ലൂക്കൊസ് 23:39-56

ലൂക്കൊസ് 23:39-56 MALOVBSI

തൂക്കിയ ദുഷ്പ്രവൃത്തിക്കാരിൽ ഒരുത്തൻ: നീ ക്രിസ്തു അല്ലയോ? നിന്നെത്തന്നെയും ഞങ്ങളെയും രക്ഷിക്ക എന്നു പറഞ്ഞ് അവനെ ദുഷിച്ചു. മറ്റവനോ അവനെ ശാസിച്ചു: സമശിക്ഷാവിധിയിൽ തന്നെ ആയിട്ടും നീ ദൈവത്തെ ഭയപ്പെടുന്നില്ലയോ? നാമോ ന്യായമായിട്ടു ശിക്ഷ അനുഭവിക്കുന്നു; നാം പ്രവർത്തിച്ചതിനു യോഗ്യമായതല്ലോ കിട്ടുന്നത്; ഇവനോ അരുതാത്തത് ഒന്നും ചെയ്തിട്ടില്ല എന്നു പറഞ്ഞു. പിന്നെ അവൻ: യേശുവേ, നീ രാജത്വം പ്രാപിച്ചുവരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ എന്നു പറഞ്ഞു. യേശു അവനോട്: ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു എന്നു പറഞ്ഞു. ഏകദേശം ആറാം മണി നേരമായപ്പോൾ സൂര്യൻ ഇരുണ്ടുപോയിട്ട് ഒമ്പതാം മണിവരെ ദേശത്തൊക്കെയും അന്ധകാരം ഉണ്ടായി. ദൈവമന്ദിരത്തിലെ തിരശ്ശീല നടുവേ ചീന്തിപ്പോയി. യേശു അത്യുച്ചത്തിൽ പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കൈയിൽ ഏല്പിക്കുന്നു എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു. ഈ സംഭവിച്ചതു ശതാധിപൻ കണ്ടിട്ട്: ഈ മനുഷ്യൻ വാസ്തവമായി നീതിമാൻ ആയിരുന്നു എന്നു പറഞ്ഞു ദൈവത്തെ മഹത്ത്വപ്പെടുത്തി. കാൺമാൻ കൂടിവന്ന പുരുഷാരമൊക്കെയും സംഭവിച്ചതു കണ്ടിട്ട് മാറത്തടിച്ചുകൊണ്ടു മടങ്ങിപ്പോയി. അവന്റെ പരിചയക്കാർ എല്ലാവരും ഗലീലയിൽനിന്ന് അവനെ അനുഗമിച്ച സ്ത്രീകളും ഇതു നോക്കിക്കൊണ്ടു ദൂരത്തു നിന്നു. അരിമഥ്യ എന്നൊരു യെഹൂദ്യപട്ടണക്കാരനായി നല്ലവനും നീതിമാനും ദൈവരാജ്യത്തെ കാത്തിരുന്നവനുമായ യോസേഫ് എന്നൊരു മന്ത്രി- അവൻ അവരുടെ ആലോചനയ്ക്കും പ്രവൃത്തിക്കും അനുകൂലമല്ലായിരുന്നു- പീലാത്തൊസിന്റെ അടുക്കൽ ചെന്നു യേശുവിന്റെ ശരീരം ചോദിച്ചു, അത് ഇറക്കി ഒരു ശീലയിൽ പൊതിഞ്ഞു പാറയിൽ വെട്ടിയിരുന്നതും ആരെയും ഒരിക്കലും വച്ചിട്ടില്ലാത്തതുമായ കല്ലറയിൽ വച്ചു. അന്ന് ഒരുക്കനാൾ ആയിരുന്നു, ശബ്ബത്തും ആരംഭിച്ചു. ഗലീലയിൽനിന്ന് അവനോടുകൂടെ പോന്ന സ്ത്രീകളും പിന്നാലെ ചെന്നു കല്ലറയും അവന്റെ ശരീരം വച്ച വിധവും കണ്ടിട്ടു മടങ്ങിപ്പോയി. സുഗന്ധവർഗവും പരിമളതൈലവും ഒരുക്കി; കല്പന അനുസരിച്ചു ശബ്ബത്തിൽ സ്വസ്ഥമായിരുന്നു.