ഇതൊക്കെയും യോഹന്നാന്റെ ശിഷ്യന്മാർ അവനോട് അറിയിച്ചു. എന്നാറെ യോഹന്നാൻ തന്റെ ശിഷ്യന്മാരിൽ രണ്ടുപേരെ വിളിച്ച്, കർത്താവിന്റെ അടുക്കൽ അയച്ചു: വരുവാനുള്ളവൻ നീയോ? അല്ല, ഞങ്ങൾ മറ്റൊരുത്തനെ കാത്തിരിക്കേണമോ എന്നു പറയിച്ചു. ആ പുരുഷന്മാർ അവന്റെ അടുക്കൽ വന്ന്: വരുവാനുള്ളവൻ നീയോ? അല്ല, ഞങ്ങൾ മറ്റൊരുത്തനെ കാത്തിരിക്കേണമോ എന്നു ചോദിപ്പാൻ യോഹന്നാൻസ്നാപകൻ ഞങ്ങളെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു പറഞ്ഞു. ആ നാഴികയിൽ അവൻ വ്യാധികളും ദണ്ഡങ്ങളും ദുരാത്മാക്കളും പിടിച്ച പലരെയും സൗഖ്യമാക്കുകയും പല കുരുടന്മാർക്കും കാഴ്ച നല്കുകയും ചെയ്തിട്ട് അവരോട്: കുരുടർ കാണുന്നു; മുടന്തർ നടക്കുന്നു; കുഷ്ഠരോഗികൾ ശുദ്ധരായിത്തീരുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ഉയിർത്തെഴുന്നേല്ക്കുന്നു; ദരിദ്രന്മാരോടു സുവിശേഷം അറിയിക്കുന്നു എന്നിങ്ങനെ നിങ്ങൾ കാണുകയും കേൾക്കയും ചെയ്യുന്നത് യോഹന്നാനെ ചെന്ന് അറിയിപ്പിൻ. എന്നാൽ എങ്കൽ ഇടറിപ്പോകാത്തവൻ ഭാഗ്യവാൻ എന്ന് ഉത്തരം പറഞ്ഞു. യോഹന്നാന്റെ ദൂതന്മാർ പോയശേഷം അവൻ പുരുഷാരത്തോട് യോഹന്നാനെക്കുറിച്ചു പറഞ്ഞുതുടങ്ങിയത്: നിങ്ങൾ എന്തു കാൺമാൻ മരുഭൂമിയിലേക്ക് പോയി? കാറ്റിനാൽ ഉലയുന്ന ഓടയോ? അല്ല, എന്ത് കാൺമാൻ പോയി? മാർദവവസ്ത്രം ധരിച്ച മനുഷ്യനെയോ? മോടിയുള്ള വസ്ത്രം ധരിച്ചു സുഖഭോഗികളായി നടക്കുന്നവർ രാജധാനികളിൽ അത്രേ. അല്ല, എന്തു കാൺമാൻ പോയി? ഒരു പ്രവാചകനെയോ? അതേ, പ്രവാചകനിലും മികച്ചവനെത്തന്നെ എന്നു ഞാൻ നിങ്ങളോടു പറയുന്നു: “ഞാൻ എന്റെ ദൂതനെ നിനക്കു മുമ്പായി അയയ്ക്കുന്നു; അവൻ നിന്റെ മുമ്പിൽ നിനക്കു വഴി ഒരുക്കും” എന്ന് എഴുതിയിരിക്കുന്നത് അവനെക്കുറിച്ചാകുന്നു. സ്ത്രീകളിൽനിന്നു ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ ആരുമില്ല; ദൈവരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു.- എന്നാൽ ജനമൊക്കെയും ചുങ്കക്കാരും കേട്ടിട്ടു യോഹന്നാന്റെ സ്നാനം ഏറ്റതിനാൽ ദൈവത്തെ നീതീകരിച്ചു. എങ്കിലും പരീശന്മാരും ന്യായശാസ്ത്രിമാരും അവനാൽ സ്നാനം ഏല്ക്കാതെ ദൈവത്തിന്റെ ആലോചന തങ്ങൾക്കു വൃഥാവാക്കിക്കളഞ്ഞു.- ഈ തലമുറയിലെ മനുഷ്യരെ ഏതിനോട് ഉപമിക്കേണ്ടൂ? അവർ ഏതിനോടു തുല്യം? ഞങ്ങൾ നിങ്ങൾക്കായി കുഴലൂതി, നിങ്ങൾ നൃത്തം ചെയ്തില്ല; ഞങ്ങൾ നിങ്ങൾക്കായി വിലാപം പാടി, നിങ്ങൾ കരഞ്ഞില്ല എന്നു ചന്തസ്ഥലത്ത് ഇരുന്ന് അന്യോന്യം വിളിച്ചുപറയുന്ന കുട്ടികളോട് അവർ തുല്യർ. യോഹന്നാൻസ്നാപകൻ അപ്പം തിന്നാതെയും വീഞ്ഞു കുടിക്കാതെയും വന്നിരിക്കുന്നു; അവന് ഭൂതം ഉണ്ട് എന്ന് നിങ്ങൾ പറയുന്നു. മനുഷ്യപുത്രൻ തിന്നും കുടിച്ചുംകൊണ്ട് വന്നിരിക്കുന്നു; തിന്നിയും കുടിയനും ആയ മനുഷ്യൻ ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതൻ എന്നു നിങ്ങൾ പറയുന്നു. ജ്ഞാനമോ തന്റെ എല്ലാ മക്കളാലും നീതീകരിക്കപ്പെട്ടിരിക്കുന്നു.
ലൂക്കൊസ് 7 വായിക്കുക
കേൾക്കുക ലൂക്കൊസ് 7
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ലൂക്കൊസ് 7:18-35
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ