യോശുവ 6:22-25

യോശുവ 6:22-25 MALOVBSI

എന്നാൽ രാജ്യത്തെ ഒറ്റുനോക്കിയ രണ്ടു പുരുഷന്മാരോടു യോശുവ: വേശ്യയുടെ വീട്ടിൽചെന്ന് അവിടെനിന്ന് ആ സ്ത്രീയെയും അവൾക്കുള്ള സകലത്തെയും നിങ്ങൾ അവളോടു സത്യം ചെയ്തതുപോലെ പുറത്തു കൊണ്ടുവരുവിൻ എന്നു പറഞ്ഞു. അങ്ങനെ ഒറ്റുകാരായിരുന്ന യൗവനക്കാർ ചെന്നു രാഹാബിനെയും അവളുടെ അപ്പനെയും അമ്മയെയും സഹോദരന്മാരെയും അവൾക്കുള്ള സകലത്തെയും പുറത്തു കൊണ്ടുവന്നു; അവളുടെ എല്ലാ ചാർച്ചക്കാരെയും പുറത്തു കൊണ്ടുവന്ന് യിസ്രായേൽപാളയത്തിനു പുറത്തു പാർപ്പിച്ചു. പിന്നെ അവർ പട്ടണവും അതിലുള്ളതൊക്കെയും തീവച്ചു ചുട്ടുകളഞ്ഞു; എന്നാൽ വെള്ളിയും പൊന്നും ചെമ്പുകൊണ്ടും ഇരുമ്പുകൊണ്ടുമുള്ള പാത്രങ്ങളും അവർ യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിൽ വച്ചു. യെരീഹോവിനെ ഒറ്റുനോക്കുവാൻ അയച്ച ദൂതന്മാരെ രാഹാബ് എന്ന വേശ്യ ഒളിപ്പിച്ചതുകൊണ്ട് യോശുവ അവളെയും അവളുടെ പിതൃഭവനത്തെയും അവൾക്കുള്ള സകലത്തെയും ജീവനോടെ രക്ഷിച്ചു; അവൾ ഇന്നുവരെയും യിസ്രായേലിൽ പാർക്കുന്നു.