ലൂക്കൊസ് 12:35-48

ലൂക്കൊസ് 12:35-48 MALOVBSI

നിങ്ങളുടെ അര കെട്ടിയും വിളക്കു കത്തിയും കൊണ്ടിരിക്കട്ടെ. യജമാനൻ കല്യാണത്തിനു പോയി വന്നു മുട്ടിയാൽ ഉടനെ വാതിൽ തുറന്നുകൊടുക്കേണ്ടതിന് അവൻ എപ്പോൾ മടങ്ങിവരും എന്നു കാത്തുനില്ക്കുന്ന ആളുകളോടു നിങ്ങൾ തുല്യരായിരിപ്പിൻ. യജമാനൻ വരുംനേരം ഉണർന്നിരിക്കുന്നവരായി കാണുന്ന ദാസന്മാർ ഭാഗ്യവാന്മാർ; അവൻ അര കെട്ടി അവരെ ഭക്ഷണത്തിനിരുത്തുകയും വന്ന് അവർക്ക് ശുശ്രൂഷ ചെയ്കയും ചെയ്യും എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. അവൻ രണ്ടാം യാമത്തിൽ വന്നാലും മൂന്നാമതിൽ വന്നാലും അങ്ങനെ കണ്ടു എങ്കിൽ അവർ ഭാഗ്യവാന്മാർ. കള്ളൻ ഇന്ന നാഴികയ്ക്കു വരുന്നു എന്നു വീട്ടുടയവൻ അറിഞ്ഞിരുന്നു എങ്കിൽ അവൻ ഉണർന്നിരുന്നു തന്റെ വീടു തുരപ്പാൻ സമ്മതിക്കയില്ല എന്നറിവിൻ. നിനയാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ട് നിങ്ങളും ഒരുങ്ങിയിരിപ്പിൻ. കർത്താവേ, ഈ ഉപമ പറയുന്നത് ഞങ്ങളോടോ എല്ലാവരോടും കൂടെയോ എന്നു പത്രൊസ് ചോദിച്ചതിന് കർത്താവ് പറഞ്ഞത്: തക്കസമയത്ത് ആഹാരവീതം കൊടുക്കേണ്ടതിന് യജമാനൻ തന്റെ വേലക്കാരുടെമേൽ ആക്കുന്ന വിശ്വസ്തനും ബുദ്ധിമാനുമായ ഗൃഹവിചാരകൻ ആർ? യജമാനൻ വരുമ്പോൾ അങ്ങനെ ചെയ്തുകാണുന്ന ദാസൻ ഭാഗ്യവാൻ. അവൻ തനിക്കുള്ള സകലത്തിനും അവനെ വിചാരകനാക്കി വയ്ക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. എന്നാൽ ദാസൻ: യജമാനൻ താമസിച്ചേ വരികയുള്ളൂ എന്നു ഹൃദയത്തിൽ പറഞ്ഞു ബാല്യക്കാരെയും ബാല്യക്കാരത്തികളെയും തല്ലുവാനും തിന്നു കുടിച്ചു മദിപ്പാനും തുടങ്ങിയാൽ, അവൻ നോക്കിയിരിക്കാത്ത നാളിലും അറിയാത്ത നാഴികയിലും ആ ദാസന്റെ യജമാനൻ വന്ന് അവനെ ദണ്ഡിപ്പിക്കയും അവന് അവിശ്വാസികളോടുകൂടെ പങ്കു കല്പിക്കയും ചെയ്യും. യജമാനന്റെ ഇഷ്ടം അറിഞ്ഞിട്ട് ഒരുങ്ങാതെയും അവന്റെ ഇഷ്ടം ചെയ്യാതെയുമിരിക്കുന്ന ദാസന് വളരെ അടി കൊള്ളും. അറിയാതെകണ്ട് അടിക്കു യോഗ്യമായത് ചെയ്തവനോ കുറയ അടി കൊള്ളും; വളരെ ലഭിച്ചവനോട് വളരെ ആവശ്യപ്പെടും; അധികം ഏറ്റുവാങ്ങിയവനോട് അധികം ചോദിക്കും.