ലേവ്യാപുസ്തകം 25:47-55

ലേവ്യാപുസ്തകം 25:47-55 MALOVBSI

നിന്നോടുകൂടെയുള്ള പരദേശിയോ അന്യനോ സമ്പന്നനാകയും അവന്റെ അടുക്കലുള്ള നിന്റെ സഹോദരൻ ദരിദ്രനായിത്തീർന്നു തന്നെത്താൻ അന്യനോ പരദേശിക്കോ അന്യന്റെ സന്തതിക്കോ വില്ക്കയും ചെയ്താൽ അവൻ തന്നെത്താൻ വിറ്റശേഷം അവനെ വീണ്ടെടുക്കാം; അവന്റെ സഹോദരന്മാരിൽ ഒരുത്തന് അവനെ വീണ്ടെടുക്കാം. അവന്റെ പിതൃവ്യനോ പിതൃവ്യന്റെ പുത്രനോ അവനെ വീണ്ടെടുക്കാം; അല്ലെങ്കിൽ അവന്റെ കുടുംബത്തിൽ അവന്റെ അടുത്ത ചാർച്ചക്കാരിൽ ഒരുത്തന് അവനെ വീണ്ടെടുക്കാം; അവനു പ്രാപ്തിയുണ്ടെങ്കിൽ തന്നെത്താൻ വീണ്ടെടുക്കാം. അവൻ തന്നെ വിറ്റ സംവത്സരംമുതൽ യോബേൽസംവത്സരംവരെയുള്ള കാലക്കണക്കു തന്നെ വാങ്ങിയവനുമായി കൂട്ടിനോക്കേണം; അവന്റെ വില സംവത്സരസംഖ്യക്ക് ഒത്തവണ്ണം ആയിരിക്കേണം; അവൻ ഒരു കൂലിക്കാരന്റെ കാലത്തിന് ഒത്തവണ്ണം അവന്റെ അടുക്കൽ പാർക്കേണം. സംവത്സരം ഏറെയുണ്ടെങ്കിൽ അതിനു തക്കവണ്ണം അവൻ തന്റെ വീണ്ടെടുപ്പുവില തനിക്കു കിട്ടിയ പണത്തിൽനിന്നു മടക്കിക്കൊടുക്കേണം. യോബേൽസംവത്സരംവരെ ശേഷിക്കുന്ന സംവത്സരം കുറെമാത്രം എങ്കിൽ അവനുമായി കണക്കുകൂട്ടി സംവത്സരങ്ങൾക്ക് ഒത്തവണ്ണം തന്റെ വീണ്ടെടുപ്പുവില മടക്കിക്കൊടുക്കേണം. അവൻ ആണ്ടോടാണ്ട് കൂലിക്കാരൻ എന്നപോലെ അവന്റെ അടുക്കൽ ഇരിക്കേണം; നീ കാൺകെ അവൻ അവനോടു കാഠിന്യം പ്രവർത്തിക്കരുത്. ഇങ്ങനെ അവൻ വീണ്ടെടുക്കപ്പെടാതെയിരുന്നാൽ അവനും അവനോടുകൂടെ അവന്റെ മക്കളും യോബേൽസംവത്സരത്തിൽ പുറപ്പെട്ടു പോകേണം. യിസ്രായേൽമക്കൾ എനിക്കു ദാസന്മാർ ആകുന്നു; അവർ മിസ്രയീംദേശത്തുനിന്നു ഞാൻ കൊണ്ടുവന്ന എന്റെ ദാസന്മാർ; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.