ലൂക്കൊസ് 14:12-24

ലൂക്കൊസ് 14:12-24 MALOVBSI

തന്നെ ക്ഷണിച്ചവനോട് അവൻ പറഞ്ഞത്: നീ ഒരു മുത്താഴമോ അത്താഴമോ കഴിക്കുമ്പോൾ സ്നേഹിതന്മാരെയും സഹോദരന്മാരെയും ചാർച്ചക്കാരെയും സമ്പത്തുള്ള അയൽക്കാരെയും വിളിക്കരുത്; അവർ നിന്നെ അങ്ങോട്ടും വിളിച്ചിട്ടു നിനക്കു പ്രത്യുപകാരം ചെയ്യും. നീ വിരുന്നു കഴിക്കുമ്പോൾ ദരിദ്രന്മാർ, അംഗഹീനന്മാർ, മുടന്തന്മാർ, കുരുടന്മാർ എന്നിവരെ ക്ഷണിക്ക; എന്നാൽ നീ ഭാഗ്യവാനാകും; നിനക്കു പ്രത്യുപകാരം ചെയ്‍വാൻ അവർക്കു വകയില്ലല്ലോ; നീതിമാന്മാരുടെ പുനരുത്ഥാനത്തിൽ നിനക്കു പ്രത്യുപകാരം ഉണ്ടാകും. കൂടെ പന്തിയിലിരുന്നവരിൽ ഒരുത്തൻ ഇതു കേട്ടിട്ട്: ദൈവരാജ്യത്തിൽ ഭക്ഷണം കഴിക്കുന്നവൻ ഭാഗ്യവാൻ എന്ന് അവനോട് പറഞ്ഞു; അവനോട് അവൻ പറഞ്ഞത്: ഒരു മനുഷ്യൻ വലിയൊരു അത്താഴം ഒരുക്കി പലരെയും ക്ഷണിച്ചു. അത്താഴസമയത്ത് അവൻ തന്റെ ദാസനെ അയച്ച് ആ ക്ഷണിച്ചവരോട്: എല്ലാം ഒരുങ്ങിയിരിക്കുന്നു; വരുവിൻ എന്നു പറയിച്ചു. എല്ലാവരും ഒരുപോലെ ഒഴികഴിവു പറഞ്ഞുതുടങ്ങി; ഒന്നാമത്തവൻ അവനോട്: ഞാൻ ഒരു നിലം കൊണ്ടതിനാൽ അതു ചെന്നു കാണേണ്ടുന്ന ആവശ്യം ഉണ്ട്; എന്നോടു ക്ഷമിച്ചുകൊള്ളേണം എന്നു ഞാൻ അപേക്ഷിക്കുന്നു എന്നു പറഞ്ഞു. മറ്റൊരുത്തൻ: ഞാൻ അഞ്ചേർ കാളയെ കൊണ്ടിട്ടുണ്ട്; അവയെ ശോധന ചെയ്‍വാൻ പോകുന്നു; എന്നോടു ക്ഷമിച്ചുകൊള്ളേണം എന്നു ഞാൻ അപേക്ഷിക്കുന്നു എന്നു പറഞ്ഞു. വേറൊരുത്തൻ: ഞാൻ ഇപ്പോൾ വിവാഹം കഴിച്ചിരിക്കുന്നു; വരുവാൻ കഴിവില്ല എന്നു പറഞ്ഞു. ദാസൻ മടങ്ങിവന്നു യജമാനനോട് അറിയിച്ചു. അപ്പോൾ വീട്ടുടയവൻ കോപിച്ചു ദാസനോട്: നീ വേഗം പട്ടണത്തിലെ വീഥികളിലും ഇടത്തെരുക്കളിലും ചെന്നു ദരിദ്രന്മാർ, അംഗഹീനന്മാർ, കുരുടന്മാർ, മുടന്തന്മാർ എന്നിവരെ കൂട്ടിക്കൊണ്ടുവരിക എന്നു കല്പിച്ചു. പിന്നെ ദാസൻ: യജമാനനേ, കല്പിച്ചതു ചെയ്തിരിക്കുന്നു; ഇനിയും സ്ഥലം ഉണ്ട് എന്നു പറഞ്ഞു. യജമാനൻ ദാസനോട്: നീ പെരുവഴികളിലും വേലികൾക്കരികെയും പോയി, എന്റെ വീടു നിറയേണ്ടതിനു കണ്ടവരെ അകത്തുവരുവാൻ നിർബന്ധിക്ക. ആ ക്ഷണിച്ച പുരുഷന്മാർ ആരും എന്റെ അത്താഴം ആസ്വദിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.