ലേവ്യാപുസ്തകം 10:1-11

ലേവ്യാപുസ്തകം 10:1-11 MALOVBSI

അനന്തരം അഹരോന്റെ പുത്രന്മാരായ നാദാബും അബീഹൂവും ഓരോ ധൂപകലശം എടുത്ത് അതിൽ തീ ഇട്ട് അതിന്മേൽ ധൂപവർഗവും ഇട്ടു, അങ്ങനെ തങ്ങളോടു കല്പിച്ചതല്ലാത്ത അന്യാഗ്നി യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്നു. ഉടനെ യഹോവയുടെ സന്നിധിയിൽനിന്നു തീ പുറപ്പെട്ട് അവരെ ദഹിപ്പിച്ചുകളഞ്ഞു; അവർ യഹോവയുടെ സന്നിധിയിൽ മരിച്ചുപോയി. അപ്പോൾ മോശെ: എന്നോട് അടുക്കുന്നവരിൽ ഞാൻ ശുദ്ധീകരിക്കപ്പെടും; സർവജനത്തിന്റെയും മുമ്പാകെ ഞാൻ മഹത്ത്വപ്പെടും എന്ന് യഹോവ അരുളിച്ചെയ്തത് ഇതുതന്നെ എന്ന് അഹരോനോടു പറഞ്ഞു. അഹരോനോ മിണ്ടാതിരുന്നു. പിന്നെ മോശെ അഹരോന്റെ ഇളയപ്പൻ ഉസ്സീയേലിന്റെ പുത്രന്മാരായ മീശായേലിനെയും എത്സാഫാനെയും വിളിച്ച് അവരോട്: നിങ്ങൾ അടുത്തു ചെന്നു നിങ്ങളുടെ സഹോദരന്മാരെ വിശുദ്ധമന്ദിരത്തിന്റെ മുമ്പിൽനിന്നു പാളയത്തിനു പുറത്തു കൊണ്ടുപോകുവിൻ എന്നുപറഞ്ഞു. മോശെ പറഞ്ഞതുപോലെ അവർ അടുത്തുചെന്ന് അവരെ അവരുടെ അങ്കികളോടുകൂടെ പാളയത്തിനു പുറത്തു കൊണ്ടുപോയി. പിന്നെ മോശെ അഹരോനോടും അവന്റെ പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും നിങ്ങൾ മരിക്കാതെയും സർവസഭയുടെയുംമേൽ കോപം വരാതെയും ഇരിപ്പാൻ നിങ്ങളുടെ തലമുടി പിച്ചിപ്പറിക്കരുത്; നിങ്ങളുടെ വസ്ത്രം കീറുകയും അരുത്; നിങ്ങളുടെ സഹോദരന്മാരായ യിസ്രായേൽഗൃഹമൊക്കെയും യഹോവ ദഹിപ്പിച്ച ദഹനം നിമിത്തം കരയട്ടെ. നിങ്ങളോ മരിച്ചുപോകാതിരിക്കേണ്ടതിനു സമാഗമനകൂടാരത്തിന്റെ വാതിൽ വിട്ടു പുറത്തു പോകരുത്; യഹോവയുടെ അഭിഷേകതൈലം നിങ്ങളുടെമേൽ ഇരിക്കുന്നുവല്ലോ എന്നു പറഞ്ഞു. അവർ മോശെയുടെ വചനംപോലെ തന്നെ ചെയ്തു. യഹോവ അഹരോനോട് അരുളിച്ചെയ്തത്: നീയും നിന്റെ പുത്രന്മാരും മരിച്ചുപോകാതിരിക്കേണ്ടതിനു സമാഗമനകൂടാരത്തിൽ കടക്കുമ്പോൾ വീഞ്ഞും മദ്യവും കുടിക്കരുത്. ഇതു നിങ്ങൾക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടമായിരിക്കേണം. ശുദ്ധവും അശുദ്ധവും മലിനവും നിർമ്മലവും തമ്മിൽ നിങ്ങൾ വകതിരിക്കേണ്ടതിനും യഹോവ മോശെ മുഖാന്തരം യിസ്രായേൽമക്കളോടു കല്പിച്ച സകല പ്രമാണങ്ങളും അവരെ ഉപദേശിക്കേണ്ടതിനും തന്നെ.