ലൂക്കൊസ് 11:37-54

ലൂക്കൊസ് 11:37-54 MALOVBSI

അവൻ സംസാരിക്കുമ്പോൾതന്നെ ഒരു പരീശൻ തന്നോടുകൂടെ മുത്താഴം കഴിപ്പാൻ അവനെ ക്ഷണിച്ചു; അവനും അകത്തു കടന്ന് ഭക്ഷണത്തിനിരുന്നു; മുത്താഴത്തിനു മുമ്പേ കുളിച്ചില്ല എന്നു കണ്ടിട്ടു പരീശൻ ആശ്ചര്യപ്പെട്ടു. കർത്താവ് അവനോട്: പരീശന്മാരായ നിങ്ങൾ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; നിങ്ങളുടെ ഉള്ളിലോ കവർച്ചയും ദുഷ്ടതയും നിറഞ്ഞിരിക്കുന്നു. മൂഢന്മാരേ, പുറം ഉണ്ടാക്കിയവൻ അല്ലയോ അകവും ഉണ്ടാക്കിയത്? അകത്തുള്ളതു ഭിക്ഷയായി കൊടുപ്പിൻ; എന്നാൽ സകലവും നിങ്ങൾക്കു ശുദ്ധം ആകും എന്നു പറഞ്ഞു. പരീശന്മാരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾ തുളസിയിലും അരൂതയിലും എല്ലാ ചീരയിലും പതാരം കൊടുക്കയും ന്യായവും ദൈവസ്നേഹവും വിട്ടുകളകയും ചെയ്യുന്നു; ഇതു ചെയ്കയും അതു ത്യജിക്കാതിരിക്കയും വേണം. പരീശന്മാരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾക്കു പള്ളിയിൽ മുഖ്യാസനവും അങ്ങാടിയിൽ വന്ദനവും പ്രിയമാകുന്നു. നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾ കാൺമാൻ കഴിയാത്ത കല്ലറകളെപ്പോലെ ആകുന്നു; അവയുടെ മീതെ നടക്കുന്ന മനുഷ്യർ അറിയുന്നില്ല. ന്യായശാസ്ത്രിമാരിൽ ഒരുത്തൻ അവനോട്: ഗുരോ, ഇങ്ങനെ പറയുന്നതിനാൽ നീ ഞങ്ങളെയും അപമാനിക്കുന്നു എന്നു പറഞ്ഞു. അതിന് അവൻ പറഞ്ഞത്: ന്യായശാസ്ത്രിമാരായ നിങ്ങൾക്കും അയ്യോ കഷ്ടം; എടുപ്പാൻ പ്രയാസമുള്ള ചുമടുകളെ നിങ്ങൾ മനുഷ്യരെക്കൊണ്ടു ചുമപ്പിക്കുന്നു; നിങ്ങൾ ഒരു വിരൽ കൊണ്ടുപോലും ആ ചുമടുകളെ തൊടുന്നില്ല. നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾ പ്രവാചകന്മാരുടെ കല്ലറകളെ പണിയുന്നു; നിങ്ങളുടെ പിതാക്കന്മാർ അവരെ കൊന്നു. അതിനാൽ നിങ്ങളുടെ പിതാക്കന്മാരുടെ പ്രവൃത്തികൾക്കു നിങ്ങൾ സാക്ഷികളായിരിക്കയും സമ്മതിക്കയും ചെയ്യുന്നു; അവർ അവരെ കൊന്നു; നിങ്ങൾ അവരുടെ കല്ലറകളെ പണിയുന്നു. അതുകൊണ്ടു ദൈവത്തിന്റെ ജ്ഞാനവും പറയുന്നത്: ഞാൻ പ്രവാചകന്മാരെയും അപ്പൊസ്തലന്മാരെയും അവരുടെ അടുക്കൽ അയയ്ക്കുന്നു; അവരിൽ ചിലരെ അവർ കൊല്ലുകയും ഉപദ്രവിക്കയും ചെയ്യും. ഹാബെലിന്റെ രക്തം തുടങ്ങി യാഗപീഠത്തിനും ആലയത്തിനും നടുവിൽവച്ചു പട്ടുപോയ സെഖര്യാവിന്റെ രക്തംവരെ ലോകസ്ഥാപനംമുതൽ ചൊരിഞ്ഞിരിക്കുന്ന സകല പ്രവാചകന്മാരുടെയും രക്തം ഈ തലമുറയോടു ചോദിപ്പാൻ ഇടവരേണ്ടതിനു തന്നെ. അതേ, ഈ തലമുറയോട് അതു ചോദിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു. ന്യായശാസ്ത്രിമാരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾ പരിജ്ഞാനത്തിന്റെ താക്കോൽ എടുത്തുകളഞ്ഞു; നിങ്ങൾ തന്നെ കടന്നില്ല; കടക്കുന്നവരെ തടുത്തും കളഞ്ഞു. അവൻ അവിടംവിട്ടു പോകുമ്പോൾ ശാസ്ത്രിമാരും പരീശന്മാരും അവനെ അത്യന്തം വിഷമിപ്പിപ്പാനും അവന്റെ വായിൽനിന്നു വല്ലതും പിടിക്കാമോ എന്നുവച്ച് അവനായി പതിയിരുന്നുകൊണ്ടു പലതിനെയും കുറിച്ചു കുടുക്കുചോദ്യം ചോദിപ്പാനും തുടങ്ങി.