ലേവ്യാപുസ്തകം 26:1-13

ലേവ്യാപുസ്തകം 26:1-13 MALOVBSI

വിഗ്രഹങ്ങളെ ഉണ്ടാക്കരുത്; ബിംബമോ സ്തംഭമോ നാട്ടരുത്; രൂപം കൊത്തിയ യാതൊരു കല്ലും നമസ്കരിപ്പാൻ നിങ്ങളുടെ ദേശത്തു നാട്ടുകയും അരുത്; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. നിങ്ങൾ എന്റെ ശബ്ബത്തുകൾ ആചരിക്കയും എന്റെ വിശുദ്ധമന്ദിരം ബഹുമാനിക്കയും വേണം; ഞാൻ യഹോവ ആകുന്നു. എന്റെ ചട്ടം ആചരിച്ച് എന്റെ കല്പന പ്രമാണിച്ച് അനുസരിച്ചാൽ ഞാൻ തക്കസമയത്തു നിങ്ങൾക്കു മഴ തരും; ഭൂമി വിളവു തരും; ഭൂമിയിലുള്ള വൃക്ഷവും ഫലം തരും. നിങ്ങളുടെ മെതി മുന്തിരിപ്പഴം പറിക്കുന്നതുവരെ നില്ക്കും; മുന്തിരിപ്പഴം പറിക്കുന്നതു വിതകാലംവരെയും നില്ക്കും; നിങ്ങൾ തൃപ്തരായി അഹോവൃത്തി കഴിച്ചു ദേശത്തു നിർഭയം വസിക്കും. ഞാൻ ദേശത്തു സമാധാനം തരും; നിങ്ങൾ കിടക്കും; ആരും നിങ്ങളെ ഭയപ്പെടുത്തുകയില്ല; ഞാൻ ദേശത്തുനിന്നു ദുഷ്ടമൃഗങ്ങളെ നീക്കിക്കളയും; വാൾ നിങ്ങളുടെ ദേശത്തുകൂടി കടക്കയുമില്ല. നിങ്ങളുടെ ശത്രുക്കളെ നിങ്ങൾ ഓടിക്കും; അവർ നിങ്ങളുടെ മുമ്പിൽ വാളിനാൽ വീഴും. നിങ്ങളിൽ അഞ്ചു പേർ നൂറു പേരെ ഓടിക്കും; നിങ്ങളിൽ നൂറു പേർ പതിനായിരം പേരെ ഓടിക്കും; നിങ്ങളുടെ ശത്രുക്കൾ നിങ്ങളുടെ മുമ്പിൽ വാളിനാൽ വീഴും. ഞാൻ നിങ്ങളെ കടാക്ഷിച്ചു സന്താനസമ്പന്നരാക്കി പെരുക്കുകയും നിങ്ങളോടുള്ള എന്റെ നിയമം സ്ഥിരമാക്കുകയും ചെയ്യും. നിങ്ങൾ പഴയ ധാന്യം ഭക്ഷിക്കയും പുതിയതിന്റെ നിമിത്തം പഴയതു പുറത്ത് ഇറക്കുകയും ചെയ്യും. ഞാൻ എന്റെ നിവാസം നിങ്ങളുടെ ഇടയിൽ ആക്കും; എന്റെ ഉള്ളം നിങ്ങളെ വെറുക്കയില്ല. ഞാൻ നിങ്ങളുടെ ഇടയിൽ സഞ്ചരിച്ചുകൊണ്ടിരിക്കും; ഞാൻ നിങ്ങൾക്കു ദൈവവും നിങ്ങൾ എനിക്കു ജനവും ആയിരിക്കും. നിങ്ങൾ മിസ്രയീമ്യർക്ക് അടിമകളാകാതിരിപ്പാൻ അവരുടെ ദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ യഹോവ ഞാൻ ആകുന്നു; ഞാൻ നിങ്ങളുടെ നുകക്കൈകളെ ഒടിച്ചു നിങ്ങളെ നിവിർന്നു നടക്കുമാറാക്കിയിരിക്കുന്നു.