കേട്ടവർ എല്ലാവരും അതു ഹൃദയത്തിൽ നിക്ഷേപിച്ചു: ഈ പൈതൽ എന്ത് ആകും എന്നു പറഞ്ഞു; കർത്താവിന്റെ കൈ അവനോടുകൂടെ ഉണ്ടായിരുന്നു. അവന്റെ അപ്പനായ സെഖര്യാവ് പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചുപറഞ്ഞത്: “യിസ്രായേലിന്റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്കയും ആദിമുതൽ തന്റെ വിശുദ്ധപ്രവാചകന്മാർ മുഖാന്തരം അരുളിച്ചെയ്തതുപോലെ നമ്മുടെ ശത്രുക്കളുടെ വശത്തുനിന്നും നമ്മെ പകയ്ക്കുന്ന ഏവരുടെയും കൈയിൽനിന്നും നമ്മെ രക്ഷിപ്പാൻ തന്റെ ദാസനായ ദാവീദിന്റെ ഗൃഹത്തിൽ നമുക്കു രക്ഷയുടെ കൊമ്പ് ഉയർത്തുകയും ചെയ്തിരിക്കുന്നത്, നമ്മുടെ പിതാക്കന്മാരോടു കരുണ പ്രവർത്തിക്കേണ്ടതിനും നമ്മുടെ ശത്രുക്കളുടെ കൈയിൽനിന്നു രക്ഷിക്കപ്പെട്ട്, നാം ആയുഷ്കാലമൊക്കെയും ഭയംകൂടാതെ തിരുമുമ്പിൽ വിശുദ്ധിയിലും നീതിയിലും തന്നെ ആരാധിപ്പാൻ നമുക്കു കൃപ നല്കുമെന്ന് അവൻ നമ്മുടെ പിതാവായ അബ്രാഹാമിനോടു ചെയ്ത സത്യവും തന്റെ വിശുദ്ധനിയമവും ഓർത്തതുകൊണ്ടും ആകുന്നു. നീയോ പൈതലേ, അത്യുന്നതന്റെ പ്രവാചകൻ എന്നു വിളിക്കപ്പെടും. കർത്താവിന്റെ വഴി ഒരുക്കുവാനും നമ്മുടെ ദൈവത്തിന്റെ ആർദ്രകരുണയാൽ അവന്റെ ജനത്തിന് പാപമോചനത്തിൽ രക്ഷാപരിജ്ഞാനം കൊടുപ്പാനുമായി നീ അവനു മുമ്പായി നടക്കും. ഇരുളിലും മരണനിഴലിലും ഇരിക്കുന്നവർക്കു പ്രകാശിച്ച്, നമ്മുടെ കാലുകളെ സമാധാനമാർഗത്തിൽ നടത്തേണ്ടതിന് ആ ആർദ്രകരുണയാൽ ഉയരത്തിൽനിന്ന് ഉദയം നമ്മെ സന്ദർശിച്ചിരിക്കുന്നു.”
ലൂക്കൊസ് 1 വായിക്കുക
കേൾക്കുക ലൂക്കൊസ് 1
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ലൂക്കൊസ് 1:66-79
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ