവകൾ വന്ന് അതു തിന്നുകളഞ്ഞു. ചിലതു പാറസ്ഥലത്ത് ഏറെ മണ്ണില്ലാത്ത ഇടത്ത് വീണു; മണ്ണിനു താഴ്ചയില്ലായ്കയാൽ ക്ഷണത്തിൽ മുളച്ചുവന്നു. സൂര്യൻ ഉദിച്ചാറെ ചൂടു തട്ടി, വേർ ഇല്ലായ്കയാൽ അത് ഉണങ്ങിപ്പോയി. മറ്റുചിലതു മുള്ളിനിടയിൽ വീണു; മുള്ളു മുളച്ചു വളർന്ന് അതിനെ ഞെരുക്കിക്കളഞ്ഞു. മറ്റു ചിലതു നല്ല നിലത്തു വീണു, നൂറും അറുപതും മുപ്പതും മേനിയായി വിളഞ്ഞു. ചെവിയുള്ളവൻ കേൾക്കട്ടെ. പിന്നെ ശിഷ്യന്മാർ അടുക്കൽ വന്ന്: അവരോട് ഉപമകളായി സംസാരിക്കുന്നത് എന്ത് എന്ന് അവനോടു ചോദിച്ചു. അവൻ അവരോട് ഉത്തരം പറഞ്ഞത്: സ്വർഗരാജ്യത്തിന്റെ മർമങ്ങളെ അറിവാൻ നിങ്ങൾക്കു വരം ലഭിച്ചിരിക്കുന്നു; അവർക്കോ ലഭിച്ചിട്ടില്ല. ഉള്ളവനു കൊടുക്കും; അവനു സമൃദ്ധിയുണ്ടാകും; ഇല്ലാത്തവനോടോ അവനുള്ളതുംകൂടെ എടുത്തുകളയും. അതുകൊണ്ട് അവർ കണ്ടിട്ടു കാണാതെയും കേട്ടിട്ടു കേൾക്കാതെയും ഗ്രഹിക്കാതെയും ഇരിക്കയാൽ ഞാൻ ഉപമകളായി അവരോടു സംസാരിക്കുന്നു. “നിങ്ങൾ ചെവിയാൽ കേൾക്കും ഗ്രഹിക്കയില്ലതാനും; കണ്ണാൽ കാണും ദർശിക്കയില്ലതാനും. ഈ ജനത്തിന്റെ ഹൃദയം തടിച്ചിരിക്കുന്നു; അവർ ചെവികൊണ്ടു മന്ദമായി കേൾക്കുന്നു; കണ്ണ് അടച്ചിരിക്കുന്നു; അവർ കണ്ണ് കാണാതെയും ചെവി കേൾക്കാതെയും ഹൃദയം കൊണ്ടു ഗ്രഹിക്കാതെയും തിരിഞ്ഞുകൊള്ളാതെയും ഞാൻ അവരെ സൗഖ്യമാക്കാതെയും ഇരിക്കേണ്ടതിനു തന്നെ” എന്നു യെശയ്യാവ് പറഞ്ഞ പ്രവാചകത്തിന് അവരിൽ നിവൃത്തിവരുന്നു. എന്നാൽ നിങ്ങളുടെ കണ്ണ് കാണുന്നതുകൊണ്ടും നിങ്ങളുടെ ചെവി കേൾക്കുന്നതുകൊണ്ടും ഭാഗ്യമുള്ളവ. ഏറിയ പ്രവാചകന്മാരും നീതിമാന്മാരും നിങ്ങൾ കാണുന്നതു കാൺമാൻ ആഗ്രഹിച്ചിട്ടും കണ്ടില്ല; നിങ്ങൾ കേൾക്കുന്നതു കേൾപ്പാൻ ആഗ്രഹിച്ചിട്ടും കേട്ടില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. എന്നാൽ വിതയ്ക്കുന്നവന്റെ ഉപമ കേട്ടുകൊൾവിൻ. ഒരുത്തൻ രാജ്യത്തിന്റെ വചനം കേട്ടിട്ടു ഗ്രഹിക്കാഞ്ഞാൽ ദുഷ്ടൻ വന്ന് അവന്റെ ഹൃദയത്തിൽ വിതയ്ക്കപ്പെട്ടത് എടുത്തുകളയുന്നു; ഇതത്രേ വഴിയരികെ വിതയ്ക്കപ്പെട്ടത്. പാറസ്ഥലത്തു വിതയ്ക്കപ്പെട്ടതോ, ഒരുത്തൻ വചനം കേട്ടിട്ട് ഉടനെ സന്തോഷത്തോടെ കൈക്കൊള്ളുന്നത് ആകുന്നു എങ്കിലും വേരില്ലാതിരിക്കയാൽ അവൻ ക്ഷണികനത്രേ. വചനംനിമിത്തം ഞെരുക്കമോ ഉപദ്രവമോ നേരിട്ടാൽ അവൻ ക്ഷണത്തിൽ ഇടറിപ്പോകുന്നു. മുള്ളിനിടയിൽ വിതയ്ക്കപ്പെട്ടതോ, ഒരുത്തൻ വചനം കേൾക്കുന്നു എങ്കിലും ഈ ലോകത്തിന്റെ ചിന്തയും ധനത്തിന്റെ വഞ്ചനയും വചനത്തെ ഞെരുക്കീട്ടു നിഷ്ഫലനായിത്തീരുന്നതാകുന്നു. നല്ല നിലത്തു വിതയ്ക്കപ്പെട്ടതോ ഒരുത്തൻ വചനം കേട്ടു ഗ്രഹിക്കുന്നത് ആകുന്നു; അതു വിളഞ്ഞു നൂറും അറുപതും മുപ്പതും മേനി നല്കുന്നു. അവൻ മറ്റൊരു ഉപമ അവർക്കു പറഞ്ഞു കൊടുത്തു: സ്വർഗരാജ്യം ഒരു മനുഷ്യൻ തന്റെ നിലത്തു നല്ല വിത്തു വിതച്ചതിനോടു സദൃശമാകുന്നു. മനുഷ്യർ ഉറങ്ങുമ്പോൾ അവന്റെ ശത്രു വന്ന്, കോതമ്പിന്റെ ഇടയിൽ കള വിതച്ചു പൊയ്ക്കളഞ്ഞു. ഞാറു വളർന്നു കതിരായപ്പോൾ കളയും കാണായ്‍വന്നു. അപ്പോൾ വീട്ടുടയവന്റെ ദാസന്മാർ അവന്റെ അടുക്കൽ ചെന്ന്: യജമാനനേ, വയലിൽ നല്ല വിത്തല്ലയോ വിതച്ചത്? പിന്നെ കള എവിടെനിന്നു വന്നു എന്നു ചോദിച്ചു. ഇതു ശത്രു ചെയ്തതാകുന്നു എന്ന് അവൻ അവരോടു പറഞ്ഞു. ഞങ്ങൾ പോയി അതു പറിച്ചുകൂട്ടുവാൻ സമ്മതമുണ്ടോ എന്നു ദാസന്മാർ അവനോടു ചോദിച്ചു. അതിന് അവൻ: ഇല്ല, പക്ഷേ കള പറിക്കുമ്പോൾ കോതമ്പുംകൂടെ പിഴുതുപോകും. രണ്ടും കൂടെ കൊയ്ത്തോളം വളരട്ടെ; കൊയ്ത്തുകാലത്തു ഞാൻ കൊയ്യുന്നവരോടു മുമ്പേ കള പറിച്ചുകൂട്ടി ചുട്ടുകളയേണ്ടതിനു കെട്ടുകളായി കെട്ടുവാനും കോതമ്പ് എന്റെ കളപ്പുരയിൽ കൂട്ടി വയ്പാനും കല്പിക്കും എന്നു പറഞ്ഞു. മറ്റൊരു ഉപമ അവൻ അവർക്കു പറഞ്ഞു കൊടുത്തു: സ്വർഗരാജ്യം കടുകുമണിയോടു സദൃശം; അത് ഒരു മനുഷ്യൻ എടുത്തു തന്റെ വയലിൽ ഇട്ടു. അത് എല്ലാ വിത്തിലും ചെറിയതെങ്കിലും വളർന്നു സസ്യങ്ങളിൽ ഏറ്റവും വലുതായി, ആകാശത്തിലെ പറവകൾ വന്ന് അതിന്റെ കൊമ്പുകളിൽ വസിപ്പാൻ തക്കവണ്ണം വൃക്ഷമായിത്തീരുന്നു.