ലേവ്യാപുസ്തകം 23:1-14

ലേവ്യാപുസ്തകം 23:1-14 MALOVBSI

യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: നീ യിസ്രായേൽമക്കളോടു പറയേണ്ടത്: എന്റെ ഉത്സവങ്ങൾ, വിശുദ്ധസഭായോഗം വിളിച്ചുകൂട്ടേണ്ടുന്ന യഹോവയുടെ ഉത്സവങ്ങൾ ആവിത്: ആറു ദിവസം വേല ചെയ്യേണം; ഏഴാം ദിവസം വിശുദ്ധസഭായോഗം കൂടേണ്ടുന്ന സ്വസ്ഥതയ്ക്കുള്ള ശബ്ബത്ത്. അന്ന് ഒരു വേലയും ചെയ്യരുത്; നിങ്ങളുടെ സകല വാസസ്ഥലങ്ങളിലും അത് യഹോവയുടെ ശബ്ബത്ത് ആകുന്നു. അതതു കാലത്തു വിശുദ്ധസഭായോഗം വിളിച്ചുകൂട്ടേണ്ടുന്ന യഹോവയുടെ ഉത്സവങ്ങൾ ആവിത്: ഒന്നാം മാസം പതിന്നാലാം തീയതി സന്ധ്യാസമയത്ത് യഹോവയുടെ പെസഹ. ആ മാസം പതിനഞ്ചാം തീയതി യഹോവയ്ക്കു പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ; ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നേണം. ഒന്നാം ദിവസം നിങ്ങൾക്കു വിശുദ്ധസഭായോഗം ഉണ്ടാകേണം; സാമാന്യവേല യാതൊന്നും ചെയ്യരുത്. നിങ്ങൾ ഏഴു ദിവസം യഹോവയ്ക്കു ദഹനയാഗം അർപ്പിക്കേണം; ഏഴാം ദിവസം വിശുദ്ധസഭായോഗം; അന്നു സാമാന്യവേല യാതൊന്നും ചെയ്യരുത്. യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: നീ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: ഞാൻ നിങ്ങൾക്കു തരുന്ന ദേശത്തു നിങ്ങൾ എത്തിയശേഷം അതിലെ വിളവെടുക്കുമ്പോൾ നിങ്ങളുടെ കൊയ്ത്തിലെ ആദ്യത്തെ കറ്റ പുരോഹിതന്റെ അടുക്കൽ കൊണ്ടു വരേണം. നിങ്ങൾക്കു പ്രസാദം ലഭിക്കേണ്ടതിന് അവൻ ആ കറ്റ യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യേണം. ശബ്ബത്തിന്റെ പിറ്റന്നാൾ പുരോഹിതൻ അതു നീരാജനം ചെയ്യേണം. കറ്റ നീരാജനം ചെയ്യുന്ന ദിവസം നിങ്ങൾ യഹോവയ്ക്കു ഹോമയാഗമായി ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു ആണാട്ടിൻകുട്ടിയെ അർപ്പിക്കേണം. അതിന്റെ ഭോജനയാഗം എണ്ണ ചേർത്ത രണ്ടിടങ്ങഴി നേരിയ മാവ് ആയിരിക്കേണം; അതു യഹോവയ്ക്കു സൗരഭ്യവാസനയായുള്ള ദഹനയാഗം; അതിന്റെ പാനീയയാഗം ഒരു നാഴി വീഞ്ഞ് ആയിരിക്കേണം. നിങ്ങളുടെ ദൈവത്തിനു വഴിപാടു കൊണ്ടുവരുന്ന ദിവസംവരെ നിങ്ങൾ അപ്പമാകട്ടെ മലരാകട്ടെ കതിരാകട്ടെ തിന്നരുത്; നിങ്ങളുടെ സകല വാസസ്ഥലങ്ങളിലും ഇതു തലമുറതലമുറയായി നിങ്ങൾക്ക് എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.