അവൻ പന്തിരുവരെ അടുക്കൽ വിളിച്ചു, സകല ഭൂതങ്ങളുടെമേലും വ്യാധികളെ സൗഖ്യമാക്കുവാനും അവർക്കു ശക്തിയും അധികാരവും കൊടുത്തു; ദൈവരാജ്യം പ്രസംഗിപ്പാനും രോഗികൾക്കു സൗഖ്യം വരുത്തുവാനും അവരെ അയച്ചു പറഞ്ഞത്: വഴിക്കു വടിയും പൊക്കണവും അപ്പവും പണവും ഒന്നും എടുക്കരുത്; രണ്ട് ഉടുപ്പും അരുത്. നിങ്ങൾ ഏതു വീട്ടിൽ എങ്കിലും ചെന്നാൽ അവിടം വിട്ടുപോകുംവരെ അവിടെത്തന്നെ പാർപ്പിൻ. ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതിരുന്നാൽ ആ പട്ടണം വിട്ട് അവരുടെ നേരേ സാക്ഷ്യത്തിനായി നിങ്ങളുടെ കാലിൽനിന്നു പൊടി തട്ടിക്കളവിൻ. അവർ പുറപ്പെട്ട് എങ്ങും സുവിശേഷിച്ചും രോഗികളെ സൗഖ്യമാക്കിയുംകൊണ്ട് ഊരുതോറും സഞ്ചരിച്ചു. സംഭവിക്കുന്നത് എല്ലാം ഇടപ്രഭുവായ ഹെരോദാവ് കേട്ടു. യോഹന്നാൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റു എന്നു ചിലരും ഏലീയാവ് പ്രത്യക്ഷനായി എന്നു ചിലരും പുരാതനപ്രവാചകന്മാരിൽ ഒരുത്തൻ ഉയിർത്തെഴുന്നേറ്റു എന്നു മറ്റു ചിലരും പറകകൊണ്ട് ഹെരോദാവ് ചഞ്ചലിച്ചു: യോഹന്നാനെ ഞാൻ ശിരഃഛേദം ചെയ്തു; എന്നാൽ ഞാൻ ഇങ്ങനെയുള്ളത് കേൾക്കുന്ന ഇവൻ ആർ എന്നു പറഞ്ഞ് അവനെ കാൺമാൻ ശ്രമിച്ചു. അപ്പൊസ്തലന്മാർ മടങ്ങിവന്നിട്ട് തങ്ങൾ ചെയ്തതൊക്കെയും അവനോട് അറിയിച്ചു. അവൻ അവരെ കൂട്ടിക്കൊണ്ട് ബേത്ത്സയിദ എന്ന പട്ടണത്തിലേക്കു തനിച്ചു വാങ്ങിപ്പോയി. അതു പുരുഷാരം അറിഞ്ഞ് അവനെ പിന്തുടർന്നു. അവൻ അവരെ കൈക്കൊണ്ടു ദൈവരാജ്യത്തെക്കുറിച്ച് അവരോടു സംസാരിക്കയും രോഗശാന്തി വേണ്ടിയവരെ സൗഖ്യമാക്കുകയും ചെയ്തു. പകൽ കഴിവാറായപ്പോൾ പന്തിരുവർ അടുത്തു വന്ന് അവനോട്: ഇവിടെ നാം മരുഭൂമിയിൽ ആയിരിക്കകൊണ്ട് പുരുഷാരം ചുറ്റുമുള്ള ഊരുകളിലും കുടികളിലും പോയി രാത്രി പാർപ്പാനും ആഹാരം വാങ്ങുവാനും വേണ്ടി അവരെ പറഞ്ഞയയ്ക്കേണം എന്നു പറഞ്ഞു. അവൻ അവരോട്: നിങ്ങൾ തന്നെ അവർക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ എന്നു പറഞ്ഞതിന്, അഞ്ചപ്പവും രണ്ടു മീനും അല്ലാതെ അധികം ഞങ്ങളുടെ പക്കൽ ഇല്ല; ഞങ്ങൾ പോയി ഈ സകല ജനത്തിനും വേണ്ടി ഭോജ്യങ്ങൾ കൊള്ളേണമോ എന്ന് അവർ പറഞ്ഞു. ഏകദേശം അയ്യായിരം പുരുഷന്മാർ ഉണ്ടായിരുന്നു. പിന്നെ അവൻ തന്റെ ശിഷ്യന്മാരോട്: അവരെ അമ്പതു വീതം പന്തിപന്തിയായി ഇരുത്തുവിൻ എന്നു പറഞ്ഞു. അവർ അങ്ങനെ ചെയ്ത് എല്ലാവരെയും ഇരുത്തി. അവൻ ആ അഞ്ച് അപ്പവും രണ്ടു മീനും എടുത്തുകൊണ്ട് സ്വർഗത്തേക്ക് നോക്കി അവയെ അനുഗ്രഹിച്ചു നുറുക്കി പുരുഷാരത്തിനു വിളമ്പുവാൻ ശിഷ്യന്മാരുടെ കൈയിൽ കൊടുത്തു. എല്ലാവരും തിന്നു തൃപ്തരായി, ശേഷിച്ച കഷണം പന്ത്രണ്ടു കുട്ട എടുത്തു. അവൻ തനിച്ചു പ്രാർഥിച്ചുകൊണ്ടിരിക്കുമ്പോൾ ശിഷ്യന്മാർ കൂടെ ഉണ്ടായിരുന്നു; അവൻ അവരോട്: പുരുഷാരം എന്നെ ആരെന്നു പറയുന്നു എന്നു ചോദിച്ചു. യോഹന്നാൻസ്നാപകൻ എന്നും ചിലർ ഏലീയാവ് എന്നും മറ്റു ചിലർ പുരാതനപ്രവാചകന്മാരിൽ ഒരുത്തൻ ഉയിർത്തെഴുന്നേറ്റു എന്നും പറയുന്നു എന്ന് അവർ ഉത്തരം പറഞ്ഞു. അവൻ അവരോട്: എന്നാൽ നിങ്ങൾ എന്നെ ആരെന്നു പറയുന്നു എന്നു ചോദിച്ചതിന്: ദൈവത്തിന്റെ ക്രിസ്തു എന്ന് പത്രൊസ് ഉത്തരം പറഞ്ഞു. ഇത് ആരോടും പറയരുതെന്ന് അവൻ അവരോട് അമർച്ചയായിട്ടു കല്പിച്ചു. മനുഷ്യപുത്രൻ പലതും സഹിക്കയും മൂപ്പന്മാർ, മഹാപുരോഹിതന്മാർ, ശാസ്ത്രികൾ എന്നിവർ അവനെ തള്ളിക്കളഞ്ഞു കൊല്ലുകയും അവൻ മൂന്നാംനാൾ ഉയിർത്തെഴുന്നേല്ക്കയും വേണം എന്നു പറഞ്ഞു. പിന്നെ അവൻ എല്ലാവരോടും പറഞ്ഞത്: എന്നെ അനുഗമിപ്പാൻ ഒരുത്തൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ നിഷേധിച്ചു നാൾതോറും തന്റെ ക്രൂശ് എടുത്തുംകൊണ്ട് എന്നെ അനുഗമിക്കട്ടെ. ആരെങ്കിലും തന്റെ ജീവനെ രക്ഷിപ്പാൻ ഇച്ഛിച്ചാൽ അതിനെ കളയും; എന്റെ നിമിത്തം ആരെങ്കിലും തന്റെ ജീവനെ കളഞ്ഞാലോ അതിനെ രക്ഷിക്കും. ഒരു മനുഷ്യൻ സർവലോകവും നേടീട്ട്, തന്നെത്താൻ നഷ്ടമാക്കിക്കളകയോ ചേതം വരുത്തുകയോ ചെയ്താൽ അവന് എന്ത് പ്രയോജനം? ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു നാണിച്ചാൽ അവനെക്കുറിച്ചു മനുഷ്യപുത്രൻ തന്റെയും പിതാവിന്റെയും വിശുദ്ധദൂതന്മാരുടെയും മഹത്ത്വത്തിൽ വരുമ്പോൾ നാണിക്കും. എന്നാൽ ദൈവരാജ്യം കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഇവിടെ നില്ക്കുന്നവരിൽ ഉണ്ട് സത്യം എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഈ വാക്കുകളെ പറഞ്ഞിട്ട് ഏകദേശം എട്ടുനാൾ കഴിഞ്ഞപ്പോൾ അവൻ പത്രൊസിനെയും യോഹന്നാനെയും യാക്കോബിനെയും കൂട്ടിക്കൊണ്ടു പ്രാർഥിപ്പാൻ മലയിൽ കയറിപ്പോയി. അവൻ പ്രാർഥിക്കുമ്പോൾ മുഖത്തിന്റെ ഭാവം മാറി, ഉടുപ്പ് മിന്നുന്ന വെള്ളയായും തീർന്നു. രണ്ടു പുരുഷന്മാർ അവനോടു സംഭാഷിച്ചു; മോശെയും ഏലീയാവും തന്നെ. അവർ തേജസ്സിൽ പ്രത്യക്ഷരായി അവൻ യെരൂശലേമിൽ പ്രാപിപ്പാനുള്ള നിര്യാണത്തെക്കുറിച്ചു സംസാരിച്ചു. പത്രൊസും കൂടെയുള്ളവരും ഉറക്കത്താൽ ഭാരപ്പെട്ടിരുന്നു; ഉണർന്നശേഷം അവന്റെ തേജസ്സിനെയും അവനോടുകൂടെ നില്ക്കുന്ന രണ്ടു പുരുഷന്മാരെയും കണ്ടു. അവർ അവനെ വിട്ടുപിരിയുമ്പോൾ പത്രൊസ് യേശുവിനോട്: ഗുരോ, നാം ഇവിടെ ഇരിക്കുന്നത് നല്ലത്; ഞങ്ങൾ മൂന്നു കുടിൽ ഉണ്ടാക്കട്ടെ, ഒന്നു നിനക്കും ഒന്നു മോശെക്കും ഒന്ന് ഏലീയാവിനും എന്നു താൻ പറയുന്നത് ഇന്നത് എന്ന് അറിയാതെ പറഞ്ഞു. ഇതു പറയുമ്പോൾ ഒരു മേഘം വന്ന് അവരുടെമേൽ നിഴലിട്ടു. അവർ മേഘത്തിൽ ആയപ്പോൾ പേടിച്ചു. മേഘത്തിൽനിന്ന്: ഇവൻ എന്റെ പ്രിയപുത്രൻ, ഇവനു ചെവികൊടുപ്പിൻ എന്ന് ഒരു ശബ്ദം ഉണ്ടായി. ശബ്ദം ഉണ്ടായ നേരത്ത് യേശുവിനെ തനിയേ കണ്ടു; അവർ കണ്ടത് ഒന്നും ആ നാളുകളിൽ ആരോടും അറിയിക്കാതെ മൗനമായിരുന്നു.
ലൂക്കൊസ് 9 വായിക്കുക
കേൾക്കുക ലൂക്കൊസ് 9
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ലൂക്കൊസ് 9:1-36
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ