ലൂക്കൊസ് 6:12-36

ലൂക്കൊസ് 6:12-36 MALOVBSI

ആ കാലത്ത് അവൻ പ്രാർഥിക്കേണ്ടതിന് ഒരു മലയിൽ ചെന്നു ദൈവത്തോടുള്ള പ്രാർഥനയിൽ രാത്രി കഴിച്ചു. നേരം വെളുത്തപ്പോൾ അവൻ ശിഷ്യന്മാരെ അടുക്കെ വിളിച്ചു, അവരിൽ പന്ത്രണ്ടു പേരെ തിരഞ്ഞെടുത്തു, അവർക്ക് അപ്പൊസ്തലന്മാർ എന്നും പേർ വിളിച്ചു. അവർ ആരെന്നാൽ: പത്രൊസ് എന്ന് അവൻ പേർ വിളിച്ച ശിമോൻ, അവന്റെ സഹോദരനായ അന്ത്രെയാസ്, യാക്കോബ്, യോഹന്നാൻ, ഫീലിപ്പൊസ്, ബർത്തൊലോമായി, മത്തായി, തോമാസ്, അല്ഫായിയുടെ മകനായ യാക്കോബ്, എരിവുകാരനായ ശിമോൻ, യാക്കോബിന്റെ സഹോദരനായ യൂദാ, ദ്രോഹിയായിത്തീർന്ന ഈസ്കര്യോത്ത് യൂദാ എന്നിവർതന്നെ. അവൻ അവരോടുകൂടെ ഇറങ്ങി സമഭൂമിയിൽ നിന്നു; അവന്റെ ശിഷ്യന്മാരുടെ കൂട്ടവും യെഹൂദ്യയിൽ എല്ലാടത്തുനിന്നും യെരൂശലേമിൽനിന്നും സോർ, സീദോൻ എന്ന സമുദ്രതീരങ്ങളിൽനിന്നും അവന്റെ വചനം കേൾപ്പാനും രോഗശാന്തി കിട്ടുവാനും വന്ന ബഹുപുരുഷാരവും ഉണ്ടായിരുന്നു. അശുദ്ധാത്മാക്കൾ ബാധിച്ചവരും സൗഖ്യം പ്രാപിച്ചു. ശക്തി അവനിൽനിന്നു പുറപ്പെട്ട് എല്ലാവരെയും സൗഖ്യമാക്കുകകൊണ്ടു പുരുഷാരമൊക്കെയും അവനെ തൊടുവാൻ ശ്രമിച്ചു. അനന്തരം അവൻ ശിഷ്യന്മാരെ നോക്കി പറഞ്ഞത്: ദരിദ്രന്മാരായ നിങ്ങൾ ഭാഗ്യവാന്മാർ; ദൈവരാജ്യം നിങ്ങൾക്കുള്ളത്. ഇപ്പോൾ വിശക്കുന്നവരായ നിങ്ങൾ ഭാഗ്യവാന്മാർ; നിങ്ങൾക്കു തൃപ്തിവരും; ഇപ്പോൾ കരയുന്നവരായ നിങ്ങൾ ഭാഗ്യവാന്മാർ; നിങ്ങൾ ചിരിക്കും. മനുഷ്യപുത്രൻ നിമിത്തം മനുഷ്യർ നിങ്ങളെ ദ്വേഷിച്ചു ഭ്രഷ്ടരാക്കി നിന്ദിച്ചു നിങ്ങളുടെ പേർ വിടക്ക് എന്നു തള്ളുമ്പോൾ, നിങ്ങൾ ഭാഗ്യവാന്മാർ. ആ നാളിൽ സന്തോഷിച്ചുതുള്ളുവിൻ; നിങ്ങളുടെ പ്രതിഫലം സ്വർഗത്തിൽ വലിയത്; അവരുടെ പിതാക്കന്മാർ പ്രവാചകന്മാരോട് അങ്ങനെതന്നെ ചെയ്തുവല്ലോ. എന്നാൽ സമ്പന്നന്മാരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങളുടെ ആശ്വാസം നിങ്ങൾക്കു ലഭിച്ചുപോയല്ലോ. ഇപ്പോൾ തൃപ്തന്മാരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾക്കു വിശക്കും. ഇപ്പോൾ ചിരിക്കുന്നവരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾ ദുഃഖിച്ചു കരയും. സകല മനുഷ്യരും നിങ്ങളെ പുകഴ്ത്തിപ്പറയുമ്പോൾ നിങ്ങൾക്ക് അയ്യോ കഷ്ടം; അവരുടെ പിതാക്കന്മാർ കളളപ്രവാചകന്മാരെ അങ്ങനെ ചെയ്തുവല്ലോ. എന്നാൽ കേൾക്കുന്നവരായ നിങ്ങളോടു ഞാൻ പറയുന്നത്: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ പകയ്ക്കുന്നവർക്കു ഗുണം ചെയ്‍വിൻ. നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിപ്പിൻ; നിങ്ങളെ ദുഷിക്കുന്നവർക്കുവേണ്ടി പ്രാർഥിപ്പിൻ. നിന്നെ ഒരു ചെകിട്ടത്ത് അടിക്കുന്നവന് മറ്റേതും കാണിച്ചുകൊടുക്ക; നിന്റെ പുതപ്പ് എടുത്തുകളയുന്നവന് വസ്ത്രവും തടുക്കരുത്. നിന്നോടു ചോദിക്കുന്ന ഏവനും കൊടുക്ക; നിനക്കുള്ളത് എടുത്തുകളയുന്നവനോട് മടക്കി ചോദിക്കരുത്. മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതുപോലെതന്നെ അവർക്കും ചെയ്‍വിൻ. നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാൽ നിങ്ങൾക്ക് എന്ത് ഉപചാരം കിട്ടും? പാപികളും തങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നുവല്ലോ. നിങ്ങൾക്കു നന്മ ചെയ്യുന്നവർക്കു നന്മ ചെയ്താൽ നിങ്ങൾക്ക് എന്ത് ഉപചാരം കിട്ടും? പാപികളും അങ്ങനെതന്നെ ചെയ്യുന്നുവല്ലോ. മടക്കി വാങ്ങിക്കൊള്ളാം എന്നു നിങ്ങൾ ആശിക്കുന്നവർക്കു കടംകൊടുത്താൽ നിങ്ങൾക്ക് എന്ത് കിട്ടും? പാപികളും കുറയാതെ മടക്കിവാങ്ങേണ്ടതിനു പാപികൾക്കു കടം കൊടുക്കുന്നുവല്ലോ. നിങ്ങളോ ശത്രുക്കളെ സ്നേഹിപ്പിൻ; അവർക്കു നന്മ ചെയ്‍വിൻ; ഒന്നും പകരം ഇച്ഛിക്കാതെ കടം കൊടുപ്പിൻ; എന്നാൽ നിങ്ങളുടെ പ്രതിഫലം വളരെ ആകും; നിങ്ങൾ അത്യുന്നതന്റെ മക്കൾ ആകും; അവൻ നന്ദികെട്ടവരോടും ദുഷ്ടന്മാരോടും ദയാലുവല്ലോ. അങ്ങനെ നിങ്ങളുടെ പിതാവ് മനസ്സലിവുള്ളവൻ ആകുന്നതുപോലെ നിങ്ങളും മനസ്സലിവുള്ളവർ ആകുവിൻ.