ലൂക്കൊസ് 8:5-15

ലൂക്കൊസ് 8:5-15 MALOVBSI

വിതയ്ക്കുമ്പോൾ ചിലത് വഴിയരികെ വീണിട്ട് ചവിട്ടിപ്പോകയും ആകാശത്തിലെ പറവജാതി അതിനെ തിന്നുകളകയും ചെയ്തു. മറ്റു ചിലത് പാറമേൽ വീണ് മുളച്ച് നനവില്ലായ്കയാൽ ഉണങ്ങിപ്പോയി. മറ്റു ചിലത് മുള്ളിനിടയിൽ വീണു; മുള്ളുംകൂടെ മുളച്ച് അതിനെ ഞെരുക്കിക്കളഞ്ഞു. മറ്റു ചിലത് നല്ല നിലത്തു വീണു മുളച്ചു നൂറു മേനി ഫലം കൊടുത്തു. ഇതു പറഞ്ഞിട്ട്: കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ടെ എന്നു വിളിച്ചുപറഞ്ഞു. അവന്റെ ശിഷ്യന്മാർ അവനോട് ഈ ഉപമ എന്ത് എന്നു ചോദിച്ചതിന് അവൻ പറഞ്ഞത്: ദൈവരാജ്യത്തിന്റെ മർമങ്ങളെ അറിയുവാൻ നിങ്ങൾക്കു വരം ലഭിച്ചിരിക്കുന്നു; ശേഷമുള്ളവർക്കോ കണ്ടിട്ടും കാണാതിരിപ്പാനും, കേട്ടിട്ടും ഗ്രഹിക്കാതിരിപ്പാനും ഉപമകളിലത്രേ. ഉപമയുടെ പൊരുളോ: വിത്ത് ദൈവവചനം; വഴിയരികെയുള്ളവർ കേൾക്കുന്നവർ എങ്കിലും അവർ വിശ്വസിച്ചു രക്ഷിക്കപ്പെടാതിരിപ്പാൻ പിശാച് വന്ന് അവരുടെ ഹൃദയത്തിൽനിന്നു വചനം എടുത്തുകളയുന്നു. പാറമേലുള്ളവരോ കേൾക്കുമ്പോൾ വചനം സന്തോഷത്തോടെ കൈക്കൊള്ളുന്നവർ എങ്കിലും അവർക്കു വേരില്ല; അവർ തൽക്കാലം വിശ്വസിക്കയും പരീക്ഷാസമയത്തു പിൻവാങ്ങിപ്പോകയും ചെയ്യുന്നു. മുള്ളിനിടയിൽ വീണതോ കേൾക്കുന്നവർ എങ്കിലും പോയി, ചിന്തകളാലും ധനത്താലും സംസാരഭോഗങ്ങളാലും ഞെരുങ്ങി പൂർണമായി ഫലം കൊടുക്കാത്തവരത്രേ. നല്ല മണ്ണിലുള്ളതോ വചനം കേട്ടു ഗുണമുള്ള നല്ല ഹൃദയത്തിൽ സംഗ്രഹിച്ചു ക്ഷമയോടെ ഫലം കൊടുക്കുന്നവർ തന്നെ.