ലൂക്കൊസ് 13:1-21

ലൂക്കൊസ് 13:1-21 MALOVBSI

ആ സമയത്തു തന്നെ അവിടെ ഉണ്ടായിരുന്ന ചിലർ പീലാത്തൊസ് ചില ഗലീലക്കാരുടെ ചോര അവരുടെ യാഗങ്ങളോടു കലർത്തിയ വർത്തമാനം അവനോട് അറിയിച്ചു. അതിന് അവൻ ഉത്തരം പറഞ്ഞത്: ആ ഗലീലക്കാർ ഇത് അനുഭവിക്കയാൽ എല്ലാ ഗലീലക്കാരിലും പാപികൾ ആയിരുന്നു എന്നു നിങ്ങൾക്കു തോന്നുന്നുവോ? അല്ലല്ല, മാനസാന്തരപ്പെടാഞ്ഞാൽ നിങ്ങൾ എല്ലാവരും അങ്ങനെതന്നെ നശിച്ചുപോകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. അല്ല, ശീലോഹാമിലെ ഗോപുരം വീണു മരിച്ചുപോയ ആ പതിനെട്ടു പേർ യെരൂശലേമിൽ പാർക്കുന്ന സകല മനുഷ്യരിലും കുറ്റക്കാർ ആയിരുന്നു എന്നു തോന്നുന്നുവോ? അല്ലല്ല, മാനസാന്തരപ്പെടാഞ്ഞാൽ നിങ്ങൾ എല്ലാവരും അങ്ങനെ തന്നെ നശിച്ചുപോകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. അവൻ ഈ ഉപമയും പറഞ്ഞു: ഒരുത്തനു തന്റെ മുന്തിരിത്തോട്ടത്തിൽ നട്ടിരുന്നൊരു അത്തിവൃക്ഷം ഉണ്ടായിരുന്നു; അവൻ അതിൽ ഫലം തിരഞ്ഞു വന്നു, കണ്ടില്ലതാനും. അവൻ തോട്ടക്കാരനോട്: ഞാൻ ഇപ്പോൾ മൂന്നു സംവത്സരമായി ഈ അത്തിയിൽ ഫലം തിരഞ്ഞുവരുന്നു കാണുന്നില്ലതാനും; അതിനെ വെട്ടിക്കളക, അതു നിലത്തെ നിഷ്ഫലമാക്കുന്നത് എന്തിന് എന്നു പറഞ്ഞു. അതിന് അവൻ: കർത്താവേ, ഞാൻ അതിനു ചുറ്റും കിളച്ചു വളം ഇടുവോളം ഈ ആണ്ടുംകൂടെ നില്ക്കട്ടെ. മേലാൽ കായ്ച്ചെങ്കിലോ- ഇല്ലെങ്കിൽ വെട്ടിക്കളയാം എന്ന് ഉത്തരം പറഞ്ഞു. ഒരു ശബ്ബത്തിൽ അവൻ ഒരു പള്ളിയിൽ ഉപദേശിച്ചുകൊണ്ടിരുന്നു. അവിടെ പതിനെട്ടു സംവത്സരമായി ഒരു രോഗാത്മാവ് ബാധിച്ചിട്ട് ഒട്ടും നിവിരുവാൻ കഴിയാതെ കൂനിയായ ഒരു സ്ത്രീ ഉണ്ടായിരുന്നു. യേശു അവളെ കണ്ട് അടുക്കെ വിളിച്ച്: സ്ത്രീയേ, നിന്റെ രോഗബന്ധനം അഴിഞ്ഞിരിക്കുന്നു എന്നു പറഞ്ഞ് അവളുടെമേൽ കൈവച്ചു. അവൾ ക്ഷണത്തിൽ നിവിർന്നു ദൈവത്തെ മഹത്ത്വപ്പെടുത്തി. യേശു ശബ്ബത്തിൽ സൗഖ്യമാക്കിയതുകൊണ്ടു പള്ളിപ്രമാണി നീരസപ്പെട്ടു പുരുഷാരത്തോട്: വേല ചെയ്‍വാൻ ആറു ദിവസമുണ്ടല്ലോ; അതിനകം വന്നു സൗഖ്യം വരുത്തിച്ചുകൊൾവിൻ; ശബ്ബത്തിൽ അരുത് എന്നു പറഞ്ഞു. കർത്താവ് അവനോട്: കപടഭക്തിക്കാരേ, നിങ്ങളിൽ ഓരോരുത്തൻ ശബ്ബത്തിൽ തന്റെ കാളയെയോ കഴുതയെയോ തൊട്ടിയിൽനിന്ന് അഴിച്ചു കൊണ്ടുപോയി വെള്ളം കുടിപ്പിക്കുന്നില്ലയോ? എന്നാൽ സാത്താൻ പതിനെട്ടു സംവത്സരമായി ബന്ധിച്ചിരുന്ന അബ്രാഹാമിന്റെ മകളായ ഇവളെ ശബ്ബത്തുനാളിൽ ഈ ബന്ധനം അഴിച്ചുവിടേണ്ടതല്ലയോ എന്ന് ഉത്തരം പറഞ്ഞു; അവൻ ഇതു പറഞ്ഞപ്പോൾ അവന്റെ വിരോധികൾ എല്ലാവരും നാണിച്ചു; അവനാൽ നടക്കുന്ന സകല മഹിമകളാലും പുരുഷാരമൊക്കെയും സന്തോഷിച്ചു. പിന്നെ അവൻ പറഞ്ഞത്: ദൈവരാജ്യം ഏതിനോടു സദൃശം? ഏതിനോട് അതിനെ ഉപമിക്കേണ്ടൂ? ഒരു മനുഷ്യൻ എടുത്തു തന്റെ തോട്ടത്തിൽ ഇട്ട” കടുകുമണിയോട് അതു സദൃശം; അതു വളർന്നു വൃക്ഷമായി, ആകാശത്തിലെ പക്ഷികളും വന്ന് അതിന്റെ കൊമ്പുകളിൽ വസിച്ചു. പിന്നെയും അവൻ ദൈവരാജ്യത്തെ ഏതിനോട് ഉപമിക്കേണ്ടൂ? അതു പുളിച്ച മാവിനോടു തുല്യം; അത് ഒരു സ്ത്രീ എടുത്തു മൂന്നു പറ മാവിൽ ചേർത്ത് എല്ലാം പുളിച്ചുവരുവോളം അടക്കിവച്ചു എന്നു പറഞ്ഞു.