ലൂക്കൊസ് 7:36-49

ലൂക്കൊസ് 7:36-49 MALOVBSI

പരീശന്മാരിൽ ഒരുത്തൻ തന്നോടുകൂടെ ഭക്ഷണം കഴിപ്പാൻ അവനെ ക്ഷണിച്ചു; അവൻ പരീശന്റെ വീട്ടിൽ ചെന്നു ഭക്ഷണത്തിനിരുന്നു. ആ പട്ടണത്തിൽ പാപിയായ ഒരു സ്ത്രീ, അവൻ പരീശന്റെ വീട്ടിൽ ഭക്ഷണത്തിനിരിക്കുന്നത് അറിഞ്ഞ് ഒരു വെൺകൽ ഭരണി പരിമളതൈലം കൊണ്ടുവന്നു, പുറകിൽ അവന്റെ കാല്ക്കൽ കരഞ്ഞുകൊണ്ട് നിന്നു കണ്ണുനീർകൊണ്ട് അവന്റെ കാൽ നനച്ചുതുടങ്ങി; തലമുടികൊണ്ടു തുടച്ചു കാൽ ചുംബിച്ചു തൈലം പൂശി. അവനെ ക്ഷണിച്ച പരീശൻ അതു കണ്ടിട്ട്: ഇവൻ പ്രവാചകൻ ആയിരുന്നു എങ്കിൽ, തന്നെ തൊടുന്ന സ്ത്രീ ആരെന്നും എങ്ങനെയുള്ളവൾ എന്നും അറിയുമായിരുന്നു; അവൾ പാപിയല്ലോ എന്ന് ഉള്ളിൽ പറഞ്ഞു. ശിമോനേ, നിന്നോട് ഒന്നു പറവാനുണ്ട് എന്നു യേശു പറഞ്ഞതിന്: ഗുരോ, പറഞ്ഞാലും എന്ന് അവൻ പറഞ്ഞു. കടം കൊടുക്കുന്ന ഒരുത്തനു രണ്ടു കടക്കാർ ഉണ്ടായിരുന്നു; ഒരുത്തൻ അഞ്ഞൂറു വെള്ളിക്കാശും മറ്റവൻ അമ്പതു വെള്ളിക്കാശും കൊടുപ്പാനുണ്ടായിരുന്നു. വീട്ടുവാൻ അവർക്കു വക ഇല്ലായ്കയാൽ അവൻ ഇരുവർക്കും ഇളച്ചുകൊടുത്തു; എന്നാൽ അവരിൽ ആർ അവനെ അധികം സ്നേഹിക്കും? അധികം ഇളച്ചുകിട്ടിയവൻ എന്നു ഞാൻ ഊഹിക്കുന്നു എന്നു ശിമോൻ പറഞ്ഞു. അവൻ അവനോട്: നീ വിധിച്ചത് ശരി എന്നു പറഞ്ഞു. സ്ത്രീയുടെ നേരേ തിരിഞ്ഞു ശിമോനോട് പറഞ്ഞത്: ഈ സ്ത്രീയെ കാണുന്നുവോ? ഞാൻ നിന്റെ വീട്ടിൽ വന്നു, നീ എന്റെ കാലിനു വെള്ളം തന്നില്ല; ഇവളോ കണ്ണുനീർകൊണ്ട് എന്റെ കാൽ നനച്ചു തലമുടികൊണ്ടു തുടച്ചു. നീ എനിക്കു ചുംബനം തന്നില്ല; ഇവളോ ഞാൻ അകത്തു വന്നതുമുതൽ ഇടവിടാതെ എന്റെ കാൽ ചുംബിച്ചു. നീ എന്റെ തലയിൽ തൈലം പൂശിയില്ല; ഇവളോ പരിമളതൈലംകൊണ്ട് എന്റെ കാൽ പൂശി. ആകയാൽ ഇവളുടെ അനേകമായ പാപങ്ങൾ മോചിച്ചിരിക്കുന്നു എന്നു ഞാൻ നിന്നോടു പറയുന്നു; അവൾ വളരെ സ്നേഹിച്ചുവല്ലോ; അല്പം മോചിച്ചുകിട്ടിയവൻ അല്പം സ്നേഹിക്കുന്നു. പിന്നെ അവൻ അവളോട്: നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു. അവനോടുകൂടെ പന്തിയിൽ ഇരുന്നവർ: പാപമോചനവും കൊടുക്കുന്ന ഇവൻ ആർ എന്നു തമ്മിൽ പറഞ്ഞുതുടങ്ങി.