ലൂക്കൊസ് 19:13-26

ലൂക്കൊസ് 19:13-26 MALOVBSI

അവൻ പത്തു ദാസന്മാരെ വിളിച്ച് അവർക്കു പത്തു റാത്തൽ വെള്ളി കൊടുത്തു: ഞാൻ വരുവോളം വ്യാപാരം ചെയ്തുകൊൾവിൻ എന്ന് അവരോടു പറഞ്ഞു. അവന്റെ പൗരന്മാരോ അവനെ പകച്ച് അവന്റെ പിന്നാലെ പ്രതിനിധികളെ അയച്ചു: അവൻ ഞങ്ങൾക്കു രാജാവായിരിക്കുന്നതു ഞങ്ങൾക്കു സമ്മതമല്ല എന്നു ബോധിപ്പിച്ചു. അവൻ രാജത്വം പ്രാപിച്ചു മടങ്ങിവന്നപ്പോൾ താൻ ദ്രവ്യം കൊടുത്തിരുന്ന ദാസന്മാർ വ്യാപാരം ചെയ്ത് എന്തു നേടി എന്ന് അറിയേണ്ടതിന് അവരെ വിളിപ്പാൻ കല്പിച്ചു. ഒന്നാമത്തവൻ അടുത്തുവന്നു; കർത്താവേ, നീ തന്ന റാത്തൽകൊണ്ടു പത്തു റാത്തൽ സമ്പാദിച്ചിരിക്കുന്നു എന്നു പറഞ്ഞു. അവൻ അവനോട്: നന്ന് നല്ല ദാസനേ; നീ അത്യല്പത്തിൽ വിശ്വസ്തൻ ആയതുകൊണ്ടു പത്തു പട്ടണത്തിന് അധികാരമുളളവൻ ആയിരിക്ക എന്നു കല്പിച്ചു. രണ്ടാമത്തവൻ വന്നു: കർത്താവേ, നീ തന്ന റാത്തൽകൊണ്ടു അഞ്ചു റാത്തൽ സമ്പാദിച്ചിരിക്കുന്നു എന്നു പറഞ്ഞു. നീയും അഞ്ചു പട്ടണത്തിനു മേൽവിചാരകൻ ആയിരിക്ക എന്ന് അവൻ അവനോടു കല്പിച്ചു. മറ്റൊരുവൻ വന്നു: കർത്താവേ, ഇതാ, നിന്റെ റാത്തൽ; ഞാൻ അത് ഒരു ഉറുമാലിൽ കെട്ടി വച്ചിരുന്നു. നീ വയ്ക്കാത്തത് എടുക്കയും വിതയ്ക്കാത്തതു കൊയ്കയും ചെയ്യുന്ന കഠിനമനുഷ്യൻ ആകകൊണ്ടു ഞാൻ നിന്നെ ഭയപ്പെട്ടു എന്നു പറഞ്ഞു. അവൻ അവനോട്: ദുഷ്ടദാസനേ, നിന്റെ വായിൽനിന്നുതന്നെ ഞാൻ നിന്നെ ന്യായം വിധിക്കും. ഞാൻ വയ്ക്കാത്തത് എടുക്കയും വിതയ്ക്കാത്തത് കൊയ്കയും ചെയ്യുന്ന കഠിനമനുഷ്യൻ എന്നു നീ അറിഞ്ഞുവല്ലോ. ഞാൻ വന്ന് എന്റെ ദ്രവ്യം പലിശയോടുകൂടെ വാങ്ങിക്കൊള്ളേണ്ടതിന് അത് നാണ്യപീഠത്തിൽ ഏല്പിക്കാഞ്ഞത് എന്ത്? പിന്നെ അവൻ അരികെ നില്ക്കുന്നവരോട്: ആ റാത്തൽ അവന്റെ പക്കൽനിന്ന് എടുത്തു പത്തു റാത്തലുള്ളവന് കൊടുപ്പിൻ എന്നു പറഞ്ഞു. കർത്താവേ, അവന് പത്തു റാത്തൽ ഉണ്ടല്ലോ എന്ന് അവർ പറഞ്ഞു. ഉള്ളവന് ഏവനും കൊടുക്കും ഇല്ലാത്തവനോട് ഉള്ളതുംകൂടെ എടുത്തുകളയും എന്നു ഞാൻ നിങ്ങളോടു പറയുന്നു.