അവൻ തന്റെ ശിഷ്യന്മാരോടു പറഞ്ഞത്: ആകയാൽ എന്തു തിന്നും എന്നു ജീവനായിക്കൊണ്ടും എന്ത് ഉടുക്കും എന്നു ശരീരത്തിനായിക്കൊണ്ടും വിചാരപ്പെടരുത് എന്നു ഞാൻ നിങ്ങളോടു പറയുന്നു. ആഹാരത്തെക്കാൾ ജീവനും ഉടുപ്പിനെക്കാൾ ശരീരവും വലുതല്ലോ. കാക്കയെ നോക്കുവിൻ; അതു വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, അതിനു പാണ്ടികശാലയും കളപ്പുരയും ഇല്ല; എങ്കിലും ദൈവം അതിനെ പുലർത്തുന്നു. പറവജാതിയെക്കാൾ നിങ്ങൾ എത്ര വിശേഷമുള്ളവർ! പിന്നെ വിചാരപ്പെടുന്നതിനാൽ തന്റെ നീളത്തിൽ ഒരു മുഴം കൂട്ടുവാൻ നിങ്ങളിൽ ആർക്കുകഴിയും? ആകയാൽ ഏറ്റവും ചെറിയതിനുപോലും നിങ്ങൾ പോരാത്തവർ എങ്കിൽ ശേഷമുള്ളതിനെക്കുറിച്ചു വിചാരപ്പെടുന്നത് എന്ത്? താമര എങ്ങനെ വളരുന്നു എന്നു വിചാരിപ്പിൻ; അവ അധ്വാനിക്കുന്നില്ല നൂല്ക്കുന്നതുമില്ല; എന്നാൽ ശലോമോൻപോലും തന്റെ സകല മഹത്ത്വത്തിലും ഇവയിൽ ഒന്നിനോളം ചമഞ്ഞിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഇന്നുള്ളതും നാളെ അടുപ്പിൽ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ഉടുപ്പിക്കുന്നു എങ്കിൽ, അല്പവിശ്വാസികളേ, നിങ്ങളെ എത്ര അധികം? എന്തു തിന്നും എന്തു കുടിക്കും എന്നു നിങ്ങൾ ചിന്തിച്ചു ചഞ്ചലപ്പെടരുത്. ഈ വകയൊക്കെയും ലോകജാതികൾ അന്വേഷിക്കുന്നു; നിങ്ങളുടെ പിതാവോ ഇവ നിങ്ങൾക്ക് ആവശ്യം എന്ന് അറിയുന്നു. അവന്റെ രാജ്യം അന്വേഷിപ്പിൻ; അതോടുകൂടെ നിങ്ങൾക്ക് ഇതും കിട്ടും. ചെറിയ ആട്ടിൻകൂട്ടമേ, ഭയപ്പെടരുത്; നിങ്ങളുടെ പിതാവ് രാജ്യം നിങ്ങൾക്കു നല്കുവാൻ പ്രസാദിച്ചിരിക്കുന്നു. നിങ്ങൾക്കുള്ളത് വിറ്റു ഭിക്ഷ കൊടുപ്പിൻ; കള്ളൻ അടുക്കയോ പുഴു കെടുക്കയോ ചെയ്യാത്ത സ്വർഗത്തിൽ, പഴകിപ്പോകാത്ത മടിശ്ശീലകളും തീർന്നുപോകാത്ത നിക്ഷേപവും നിങ്ങൾക്ക് ഉണ്ടാക്കിക്കൊൾവിൻ. നിങ്ങളുടെ നിക്ഷേപം ഉള്ളേടത്തു നിങ്ങളുടെ ഹൃദയവും ഇരിക്കും. നിങ്ങളുടെ അര കെട്ടിയും വിളക്കു കത്തിയും കൊണ്ടിരിക്കട്ടെ. യജമാനൻ കല്യാണത്തിനു പോയി വന്നു മുട്ടിയാൽ ഉടനെ വാതിൽ തുറന്നുകൊടുക്കേണ്ടതിന് അവൻ എപ്പോൾ മടങ്ങിവരും എന്നു കാത്തുനില്ക്കുന്ന ആളുകളോടു നിങ്ങൾ തുല്യരായിരിപ്പിൻ. യജമാനൻ വരുംനേരം ഉണർന്നിരിക്കുന്നവരായി കാണുന്ന ദാസന്മാർ ഭാഗ്യവാന്മാർ; അവൻ അര കെട്ടി അവരെ ഭക്ഷണത്തിനിരുത്തുകയും വന്ന് അവർക്ക് ശുശ്രൂഷ ചെയ്കയും ചെയ്യും എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. അവൻ രണ്ടാം യാമത്തിൽ വന്നാലും മൂന്നാമതിൽ വന്നാലും അങ്ങനെ കണ്ടു എങ്കിൽ അവർ ഭാഗ്യവാന്മാർ. കള്ളൻ ഇന്ന നാഴികയ്ക്കു വരുന്നു എന്നു വീട്ടുടയവൻ അറിഞ്ഞിരുന്നു എങ്കിൽ അവൻ ഉണർന്നിരുന്നു തന്റെ വീടു തുരപ്പാൻ സമ്മതിക്കയില്ല എന്നറിവിൻ. നിനയാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ട് നിങ്ങളും ഒരുങ്ങിയിരിപ്പിൻ.
ലൂക്കൊസ് 12 വായിക്കുക
കേൾക്കുക ലൂക്കൊസ് 12
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ലൂക്കൊസ് 12:22-40
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ