ലൂക്കൊസ് 22:1-30

ലൂക്കൊസ് 22:1-30 MALOVBSI

പെസഹ എന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ അടുത്തു. അപ്പോൾ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ജനത്തെ ഭയപ്പെടുകയാൽ അവനെ ഒടുക്കുവാൻ ഉപായം അന്വേഷിച്ചു. എന്നാൽ പന്തിരുവരുടെ കൂട്ടത്തിൽ ഉള്ള ഈസ്കര്യോത്താ യൂദായിൽ സാത്താൻ കടന്നു: അവൻ ചെന്നു മഹാപുരോഹിതന്മാരോടും പടനായകന്മാരോടും അവനെ അവർക്കു കാണിച്ചുകൊടുക്കുന്ന വഴിയെക്കുറിച്ചു സംസാരിച്ചു. അവർ സന്തോഷിച്ച് അവനു ദ്രവ്യം കൊടുക്കാം എന്നു പറഞ്ഞൊത്തു. അവൻ വാക്കു കൊടുത്തു; പുരുഷാരം ഇല്ലാത്ത സമയത്ത് അവനെ കാണിച്ചുകൊടുപ്പാൻ തക്കം അന്വേഷിച്ചുപോന്നു. പെസഹാകുഞ്ഞാടിനെ അറുക്കേണ്ടുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ആയപ്പോൾ അവൻ പത്രൊസിനെയും യോഹന്നാനെയും അയച്ചു: നിങ്ങൾ പോയി നമുക്കു പെസഹ കഴിപ്പാൻ ഒരുക്കുവിൻ എന്നു പറഞ്ഞു. ഞങ്ങൾ എവിടെ ഒരുക്കേണം എന്ന് അവർ ചോദിച്ചതിന്: നിങ്ങൾ പട്ടണത്തിൽ എത്തുമ്പോൾ ഒരു കുടം വെള്ളം ചുമന്നുകൊണ്ട് ഒരു മനുഷ്യൻ നിങ്ങൾക്ക് എതിർപെടും; അവൻ കടക്കുന്ന വീട്ടിലേക്കു പിൻചെന്നു വീട്ടുടയവനോട്: ഞാൻ എന്റെ ശിഷ്യന്മാരുമായി പെസഹ കഴിപ്പാനുള്ള ശാല എവിടെ എന്നു ഗുരു നിന്നോടു ചോദിക്കുന്നു എന്നു പറവിൻ. അവൻ വിരിച്ചൊരുക്കിയോരു വന്മാളിക കാണിച്ചുതരും; അവിടെ ഒരുക്കുവിൻ എന്ന് അവരോടു പറഞ്ഞു. അവർ പോയി തങ്ങളോടു പറഞ്ഞതുപോലെ കണ്ട് പെസഹ ഒരുക്കി. സമയം ആയപ്പോൾ അവൻ അപ്പൊസ്തലന്മാരുമായി ഭക്ഷണത്തിന് ഇരുന്നു. അവൻ അവരോട്: ഞാൻ കഷ്ടം അനുഭവിക്കുംമുമ്പേ ഈ പെസഹ നിങ്ങളോടുകൂടെ കഴിപ്പാൻ വാഞ്ഛയോടെ ആഗ്രഹിച്ചു. അതു ദൈവരാജ്യത്തിൽ നിവൃത്തിയാകുവോളം ഞാൻ ഇനി അതു കഴിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. പിന്നെ പാനപാത്രം എടുത്തു വാഴ്ത്തി: ഇതു വാങ്ങി പങ്കിട്ടുകൊൾവിൻ. ദൈവരാജ്യം വരുവോളം ഞാൻ മുന്തിരിവള്ളിയുടെ അനുഭവം ഇന്നുമുതൽ കുടിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. പിന്നെ അപ്പം എടുത്തു വാഴ്ത്തിനുറുക്കി അവർക്കു കൊടുത്തു: ഇതു നിങ്ങൾക്കുവേണ്ടി നല്കുന്ന എന്റെ ശരീരം; എന്റെ ഓർമയ്ക്കായി ഇതു ചെയ്‍വിൻ എന്നു പറഞ്ഞു. അവ്വണ്ണംതന്നെ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും കൊടുത്തു: ഈ പാനപാത്രം നിങ്ങൾക്കുവേണ്ടി ചൊരിയുന്ന എന്റെ രക്തത്തിലെ പുതിയനിയമം ആകുന്നു. എന്നാൽ എന്നെ കാണിച്ചുകൊടുക്കുന്നവന്റെ കൈ എന്റെ അരികെ മേശപ്പുറത്ത് ഉണ്ട്. നിർണയിച്ചിരിക്കുന്നതുപോലെ മനുഷ്യപുത്രൻ പോകുന്നു സത്യം; എങ്കിലും അവനെ കാണിച്ചുകൊടുക്കുന്ന മനുഷ്യന് അയ്യോ കഷ്ടം എന്നു പറഞ്ഞു. ഇതു ചെയ്‍വാൻ പോകുന്നവൻ തങ്ങളുടെ കൂട്ടത്തിൽ ആർ ആയിരിക്കും എന്ന് അവർ തമ്മിൽ തമ്മിൽ ചോദിച്ചുതുടങ്ങി. തങ്ങളുടെ കൂട്ടത്തിൽ ആരെ ആകുന്നു വലിയവനായി എണ്ണേണ്ടത് എന്നതിനെച്ചൊല്ലി ഒരു തർക്കവും അവരുടെ ഇടയിൽ ഉണ്ടായി. അവനോ അവരോട് പറഞ്ഞത്: ജാതികളുടെ രാജാക്കന്മാർ അവരിൽ കർത്തൃത്വം നടത്തുന്നു; അവരുടെമേൽ അധികാരം നടത്തുന്നവരെ ഉപകാരികൾ എന്നു പറയുന്നു. നിങ്ങളോ അങ്ങനെയല്ല; നിങ്ങളിൽ വലിയവൻ ഇളയവനെപ്പോലെയും നായകൻ ശുശ്രൂഷിക്കുന്നവനെപ്പോലെയും ആകട്ടെ. ആരാകുന്നു വലിയവൻ? ഭക്ഷണത്തിനിരിക്കുന്നവനോ ശുശ്രൂഷിക്കുന്നവനോ? ഭക്ഷണത്തിനിരിക്കുന്നവനല്ലയോ? ഞാനോ നിങ്ങളുടെ ഇടയിൽ ശുശ്രൂഷിക്കുന്നവനെപ്പോലെ ആകുന്നു. നിങ്ങൾ ആകുന്നു എന്റെ പരീക്ഷകളിൽ എന്നോടുകൂടെ നിലനിന്നവർ. എന്റെ പിതാവ് എനിക്കു രാജ്യം നിയമിച്ചുതന്നതുപോലെ ഞാൻ നിങ്ങൾക്കും നിയമിച്ചുതരുന്നു. നിങ്ങൾ എന്റെ രാജ്യത്തിൽ എന്റെ മേശയിങ്കൽ തിന്നുകുടിക്കയും സിംഹാസനങ്ങളിൽ ഇരുന്നു യിസ്രായേൽഗോത്രം പന്ത്രണ്ടിനെയും ന്യായംവിധിക്കയും ചെയ്യും.