ലൂക്കൊസ് 1:8-23

ലൂക്കൊസ് 1:8-23 MALOVBSI

അവൻ കൂറിന്റെ ക്രമപ്രകാരം ദൈവസന്നിധിയിൽ പുരോഹിതനായി ശുശ്രൂഷ ചെയ്തുവരുമ്പോൾ: പൗരോഹിത്യമര്യാദപ്രകാരം കർത്താവിന്റെ മന്ദിരത്തിൽ ചെന്ന് ധൂപം കാട്ടുവാൻ അവനു നറുക്കു വന്നു. ധൂപം കാട്ടുന്ന നാഴികയിൽ ജനസമൂഹമൊക്കെയും പുറത്തു പ്രാർഥിച്ചുകൊണ്ടിരുന്നു. അപ്പോൾ കർത്താവിന്റെ ദൂതൻ ധൂപപീഠത്തിന്റെ വലത്തുഭാഗത്തു നില്ക്കുന്നവനായിട്ട് അവന് പ്രത്യക്ഷനായി. സെഖര്യാവ് അവനെ കണ്ടു ഭ്രമിച്ച് ഭയപരവശനായി. ദൂതൻ അവനോടു പറഞ്ഞത്: സെഖര്യാവേ, ഭയപ്പെടേണ്ടാ; നിന്റെ പ്രാർഥനയ്ക്ക് ഉത്തരമായി: നിന്റെ ഭാര്യ എലീശബെത്ത് നിനക്ക് ഒരു മകനെ പ്രസവിക്കും; അവനു യോഹന്നാൻ എന്നു പേർ ഇടേണം. നിനക്കു സന്തോഷവും ഉല്ലാസവും ഉണ്ടാകും; അവന്റെ ജനനത്തിങ്കൽ പലരും സന്തോഷിക്കും. അവൻ കർത്താവിന്റെ സന്നിധിയിൽ വലിയവൻ ആകും; വീഞ്ഞും മദ്യവും കുടിക്കയില്ല; അമ്മയുടെ ഗർഭത്തിൽവച്ചു തന്നെ പരിശുദ്ധാത്മാവുകൊണ്ടു നിറയും. അവൻ യിസ്രായേൽമക്കളിൽ പലരെയും അവരുടെ ദൈവമായ കർത്താവിങ്കലേക്കു തിരിച്ചുവരുത്തും. അവൻ അപ്പന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും വഴങ്ങാത്തവരെ നീതിമാന്മാരുടെ ബോധത്തിലേക്കും തിരിച്ചുംകൊണ്ട് ഒരുക്കമുള്ളോരു ജനത്തെ കർത്താവിനുവേണ്ടി ഒരുക്കുവാൻ അവനു മുമ്പായി ഏലീയാവിന്റെ ആത്മാവോടും ശക്തിയോടുംകൂടെ നടക്കും. സെഖര്യാവ് ദൂതനോട്; ഇതു ഞാൻ എന്തൊന്നിനാൽ അറിയും? ഞാൻ വൃദ്ധനും എന്റെ ഭാര്യ വയസ്സുചെന്നവളുമല്ലോ എന്നു പറഞ്ഞു. ദൂതൻ അവനോട്: ഞാൻ ദൈവസന്നിധിയിൽ നില്ക്കുന്ന ഗബ്രീയേൽ ആകുന്നു; നിന്നോടു സംസാരിപ്പാനും ഈ സദ്വർത്തമാനം നിന്നോട് അറിയിപ്പാനും എന്നെ അയച്ചിരിക്കുന്നു. തക്കസമയത്തു നിവൃത്തിവരുവാനുള്ള എന്റെ ഈ വാക്ക് വിശ്വസിക്കായ്കകൊണ്ട് അതു സംഭവിക്കുംവരെ നീ സംസാരിപ്പാൻ കഴിയാതെ മൗനമായിരിക്കും എന്ന് ഉത്തരം പറഞ്ഞു. ജനം സെഖര്യാവിനായി കാത്തിരുന്നു, അവൻ മന്ദിരത്തിൽ താമസിച്ചതിനാൽ ആശ്ചര്യപ്പെട്ടു. അവൻ പുറത്തുവന്നാറെ അവരോടു സംസാരിപ്പാൻ കഴിഞ്ഞില്ല; അതിനാൽ അവൻ മന്ദിരത്തിൽ ഒരു ദർശനം കണ്ടു എന്ന് അവർ അറിഞ്ഞു; അവൻ അവർക്ക് ആംഗ്യം കാട്ടി ഊമനായി പാർത്തു. അവന്റെ ശുശ്രൂഷാകാലം തികഞ്ഞശേഷം അവൻ വീട്ടിലേക്കു പോയി.

ലൂക്കൊസ് 1:8-23 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും