ലൂക്കൊസ് 8:19-39

ലൂക്കൊസ് 8:19-39 MALOVBSI

അവന്റെ അമ്മയും സഹോദരന്മാരും അവന്റെ അടുക്കൽ വന്നു; പുരുഷാരം നിമിത്തം അവനോട് അടുപ്പാൻ കഴിഞ്ഞില്ല. നിന്റെ അമ്മയും സഹോദരന്മാരും നിന്നെ കാൺമാൻ ഇച്ഛിച്ചുകൊണ്ട് പുറത്തുനില്ക്കുന്നു എന്നു ചിലർ അവനോട് അറിയിച്ചു. അവരോട് അവൻ: എന്റെ അമ്മയും സഹോദരന്മാരും ദൈവവചനം കേട്ടു ചെയ്യുന്നവരത്രേ എന്ന് ഉത്തരം പറഞ്ഞു. ഒരു ദിവസം അവൻ ശിഷ്യന്മാരുമായി പടകിൽ കയറി; നാം തടാകത്തിന്റെ അക്കരെ പോക എന്ന് അവരോടു പറഞ്ഞു. അവർ നീക്കി ഓടുമ്പോൾ അവൻ ഉറങ്ങിപ്പോയി. തടാകത്തിൽ ഒരു ചുഴലിക്കാറ്റ് ഉണ്ടായി പടകിൽ വെള്ളം നിറഞ്ഞിട്ട് അവർ പ്രാണഭയത്തിലായി അടുക്കൽ ചെന്നു: നാഥാ, നാഥാ, ഞങ്ങൾ നശിച്ചുപോകുന്നു എന്നു പറഞ്ഞ് അവനെ ഉണർത്തി; അവൻ എഴുന്നേറ്റു കാറ്റിനെയും വെള്ളത്തിന്റെ കോപത്തെയും ശാസിച്ചു; അവ അമർന്നു ശാന്തത ഉണ്ടായി. പിന്നെ അവരോട്: നിങ്ങളുടെ വിശ്വാസം എവിടെ എന്നു പറഞ്ഞു; അവരോ ഭയപ്പെട്ടു: ഇവൻ ആർ? അവൻ കാറ്റിനോടും വെള്ളത്തോടും കല്പിക്കയും അവ അനുസരിക്കയും ചെയ്യുന്നു എന്നു തമ്മിൽ പറഞ്ഞ് ആശ്ചര്യപ്പെട്ടു. അവർ ഗലീലയ്ക്കു നേരേയുള്ള ഗെരസേന്യദേശത്ത് അണഞ്ഞു. അവൻ കരയ്ക്ക് ഇറങ്ങിയപ്പോൾ ബഹുകാലമായി ഭൂതങ്ങൾ ബാധിച്ചൊരു മനുഷ്യൻ പട്ടണത്തിൽനിന്നു വന്ന് എതിർപെട്ടു; അവൻ ബഹുകാലമായി വസ്ത്രം ധരിക്കാതെയും വീട്ടിൽ പാർക്കാതെയും ശവക്കല്ലറകളിൽ അത്രേ ആയിരുന്നു. അവൻ യേശുവിനെ കണ്ടിട്ടു നിലവിളിച്ച് അവനെ നമസ്കരിച്ചു: യേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, എനിക്കും നിനക്കും തമ്മിൽ എന്ത്? എന്നെ ഉപദ്രവിക്കരുതേ എന്ന് ഞാൻ അപേക്ഷിക്കുന്നു എന്ന് ഉറക്കെ പറഞ്ഞു. അവൻ അശുദ്ധാത്മാവിനോട് ആ മനുഷ്യനെ വിട്ടുപോകുവാൻ കല്പിച്ചിരുന്നു. അത് വളരെ കാലമായി അവനെ ബാധിച്ചിരുന്നു; അവനെ ചങ്ങലയും വിലങ്ങും ഇട്ടു ബന്ധിച്ചു സൂക്ഷിച്ചിരുന്നിട്ടും അവൻ ബന്ധനങ്ങളെ തകർക്കയും ഭൂതം അവനെ കാടുകളിലേക്ക് ഓടിക്കയും ചെയ്യും. യേശു അവനോട്: നിന്റെ പേർ എന്ത് എന്നു ചോദിച്ചു. അനേകം ഭൂതങ്ങൾ അവനെ ബാധിച്ചിരുന്നതുകൊണ്ട്; ലെഗ്യോൻ എന്ന് അവൻ പറഞ്ഞു. പാതാളത്തിലേക്കു പോകുവാൻ കല്പിക്കരുത് എന്ന് അവ അവനോട് അപേക്ഷിച്ചു. അവിടെ മലയിൽ വലിയൊരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. അവയിൽ കടപ്പാൻ അനുവാദം തരേണം എന്ന് അവനോട് അപേക്ഷിച്ചു; അവൻ അനുവാദം കൊടുത്തു. ഭൂതങ്ങൾ ആ മനുഷ്യനെ വിട്ടു പന്നികളിൽ കടന്നപ്പോൾ കൂട്ടം കടുന്തൂക്കത്തൂടെ തടാകത്തിലേക്കു പാഞ്ഞു വീർപ്പുമുട്ടി ചത്തു. ഈ സംഭവിച്ചത് മേയിക്കുന്നവർ കണ്ടിട്ട് ഓടിപ്പോയി പട്ടണത്തിലും നാട്ടിലും അറിയിച്ചു. സംഭവിച്ചതു കാൺമാൻ അവർ പുറപ്പെട്ടു യേശുവിന്റെ അടുക്കൽ വന്നു, ഭൂതങ്ങൾ വിട്ടുപോയ മനുഷ്യൻ വസ്ത്രം ധരിച്ചും സുബോധം പൂണ്ടും യേശുവിന്റെ കാൽക്കൽ ഇരിക്കുന്നതു കണ്ടു ഭയപ്പെട്ടു. ഭൂതഗ്രസ്തനു സൗഖ്യം വന്നത് എങ്ങനെ എന്നു കണ്ടവർ അവരോട് അറിയിച്ചു. ഗെരസേന്യദേശത്തിലെ ജനസമൂഹം എല്ലാം ഭയപരവശരായി; തങ്ങളെ വിട്ടുപോകേണം എന്ന് അവനോട് അപേക്ഷിച്ചു; അങ്ങനെ അവൻ പടകു കയറി മടങ്ങിപ്പോന്നു. ഭൂതങ്ങൾ വിട്ടുപോയ ആൾ അവനോടുകൂടെ ഇരിപ്പാൻ അനുവാദം ചോദിച്ചു. അതിന് അവൻ: നീ വീട്ടിൽ മടങ്ങിച്ചെന്നു ദൈവം നിനക്കു ചെയ്തതൊക്കെയും അറിയിക്ക എന്നു പറഞ്ഞ് അവനെ അയച്ചു. അവൻ പോയി യേശു തനിക്കു ചെയ്തതൊക്കെയും പട്ടണത്തിൽ എല്ലാടവും അറിയിച്ചു.