ഇതു പറഞ്ഞിട്ട് അവൻ മുമ്പായി നടന്നുകൊണ്ട് യെരൂശലേമിലേക്കു യാത്ര ചെയ്തു. അവൻ ഒലിവുമലയരികെ ബേത്ത്ഫാഗയ്ക്കും ബേഥാന്യക്കും സമീപിച്ചപ്പോൾ ശിഷ്യന്മാരിൽ രണ്ടു പേരെ അയച്ചു: നിങ്ങൾക്ക് എതിരേയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; അതിൽ കടക്കുമ്പോൾ ആരും ഒരിക്കലും കയറീട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കാണും; അതിനെ അഴിച്ചു കൊണ്ടുവരുവിൻ. അതിനെ അഴിക്കുന്നത് എന്ത് എന്ന് ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ: കർത്താവിന് ഇതിനെക്കൊണ്ട് ആവശ്യം ഉണ്ട് എന്നു പറവിൻ എന്നു പറഞ്ഞു. അയയ്ക്കപ്പെട്ടവർ പോയി തങ്ങളോടു പറഞ്ഞതുപോലെ കണ്ടു. കഴുതക്കുട്ടിയെ അഴിക്കുമ്പോൾ അതിന്റെ ഉടയവർ: കഴുതക്കുട്ടിയെ അഴിക്കുന്നത് എന്ത് എന്നു ചോദിച്ചതിന്: കർത്താവിന് ഇതിനെക്കൊണ്ട് ആവശ്യം ഉണ്ട് എന്ന് അവർ പറഞ്ഞു. അതിനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം കഴുതക്കുട്ടിമേൽ ഇട്ടു യേശുവിനെ കയറ്റി. അവൻ പോകുമ്പോൾ അവർ തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു. അവൻ ഒലിവുമലയുടെ ഇറക്കത്തിന് അടുത്തപ്പോൾ ശിഷ്യന്മാരുടെ കൂട്ടം എല്ലാം തങ്ങൾ കണ്ട സകല വീര്യപ്രവൃത്തികളെയും കുറിച്ചു സന്തോഷിച്ച് അത്യുച്ചത്തിൽ ദൈവത്തെ പുകഴ്ത്തി: കർത്താവിന്റെ നാമത്തിൽ വരുന്ന രാജാവ് വാഴ്ത്തപ്പെട്ടവൻ; സ്വർഗത്തിൽ സമാധാനവും അത്യുന്നതങ്ങളിൽ മഹത്ത്വവും എന്നു പറഞ്ഞു. പുരുഷാരത്തിൽ ചില പരീശന്മാരോ അവനോട്: ഗുരോ, നിന്റെ ശിഷ്യന്മാരെ വിലക്കുക എന്നു പറഞ്ഞു. അതിന് അവൻ: ഇവർ മിണ്ടാതിരുന്നാൽ കല്ലുകൾ ആർത്തുവിളിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്ന് ഉത്തരം പറഞ്ഞു. അവൻ നഗരത്തിനു സമീപിച്ചപ്പോൾ അതിനെ കണ്ട് അതിനെക്കുറിച്ചു കരഞ്ഞു: ഈ നാളിൽ നിന്റെ സമാധാനത്തിനുള്ളത് നീയും അറിഞ്ഞു എങ്കിൽ കൊള്ളായിരുന്നു. ഇപ്പോഴോ അതു നിന്റെ കണ്ണിനു മറഞ്ഞിരിക്കുന്നു. നിന്റെ സന്ദർശനകാലം നീ അറിയാഞ്ഞതുകൊണ്ട് നിന്റെ ശത്രുക്കൾ നിനക്കു ചുറ്റും വാടകോരി നിന്നെ വളഞ്ഞ് നാലു പുറത്തും ഞെരുക്കി നിന്നെയും നിന്നിലുള്ള നിന്റെ മക്കളെയും നിലത്തു തള്ളിയിട്ട്, നിങ്കൽ കല്ലിന്മേൽ കല്ല് ശേഷിപ്പിക്കാതിരിക്കുന്ന കാലം നിനക്കു വരും.
ലൂക്കൊസ് 19 വായിക്കുക
കേൾക്കുക ലൂക്കൊസ് 19
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ലൂക്കൊസ് 19:28-44
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ