പിന്നെ അവൻ പതിവുപോലെ ഒലിവുമലയ്ക്കു പുറപ്പെട്ടുപോയി; ശിഷ്യന്മാരും അവനെ അനുഗമിച്ചു. ആ സ്ഥലത്ത് എത്തിയപ്പോൾ അവൻ അവരോട്: നിങ്ങൾ പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ പ്രാർഥിപ്പിൻ എന്നു പറഞ്ഞു. താൻ അവരെ വിട്ട് ഒരു കല്ലേറുദൂരത്തോളം വാങ്ങിപ്പോയി മുട്ടുകുത്തി: പിതാവേ, നിനക്കു മനസ്സുണ്ടെങ്കിൽ ഈ പാനപാത്രം എങ്കൽനിന്നു നീക്കേണമേ; എങ്കിലും എന്റെ ഇഷ്ടം അല്ല നിന്റെ ഇഷ്ടംതന്നെ ആകട്ടെ എന്നു പ്രാർഥിച്ചു. അവനെ ശക്തിപ്പെടുത്തുവാൻ സ്വർഗത്തിൽനിന്ന് ഒരു ദൂതൻ അവന് പ്രത്യക്ഷനായി . പിന്നെ അവൻ പ്രാണവേദനയിലായി അതിശ്രദ്ധയോടെ പ്രാർഥിച്ചു; അവന്റെ വിയർപ്പ് നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി. അവൻ പ്രാർഥന കഴിഞ്ഞ് എഴുന്നേറ്റു ശിഷ്യന്മാരുടെ അടുക്കൽ ചെന്നു, അവർ വിഷാദത്താൽ ഉറങ്ങുന്നതു കണ്ട് അവരോട്: നിങ്ങൾ ഉറങ്ങുന്നത് എന്ത്? പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ എഴുന്നേറ്റു പ്രാർഥിപ്പിൻ എന്നു പറഞ്ഞു. അവൻ സംസാരിക്കുമ്പോൾതന്നെ ഇതാ, ഒരു പുരുഷാരം; പന്തിരുവരിൽ ഒരുവനായ യൂദാ അവർക്കു മുൻനടന്നു യേശുവിനെ ചുംബിപ്പാൻ അടുത്തു വന്നു. യേശു അവനോട്: യൂദായേ, മനുഷ്യപുത്രനെ ചുംബനംകൊണ്ടോ കാണിച്ചുകൊടുക്കുന്നത് എന്നു പറഞ്ഞു. സംഭവിപ്പാൻ പോകുന്നത് അവന്റെ കൂടെയുള്ളവർ കണ്ടു: കർത്താവേ, ഞങ്ങൾ വാൾകൊണ്ടു വെട്ടേണമോ എന്നു ചോദിച്ചു. അവരിൽ ഒരുത്തൻ മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ വലത്തെ കാത് അറുത്തു. അപ്പോൾ യേശു: ഇത്രയ്ക്കു വിടുവിൻ എന്നു പറഞ്ഞ് അവന്റെ കാതു തൊട്ടു സൗഖ്യമാക്കി. യേശു തന്റെ നേരേ വന്ന മഹാപുരോഹിതന്മാരോടും ദൈവാലയത്തിലെ പടനായകന്മാരോടും മൂപ്പന്മാരോടും: ഒരു കള്ളന്റെ നേരേ എന്നപോലെ നിങ്ങൾ വാളും വടിയുമായി പുറപ്പെട്ടുവന്നുവോ? ഞാൻ ദിവസേന ദൈവാലയത്തിൽ നിങ്ങളോടുകൂടെ ഇരുന്നിട്ടും എന്റെ നേരേ കൈ ഓങ്ങിയില്ല; എന്നാൽ ഇതു നിങ്ങളുടെ നാഴികയും ഇരുളിന്റെ അധികാരവും ആകുന്നു എന്നു പറഞ്ഞു.
ലൂക്കൊസ് 22 വായിക്കുക
കേൾക്കുക ലൂക്കൊസ് 22
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ലൂക്കൊസ് 22:39-53
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ