ലൂക്കൊസ് 14:15-35

ലൂക്കൊസ് 14:15-35 MALOVBSI

കൂടെ പന്തിയിലിരുന്നവരിൽ ഒരുത്തൻ ഇതു കേട്ടിട്ട്: ദൈവരാജ്യത്തിൽ ഭക്ഷണം കഴിക്കുന്നവൻ ഭാഗ്യവാൻ എന്ന് അവനോട് പറഞ്ഞു; അവനോട് അവൻ പറഞ്ഞത്: ഒരു മനുഷ്യൻ വലിയൊരു അത്താഴം ഒരുക്കി പലരെയും ക്ഷണിച്ചു. അത്താഴസമയത്ത് അവൻ തന്റെ ദാസനെ അയച്ച് ആ ക്ഷണിച്ചവരോട്: എല്ലാം ഒരുങ്ങിയിരിക്കുന്നു; വരുവിൻ എന്നു പറയിച്ചു. എല്ലാവരും ഒരുപോലെ ഒഴികഴിവു പറഞ്ഞുതുടങ്ങി; ഒന്നാമത്തവൻ അവനോട്: ഞാൻ ഒരു നിലം കൊണ്ടതിനാൽ അതു ചെന്നു കാണേണ്ടുന്ന ആവശ്യം ഉണ്ട്; എന്നോടു ക്ഷമിച്ചുകൊള്ളേണം എന്നു ഞാൻ അപേക്ഷിക്കുന്നു എന്നു പറഞ്ഞു. മറ്റൊരുത്തൻ: ഞാൻ അഞ്ചേർ കാളയെ കൊണ്ടിട്ടുണ്ട്; അവയെ ശോധന ചെയ്‍വാൻ പോകുന്നു; എന്നോടു ക്ഷമിച്ചുകൊള്ളേണം എന്നു ഞാൻ അപേക്ഷിക്കുന്നു എന്നു പറഞ്ഞു. വേറൊരുത്തൻ: ഞാൻ ഇപ്പോൾ വിവാഹം കഴിച്ചിരിക്കുന്നു; വരുവാൻ കഴിവില്ല എന്നു പറഞ്ഞു. ദാസൻ മടങ്ങിവന്നു യജമാനനോട് അറിയിച്ചു. അപ്പോൾ വീട്ടുടയവൻ കോപിച്ചു ദാസനോട്: നീ വേഗം പട്ടണത്തിലെ വീഥികളിലും ഇടത്തെരുക്കളിലും ചെന്നു ദരിദ്രന്മാർ, അംഗഹീനന്മാർ, കുരുടന്മാർ, മുടന്തന്മാർ എന്നിവരെ കൂട്ടിക്കൊണ്ടുവരിക എന്നു കല്പിച്ചു. പിന്നെ ദാസൻ: യജമാനനേ, കല്പിച്ചതു ചെയ്തിരിക്കുന്നു; ഇനിയും സ്ഥലം ഉണ്ട് എന്നു പറഞ്ഞു. യജമാനൻ ദാസനോട്: നീ പെരുവഴികളിലും വേലികൾക്കരികെയും പോയി, എന്റെ വീടു നിറയേണ്ടതിനു കണ്ടവരെ അകത്തുവരുവാൻ നിർബന്ധിക്ക. ആ ക്ഷണിച്ച പുരുഷന്മാർ ആരും എന്റെ അത്താഴം ആസ്വദിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. ഏറിയ പുരുഷാരം അവനോടുകൂടെ പോകുമ്പോൾ അവൻ തിരിഞ്ഞ് അവരോട് പറഞ്ഞത്: എന്റെ അടുക്കൽ വരികയും അപ്പനെയും അമ്മയെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരികളെയും സ്വന്തജീവനെയുംകൂടെ പകയ്ക്കാതിരിക്കയും ചെയ്യുന്നവന് എന്റെ ശിഷ്യനായിരിപ്പാൻ കഴികയില്ല. തന്റെ ക്രൂശ് എടുത്തുകൊണ്ട് എന്റെ പിന്നാലെ വരാത്തവനും എന്റെ ശിഷ്യനായിരിപ്പാൻ കഴികയില്ല. നിങ്ങളിൽ ആരെങ്കിലും ഒരു ഗോപുരം പണിവാൻ ഇച്ഛിച്ചാൽ ആദ്യം ഇരുന്ന് അതു തീർപ്പാൻ വക ഉണ്ടോ എന്നു കണക്കു നോക്കുന്നില്ലയോ? അല്ലെങ്കിൽ അടിസ്ഥാനം ഇട്ടശേഷം തീർപ്പാൻ വകയില്ല എന്നു വന്നേക്കാം; കാണുന്നവർ എല്ലാം: ഈ മനുഷ്യൻ പണിവാൻ തുടങ്ങി, തീർപ്പാനോ വകയില്ല എന്നു പരിഹസിക്കുമല്ലോ. അല്ല, ഒരു രാജാവ് മറ്റൊരു രാജാവിനോടു പട ഏല്പാൻ പുറപ്പെടുംമുമ്പേ ഇരുന്ന്, ഇരുപതിനായിരവുമായി വരുന്നവനോട് താൻ പതിനായിരവുമായി എതിർപ്പാൻ മതിയോ എന്ന് ആലോചിക്കുന്നില്ലയോ? പോരാ എന്നു വരികിൽ മറ്റവൻ ദൂരത്തിരിക്കുമ്പോൾ തന്നെ സ്ഥാനാപതികളെ അയച്ചു സമാധാനത്തിനായി അപേക്ഷിക്കുന്നു. അങ്ങനെതന്നെ നിങ്ങളിൽ ആരെങ്കിലും തനിക്കുള്ളതൊക്കെയും വിട്ടുപിരിയുന്നില്ല എങ്കിൽ അവനു എന്റെ ശിഷ്യനായിരിപ്പാൻ കഴികയില്ല. ഉപ്പ് നല്ലതു തന്നെ; ഉപ്പ് കാരമില്ലാതെപോയാൽ എന്തൊന്നുകൊണ്ട് അതിനു രസം വരുത്തും? പിന്നെ നിലത്തിനും വളത്തിനും കൊള്ളുന്നതല്ല; അതിനെ പുറത്തുകളയും. കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ടെ.