ലേവ്യാപുസ്തകം 19:1-18

ലേവ്യാപുസ്തകം 19:1-18 MALOVBSI

യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: നീ യിസ്രായേൽമക്കളുടെ സർവസഭയോടും പറയേണ്ടത് എന്തെന്നാൽ: നിങ്ങളുടെ ദൈവമായ യഹോവ എന്ന ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ. നിങ്ങൾ ഓരോരുത്തൻ താന്താന്റെ അമ്മയെയും അപ്പനെയും ഭയപ്പെടേണം; എന്റെ ശബ്ബത്തുകൾ പ്രമാണിക്കേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. വിഗ്രഹങ്ങളുടെ അടുക്കലേക്കു തിരിയരുത്; ദേവന്മാരെ നിങ്ങൾക്കു വാർത്തുണ്ടാക്കരുത്; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. യഹോവയ്ക്കു സമാധാനയാഗം അർപ്പിക്കുന്നു എങ്കിൽ നിങ്ങൾക്കു പ്രസാദം ലഭിപ്പാൻ തക്കവണ്ണം അർപ്പിക്കേണം. അർപ്പിക്കുന്ന ദിവസവും പിറ്റന്നാളും അതു തിന്നാം; മൂന്നാം ദിവസംവരെ ശേഷിക്കുന്നതു തീയിൽ ഇട്ടു ചുട്ടുകളയേണം. മൂന്നാം ദിവസം തിന്നു എന്നു വരുകിൽ അത് അറപ്പാകുന്നു; പ്രസാദമാകുകയില്ല. അതു തിന്നുന്നവൻ കുറ്റം വഹിക്കും; യഹോവയ്ക്കു വിശുദ്ധമായത് അവൻ അശുദ്ധമാക്കിയല്ലോ; അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം. നിങ്ങളുടെ നിലത്തിലെ വിള നിങ്ങൾ കൊയ്യുമ്പോൾ വയലിന്റെ അരികു തീർത്തു കൊയ്യരുത്; നിന്റെ കൊയ്ത്തിൽ കാലാ പെറുക്കയും അരുത്. നിന്റെ മുന്തിരിത്തോട്ടത്തിൽ കാലാ പറിക്കരുത്; നിന്റെ മുന്തിരിത്തോട്ടത്തിൽ വീണു കിടക്കുന്ന പഴം പെറുക്കയും അരുത്. അവയെ ദരിദ്രനും പരദേശിക്കും വിട്ടേക്കേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. മോഷ്‍ടിക്കരുത്; ചതിക്കരുത്; ഒരുത്തനോട് ഒരുത്തൻ ഭോഷ്കു പറയരുത്. എന്റെ നാമത്തെക്കൊണ്ടു കള്ളസ്സത്യം ചെയ്തു നിന്റെ ദൈവത്തിന്റെ നാമത്തെ അശുദ്ധമാക്കരുത്; ഞാൻ യഹോവ ആകുന്നു. കൂട്ടുകാരനെ പീഡിപ്പിക്കരുത്; അവന്റെ വസ്തു കവർച്ച ചെയ്കയും അരുത്; കൂലിക്കാരന്റെ കൂലി പിറ്റേന്നു രാവിലെവരെ നിന്റെ പക്കൽ ഇരിക്കരുത്. ചെകിടനെ ശപിക്കരുത്; കുരുടന്റെ മുമ്പിൽ ഇടർച്ച വയ്ക്കരുത്; നിന്റെ ദൈവത്തെ ഭയപ്പെടേണം; ഞാൻ യഹോവ ആകുന്നു. ന്യായവിസ്താരത്തിൽ അന്യായം ചെയ്യരുത്; എളിയവന്റെ മുഖം നോക്കാതെയും വലിയവന്റെ മുഖം ആദരിക്കാതെയും നിന്റെ കൂട്ടുകാരനു നീതിയോടെ ന്യായം വിധിക്കേണം. നിന്റെ ജനത്തിന്റെ ഇടയിൽ ഏഷണി പറഞ്ഞു നടക്കരുത്; കൂട്ടുകാരന്റെ മരണത്തിനായി നിഷ്കർഷിക്കരുത്; ഞാൻ യഹോവ ആകുന്നു. സഹോദരനെ നിന്റെ ഹൃദയത്തിൽ ദ്വേഷിക്കരുത്; കൂട്ടുകാരന്റെ പാപം നിന്റെമേൽ വരാതിരിപ്പാൻ അവനെ താൽപര്യമായി ശാസിക്കേണം. പ്രതികാരം ചെയ്യരുത്; നിന്റെ ജനത്തിന്റെ മക്കളോടു പക വയ്ക്കരുത്; കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം; ഞാൻ യഹോവ ആകുന്നു.