അനന്തരം കർത്താവ് വേറേ എഴുപതു പേരെ നിയമിച്ചു, താൻ ചെല്ലുവാനുള്ള ഓരോ പട്ടണത്തിലേക്കും സ്ഥലത്തിലേക്കും അവരെ തനിക്കു മുമ്പായി ഈരണ്ടായി അയച്ചു, അവരോട് പറഞ്ഞത്: കൊയ്ത്തു വളരെ ഉണ്ട് സത്യം; വേലക്കാരോ ചുരുക്കം; ആകയാൽ കൊയ്ത്തിന്റെ യജമാനനോട് തന്റെ കൊയ്ത്തിനു വേലക്കാരെ അയയ്ക്കേണ്ടതിന് അപേക്ഷിപ്പിൻ. പോകുവിൻ; ചെന്നായ്ക്കളുടെ നടുവിൽ കുഞ്ഞാടുകളെപ്പോലെ ഞാൻ നിങ്ങളെ അയയ്ക്കുന്നു. സഞ്ചിയും പൊക്കണവും ചെരിപ്പും എടുക്കരുത്; വഴിയിൽവച്ച് ആരെയും വന്ദനം ചെയ്കയുമരുത്; ഏതു വീട്ടിൽ എങ്കിലും ചെന്നാൽ:ഈ വീട്ടിനു സമാധാനം എന്ന് ആദ്യം പറവിൻ. അവിടെ ഒരു സമാധാനപുത്രൻ ഉണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അവന്മേൽ വസിക്കും; ഇല്ലെന്നുവരികിലോ നിങ്ങളിലേക്കു മടങ്ങിപ്പോരും. അവർ തരുന്നതു തിന്നും കുടിച്ചുംകൊണ്ട് ആ വീട്ടിൽതന്നെ പാർപ്പിൻ; വേലക്കാരൻ തന്റെ കൂലിക്കു യോഗ്യനല്ലോ; വീട്ടിൽനിന്നു വീട്ടിലേക്കു മാറിപ്പോകരുത്. ഏതു പട്ടണത്തിലെങ്കിലും ചെന്നാൽ അവർ നിങ്ങളെ കൈക്കൊള്ളുന്നു എങ്കിൽ നിങ്ങളുടെ മുമ്പിൽ വയ്ക്കുന്നതു ഭക്ഷിപ്പിൻ. അതിലെ രോഗികളെ സൗഖ്യമാക്കി, ദൈവരാജ്യം നിങ്ങൾക്കു സമീപിച്ചുവന്നിരിക്കുന്നു എന്ന് അവരോടു പറവിൻ. ഏതു പട്ടണത്തിലെങ്കിലും ചെന്നാൽ അവർ നിങ്ങളെ കൈക്കൊള്ളുന്നില്ലെങ്കിൽ അതിന്റെ തെരുക്കളിൽ പോയി: നിങ്ങളുടെ പട്ടണത്തിൽനിന്നു ഞങ്ങളുടെ കാലിനു പറ്റിയ പൊടിയും ഞങ്ങൾ നിങ്ങൾക്കു കുടഞ്ഞേച്ചു പോകുന്നു; എന്നാൽ ദൈവരാജ്യം സമീപിച്ചുവന്നിരിക്കുന്നു എന്ന് അറിഞ്ഞുകൊൾവിൻ എന്നു പറവിൻ. ആ പട്ടണത്തെക്കാൾ സൊദോമ്യർക്ക് ആ നാളിൽ സഹിക്കാവതാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. കോരസീനേ, നിനക്ക് അയ്യോ കഷ്ടം! ബേത്ത്സയിദേ, നിനക്ക് അയ്യോ കഷ്ടം! നിങ്ങളിൽ നടന്ന വീര്യപ്രവൃത്തികൾ സോരിലും സീദോനിലും നടന്നിരുന്നു എങ്കിൽ അവർ പണ്ടുതന്നെ രട്ടിലും വെണ്ണീറിലും ഇരുന്നു മാനസാന്തരപ്പെടുമായിരുന്നു. എന്നാൽ ന്യായവിധിയിൽ നിങ്ങളെക്കാൾ സോരിനും സീദോനും സഹിക്കാവതാകും. നീയോ കഫർന്നഹൂമേ, സ്വർഗത്തോളം ഉയർന്നിരിക്കുമോ? നീ പാതാളത്തോളം താണുപോകും. നിങ്ങളുടെ വാക്ക് കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു. ആ എഴുപതു പേർ സന്തോഷത്തോടെ മടങ്ങിവന്നു: കർത്താവേ, നിന്റെ നാമത്തിൽ ഭൂതങ്ങളും ഞങ്ങൾക്കു കീഴടങ്ങുന്നു എന്നു പറഞ്ഞു; അവൻ അവരോട്: സാത്താൻ മിന്നൽപോലെ ആകാശത്തുനിന്നു വീഴുന്നതു ഞാൻ കണ്ടു. പാമ്പുകളെയും തേളുകളെയും ശത്രുവിന്റെ സകല ബലത്തെയും ചവിട്ടുവാൻ ഞാൻ നിങ്ങൾക്ക് അധികാരം തരുന്നു; ഒന്നും നിങ്ങൾക്ക് ഒരിക്കലും ദോഷം വരുത്തുകയും ഇല്ല. എങ്കിലും ഭൂതങ്ങൾ നിങ്ങൾക്കു കീഴടങ്ങുന്നതിലല്ല നിങ്ങളുടെ പേർ സ്വർഗത്തിൽ എഴുതിയിരിക്കുന്നതിലത്രേ സന്തോഷിപ്പിൻ. ആ നാഴികയിൽ അവൻ പരിശുദ്ധാത്മാവിൽ ആനന്ദിച്ചു പറഞ്ഞത്: പിതാവേ, സ്വർഗത്തിനും ഭൂമിക്കും കർത്താവായുള്ളോവേ, നീ ഇവ ജ്ഞാനികൾക്കും വിവേകികൾക്കും മറച്ചു ശിശുക്കൾക്കു വെളിപ്പെടുത്തിയതുകൊണ്ടു ഞാൻ നിന്നെ വാഴ്ത്തുന്നു. അതേ, പിതാവേ, ഇങ്ങനെ നിനക്കു പ്രസാദം തോന്നിയല്ലോ. എന്റെ പിതാവ് സകലവും എങ്കൽ ഭരമേല്പിച്ചിരിക്കുന്നു. പുത്രൻ ഇന്നവൻ എന്നു പിതാവല്ലാതെ ആരും അറിയുന്നില്ല; പിതാവ് ഇന്നവനെന്നു പുത്രനും പുത്രൻ വെളിപ്പെടുത്തിക്കൊടുപ്പാൻ ഇച്ഛിക്കുന്നവനും അല്ലാതെ ആരും അറിയുന്നതുമില്ല. പിന്നെ ശിഷ്യന്മാരുടെ നേരേ തിരിഞ്ഞ്: നിങ്ങൾ കാണുന്നതിനെ കാണുന്ന കണ്ണ് ഭാഗ്യമുള്ളത്. നിങ്ങൾ കാണുന്നതിനെ കാൺമാൻ ഏറിയ പ്രവാചകന്മാരും രാജാക്കന്മാരും ഇച്ഛിച്ചിട്ടും കണ്ടില്ല; നിങ്ങൾ കേൾക്കുന്നതിനെ കേൾപ്പാൻ ഇച്ഛിച്ചിട്ടും കേട്ടില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പ്രത്യേകം പറഞ്ഞു.
ലൂക്കൊസ് 10 വായിക്കുക
കേൾക്കുക ലൂക്കൊസ് 10
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ലൂക്കൊസ് 10:1-24
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ