ലൂക്കൊസ് 4:16-30

ലൂക്കൊസ് 4:16-30 MALOVBSI

അവൻ വളർന്ന നസറെത്തിൽ വന്നു: ശബ്ബത്തിൽ തന്റെ പതിവുപോലെ പള്ളിയിൽ ചെന്നു വായിപ്പാൻ എഴുന്നേറ്റുനിന്നു. യെശയ്യാപ്രവാചകന്റെ പുസ്തകം അവനു കൊടുത്തു; അവൻ പുസ്തകം വിടർത്തി: “ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാൻ കർത്താവ് എന്നെ അഭിഷേകം ചെയ്കയാൽ അവന്റെ ആത്മാവ് എന്റെമേൽ ഉണ്ട്; ബദ്ധന്മാർക്ക് വിടുതലും കുരുടന്മാർക്ക് കാഴ്ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും കർത്താവിന്റെ പ്രസാദവർഷം പ്രസംഗിപ്പാനും എന്നെ അയച്ചിരിക്കുന്നു” എന്ന് എഴുതിയിരിക്കുന്ന സ്ഥലം കണ്ടു. പിന്നെ അവൻ പുസ്തകം മടക്കി ശുശ്രൂഷക്കാരനു തിരികെ കൊടുത്തിട്ട് ഇരുന്നു; പള്ളിയിലുള്ള എല്ലാവരുടെയും കണ്ണ് അവങ്കൽ പതിഞ്ഞിരുന്നു. അവൻ അവരോട് : ഇന്നു നിങ്ങൾ എന്റെ വചനം കേൾക്കയിൽ ഈ തിരുവെഴുത്തിനു നിവൃത്തിവന്നിരിക്കുന്നു എന്നു പറഞ്ഞുതുടങ്ങി. എല്ലാവരും അവനെ പുകഴ്ത്തി, അവന്റെ വായിൽനിന്നു പുറപ്പെട്ട ലാവണ്യവാക്കുകൾ നിമിത്തം ആശ്ചര്യപ്പെട്ടു; ഇവൻ യോസേഫിന്റെ മകൻ അല്ലയോ എന്നു പറഞ്ഞു. അവൻ അവരോട്: വൈദ്യാ, നിന്നെത്തന്നെ സൗഖ്യമാക്കുക എന്നുള്ള പഴഞ്ചൊല്ലും കഫർന്നഹൂമിൽ ഉണ്ടായി കേട്ടത് എല്ലാം ഈ നിന്റെ പിതൃനഗരത്തിലും ചെയ്ക എന്നും നിങ്ങൾ എന്നോടു പറയും നിശ്ചയം. ഒരു പ്രവാചകനും തന്റെ പിതൃനഗരത്തിൽ സമ്മതനല്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. ഏലീയാവിന്റെ കാലത്ത് ആകാശം മൂവാണ്ടും ആറു മാസവും അടഞ്ഞിട്ടു ദേശത്ത് എങ്ങും മഹാക്ഷാമം ഉണ്ടായപ്പോൾ യിസ്രായേലിൽ പല വിധവമാർ ഉണ്ടായിരുന്നു എന്നു ഞാൻ യഥാർഥമായി നിങ്ങളോടു പറയുന്നു. എന്നാൽ സീദോനിലെ സരെപ്തയിൽ ഒരു വിധവയുടെ അടുക്കലേക്കല്ലാതെ അവരിൽ ആരുടെയും അടുക്കലേക്ക് ഏലീയാവിനെ അയച്ചില്ല. അവ്വണ്ണം എലീശാപ്രവാചകന്റെ കാലത്ത് യിസ്രായേലിൽ പല കുഷ്ഠരോഗികൾ ഉണ്ടായിരുന്നു. സുറിയാക്കാരനായ നയമാൻ അല്ലാതെ അവരാരും ശുദ്ധമായില്ല എന്നും അവൻ പറഞ്ഞു. പള്ളിയിലുള്ളവർ ഇതു കേട്ടിട്ട് എല്ലാവരും കോപം നിറഞ്ഞവരായി എഴുന്നേറ്റു. അവനെ പട്ടണത്തിനു പുറത്താക്കി അവരുടെ പട്ടണം പണിതിരുന്ന മലയുടെ വക്കോളം കൊണ്ടുപോയി തലകീഴായി തള്ളിയിടുവാൻ ഭാവിച്ചു. അവനോ അവരുടെ നടുവിൽക്കൂടി കടന്നുപോയി.

ലൂക്കൊസ് 4:16-30 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും