ലൂക്കൊസ് 14:25-33

ലൂക്കൊസ് 14:25-33 MALOVBSI

ഏറിയ പുരുഷാരം അവനോടുകൂടെ പോകുമ്പോൾ അവൻ തിരിഞ്ഞ് അവരോട് പറഞ്ഞത്: എന്റെ അടുക്കൽ വരികയും അപ്പനെയും അമ്മയെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരികളെയും സ്വന്തജീവനെയുംകൂടെ പകയ്ക്കാതിരിക്കയും ചെയ്യുന്നവന് എന്റെ ശിഷ്യനായിരിപ്പാൻ കഴികയില്ല. തന്റെ ക്രൂശ് എടുത്തുകൊണ്ട് എന്റെ പിന്നാലെ വരാത്തവനും എന്റെ ശിഷ്യനായിരിപ്പാൻ കഴികയില്ല. നിങ്ങളിൽ ആരെങ്കിലും ഒരു ഗോപുരം പണിവാൻ ഇച്ഛിച്ചാൽ ആദ്യം ഇരുന്ന് അതു തീർപ്പാൻ വക ഉണ്ടോ എന്നു കണക്കു നോക്കുന്നില്ലയോ? അല്ലെങ്കിൽ അടിസ്ഥാനം ഇട്ടശേഷം തീർപ്പാൻ വകയില്ല എന്നു വന്നേക്കാം; കാണുന്നവർ എല്ലാം: ഈ മനുഷ്യൻ പണിവാൻ തുടങ്ങി, തീർപ്പാനോ വകയില്ല എന്നു പരിഹസിക്കുമല്ലോ. അല്ല, ഒരു രാജാവ് മറ്റൊരു രാജാവിനോടു പട ഏല്പാൻ പുറപ്പെടുംമുമ്പേ ഇരുന്ന്, ഇരുപതിനായിരവുമായി വരുന്നവനോട് താൻ പതിനായിരവുമായി എതിർപ്പാൻ മതിയോ എന്ന് ആലോചിക്കുന്നില്ലയോ? പോരാ എന്നു വരികിൽ മറ്റവൻ ദൂരത്തിരിക്കുമ്പോൾ തന്നെ സ്ഥാനാപതികളെ അയച്ചു സമാധാനത്തിനായി അപേക്ഷിക്കുന്നു. അങ്ങനെതന്നെ നിങ്ങളിൽ ആരെങ്കിലും തനിക്കുള്ളതൊക്കെയും വിട്ടുപിരിയുന്നില്ല എങ്കിൽ അവനു എന്റെ ശിഷ്യനായിരിപ്പാൻ കഴികയില്ല.