ലൂക്കൊസ് 10:1-11

ലൂക്കൊസ് 10:1-11 MALOVBSI

അനന്തരം കർത്താവ് വേറേ എഴുപതു പേരെ നിയമിച്ചു, താൻ ചെല്ലുവാനുള്ള ഓരോ പട്ടണത്തിലേക്കും സ്ഥലത്തിലേക്കും അവരെ തനിക്കു മുമ്പായി ഈരണ്ടായി അയച്ചു, അവരോട് പറഞ്ഞത്: കൊയ്ത്തു വളരെ ഉണ്ട് സത്യം; വേലക്കാരോ ചുരുക്കം; ആകയാൽ കൊയ്ത്തിന്റെ യജമാനനോട് തന്റെ കൊയ്ത്തിനു വേലക്കാരെ അയയ്ക്കേണ്ടതിന് അപേക്ഷിപ്പിൻ. പോകുവിൻ; ചെന്നായ്ക്കളുടെ നടുവിൽ കുഞ്ഞാടുകളെപ്പോലെ ഞാൻ നിങ്ങളെ അയയ്ക്കുന്നു. സഞ്ചിയും പൊക്കണവും ചെരിപ്പും എടുക്കരുത്; വഴിയിൽവച്ച് ആരെയും വന്ദനം ചെയ്കയുമരുത്; ഏതു വീട്ടിൽ എങ്കിലും ചെന്നാൽ:ഈ വീട്ടിനു സമാധാനം എന്ന് ആദ്യം പറവിൻ. അവിടെ ഒരു സമാധാനപുത്രൻ ഉണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അവന്മേൽ വസിക്കും; ഇല്ലെന്നുവരികിലോ നിങ്ങളിലേക്കു മടങ്ങിപ്പോരും. അവർ തരുന്നതു തിന്നും കുടിച്ചുംകൊണ്ട് ആ വീട്ടിൽതന്നെ പാർപ്പിൻ; വേലക്കാരൻ തന്റെ കൂലിക്കു യോഗ്യനല്ലോ; വീട്ടിൽനിന്നു വീട്ടിലേക്കു മാറിപ്പോകരുത്. ഏതു പട്ടണത്തിലെങ്കിലും ചെന്നാൽ അവർ നിങ്ങളെ കൈക്കൊള്ളുന്നു എങ്കിൽ നിങ്ങളുടെ മുമ്പിൽ വയ്ക്കുന്നതു ഭക്ഷിപ്പിൻ. അതിലെ രോഗികളെ സൗഖ്യമാക്കി, ദൈവരാജ്യം നിങ്ങൾക്കു സമീപിച്ചുവന്നിരിക്കുന്നു എന്ന് അവരോടു പറവിൻ. ഏതു പട്ടണത്തിലെങ്കിലും ചെന്നാൽ അവർ നിങ്ങളെ കൈക്കൊള്ളുന്നില്ലെങ്കിൽ അതിന്റെ തെരുക്കളിൽ പോയി: നിങ്ങളുടെ പട്ടണത്തിൽനിന്നു ഞങ്ങളുടെ കാലിനു പറ്റിയ പൊടിയും ഞങ്ങൾ നിങ്ങൾക്കു കുടഞ്ഞേച്ചു പോകുന്നു; എന്നാൽ ദൈവരാജ്യം സമീപിച്ചുവന്നിരിക്കുന്നു എന്ന് അറിഞ്ഞുകൊൾവിൻ എന്നു പറവിൻ.