ലൂക്കൊസ് 23:1-25

ലൂക്കൊസ് 23:1-25 MALOVBSI

അനന്തരം അവർ എല്ലാവരും കൂട്ടമേ എഴുന്നേറ്റ് അവനെ പീലാത്തൊസിന്റെ അടുക്കൽ കൊണ്ടുപോയി: ഇവൻ ഞങ്ങളുടെ ജാതിയെ മറിച്ചുകളകയും താൻ ക്രിസ്തു എന്ന രാജാവാകുന്നു എന്നു പറഞ്ഞുകൊണ്ട് കൈസർക്കു കരം കൊടുക്കുന്നതു വിരോധിക്കയും ചെയ്യുന്നതായി ഞങ്ങൾ കണ്ടു എന്നു കുറ്റം ചുമത്തിത്തുടങ്ങി. പീലാത്തൊസ് അവനോട്: നീ യെഹൂദന്മാരുടെ രാജാവോ എന്നു ചോദിച്ചതിന്: ഞാൻ ആകുന്നു എന്ന് അവനോട് ഉത്തരം പറഞ്ഞു. പീലാത്തൊസ് മഹാപുരോഹിതന്മാരോടും പുരുഷാരത്തോടും: ഞാൻ ഈ മനുഷ്യനിൽ കുറ്റം ഒന്നും കാണുന്നില്ല എന്നു പറഞ്ഞു. അതിന് അവർ: അവൻ ഗലീലയിൽതുടങ്ങി യെഹൂദ്യയിൽ എങ്ങും ഇവിടത്തോളവും പഠിപ്പിച്ചു ജനത്തെ കലഹിപ്പിക്കുന്നു എന്നു നിഷ്കർഷിച്ചുപറഞ്ഞു. ഇതു കേട്ടിട്ട് ഈ മനുഷ്യൻ ഗലീലക്കാരനോ എന്നു പീലാത്തൊസ് ചോദിച്ചു; ഹെരോദാവിന്റെ അധികാരത്തിൽ ഉൾപ്പെട്ടവൻ എന്നറിഞ്ഞിട്ട്, അന്നു യെരൂശലേമിൽ വന്നുപാർക്കുന്ന ഹെരോദാവിന്റെ അടുക്കൽ അവനെ അയച്ചു. ഹെരോദാവ് യേശുവിനെ കണ്ടിട്ട് അത്യന്തം സന്തോഷിച്ചു; അവനെക്കുറിച്ചു കേട്ടിരുന്നതുകൊണ്ട് അവനെ കാൺമാൻ വളരെക്കാലമായി ഇച്ഛിച്ചു, അവൻ വല്ല അടയാളവും ചെയ്യുന്നതു കാണാം എന്ന് ആശിച്ചിരുന്നു. ഏറിയോന്നു ചോദിച്ചിട്ടും അവൻ അവനോട് ഉത്തരം ഒന്നും പറഞ്ഞില്ല. മഹാപുരോഹിതന്മാരും ശാസ്ത്രിമാരും കഠിനമായി അവനെ കുറ്റം ചുമത്തിക്കൊണ്ടു നിന്നു. ഹെരോദാവ് തന്റെ പടയാളികളുമായി അവനെ പരിഹസിച്ചു നിസ്സാരനാക്കി ശുഭ്രവസ്ത്രം ധരിപ്പിച്ചു പീലാത്തൊസിന്റെ അടുക്കൽ മടക്കി അയച്ചു. അന്നു ഹെരോദാവും പീലാത്തൊസും തമ്മിൽ സ്നേഹിതന്മാരായിത്തീർന്നു; മുമ്പേ അവർ തമ്മിൽ വൈരമായിരുന്നു. പീലാത്തൊസ് മഹാപുരോഹിതന്മാരെയും പ്രമാണികളെയും ജനത്തെയും വിളിച്ചുകൂട്ടി. അവരോട്: ഈ മനുഷ്യൻ ജനത്തെ മത്സരിപ്പിക്കുന്നു എന്നു പറഞ്ഞു നിങ്ങൾ അവനെ എന്റെ അടുക്കൽ കൊണ്ടുവന്നുവല്ലോ; ഞാനോ നിങ്ങളുടെ മുമ്പാകെ വിസ്തരിച്ചിട്ടും നിങ്ങൾ ചുമത്തിയ കുറ്റം ഒന്നും ഇവനിൽ കണ്ടില്ല; ഹെരോദാവും കണ്ടില്ല; അവൻ അവനെ നമ്മുടെ അടുക്കൽ മടക്കി അയച്ചുവല്ലോ; ഇവൻ മരണയോഗ്യമായത് ഒന്നും പ്രവർത്തിച്ചിട്ടില്ല സ്പഷ്ടം; അതുകൊണ്ടു ഞാൻ അവനെ അടിപ്പിച്ചു വിട്ടയയ്ക്കും എന്നു പറഞ്ഞു. ഇവനെ നീക്കിക്കളക; ബറബ്ബാസിനെ വിട്ടുതരിക എന്ന് എല്ലാവരുംകൂടെ നിലവിളിച്ചു; [ഉത്സവന്തോറും ഒരുത്തനെ വിട്ടുകൊടുക്ക പതിവായിരുന്നു]. അവനോ നഗരത്തിൽ ഉണ്ടായ ഒരു കലഹവും കൊലയും ഹേതുവായി തടവിലായവൻ ആയിരുന്നു. പീലാത്തൊസ് യേശുവിനെ വിടുവിപ്പാൻ ഇച്ഛിച്ചിട്ടു പിന്നെയും അവരോടു വിളിച്ചുപറഞ്ഞു. അവരോ: അവനെ ക്രൂശിക്ക, ക്രൂശിക്ക എന്ന് എതിരേ നിലവിളിച്ചു. അവൻ മൂന്നാമതും അവരോട്: അവൻ ചെയ്ത ദോഷം എന്ത്? മരണയോഗ്യമായത് ഒന്നും അവനിൽ കണ്ടില്ല; അതുകൊണ്ട് ഞാൻ അവനെ അടിപ്പിച്ചു വിട്ടയയ്ക്കും എന്നു പറഞ്ഞു. അവരോ അവനെ ക്രൂശിക്കേണ്ടതിന് ഉറക്കെ മുട്ടിച്ചു ചോദിച്ചു; അവരുടെ നിലവിളി ഫലിച്ചു; അവരുടെ അപേക്ഷപോലെ ആകട്ടെ എന്നു പീലാത്തൊസ് വിധിച്ചു. കലഹവും കൊലയും ഹേതുവായി തടവിലായവനെ അവരുടെ അപേക്ഷപോലെ വിട്ടുകൊടുക്കയും യേശുവിനെ അവരുടെ ഇഷ്ടത്തിന് ഏല്പിക്കയും ചെയ്തു.