ആകയാൽ നിങ്ങൾ യഹോവയെ ഭയപ്പെട്ട് അവനെ പരമാർഥതയോടും വിശ്വസ്തതയോടുംകൂടെ സേവിപ്പിൻ. നിങ്ങളുടെ പിതാക്കന്മാർ നദിക്കക്കരെയും മിസ്രയീമിലുംവച്ച് സേവിച്ച ദേവന്മാരെ ഉപേക്ഷിക്കയും യഹോവയെത്തന്നേ സേവിക്കയും ചെയ്‍വിൻ. യഹോവയെ സേവിക്കുന്നത് നന്നല്ലെന്ന് നിങ്ങൾക്കു തോന്നുന്നെങ്കിൽ നദിക്കക്കരെവച്ച് നിങ്ങളുടെ പിതാക്കന്മാർ സേവിച്ച ദേവന്മാരെയോ നിങ്ങൾ പാർത്തുവരുന്ന ദേശത്തിലെ അമോര്യരുടെ ദേവന്മാരെയോ ആരെ സേവിക്കും എന്ന് ഇന്നു തിരഞ്ഞെടുത്തുകൊൾവിൻ. ഞാനും എന്റെ കുടുംബവുമോ, ഞങ്ങൾ യഹോവയെ സേവിക്കും. അതിന് ജനം ഉത്തരം പറഞ്ഞത്: യഹോവയെ ഉപേക്ഷിച്ച് അന്യദൈവങ്ങളെ സേവിപ്പാൻ ഞങ്ങൾക്കു സംഗതി വരരുതേ. ഞങ്ങളെയും ഞങ്ങളുടെ പിതാക്കന്മാരെയും അടിമവീടായ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ച് ഞങ്ങൾ കാൺകെ ആ വലിയ അടയാളങ്ങൾ പ്രവർത്തിക്കയും ഞങ്ങൾ നടന്ന എല്ലാ വഴിയിലും ഞങ്ങൾ കടന്നുപോന്ന സകല ജാതികളുടെ ഇടയിലും ഞങ്ങളെ രക്ഷിക്കയും ചെയ്തവൻ ഞങ്ങളുടെ ദൈവമായ യഹോവ തന്നെയല്ലോ. ദേശത്തു പാർത്തിരുന്ന അമോര്യർ മുതലായ സകല ജാതികളെയും യഹോവ ഞങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞു; ആകയാൽ ഞങ്ങളും യഹോവയെ സേവിക്കും; അവനല്ലോ ഞങ്ങളുടെ ദൈവം. യോശുവ ജനത്തോടു പറഞ്ഞത്: നിങ്ങൾക്ക് യഹോവയെ സേവിപ്പാൻ കഴിയുന്നതല്ല; അവൻ പരിശുദ്ധദൈവം; അവൻ തീക്ഷ്ണതയുള്ള ദൈവം; അവൻ നിങ്ങളുടെ അതിക്രമങ്ങളെയും പാപങ്ങളെയും ക്ഷമിക്കയില്ല. നിങ്ങൾ യഹോവയെ ഉപേക്ഷിച്ച് അന്യദൈവങ്ങളെ സേവിച്ചാൽ മുമ്പേ നിങ്ങൾക്കു നന്മചെയ്തതുപോലെ അവൻ തിരിഞ്ഞ് നിങ്ങൾക്ക് തിന്മ ചെയ്ത് നിങ്ങളെ സംഹരിക്കും. ജനം യോശുവയോട്: അല്ല, ഞങ്ങൾ യഹോവയെത്തന്നെ സേവിക്കും എന്നു പറഞ്ഞു. യോശുവ ജനത്തോട്: യഹോവയെ സേവിക്കേണ്ടതിന് നിങ്ങൾ അവനെ തിരഞ്ഞെടുത്തിരിക്കുന്നു എന്നതിന് നിങ്ങൾ തന്നെ സാക്ഷികൾ എന്നു പറഞ്ഞു. അതേ, ഞങ്ങൾ തന്നെ സാക്ഷികൾ എന്ന് അവർ പറഞ്ഞു. ആകയാൽ ഇപ്പോൾ നിങ്ങളുടെ ഇടയിലുള്ള അന്യദൈവങ്ങളെ നീക്കിക്കളഞ്ഞ് യിസ്രായേലിന്റെ ദൈവമായ യഹോവയിങ്കലേക്ക് നിങ്ങളുടെ ഹൃദയം ചായിപ്പിൻ എന്ന് അവൻ പറഞ്ഞു. ജനം യോശുവയോട്: ഞങ്ങളുടെ ദൈവമായ യഹോവയെ ഞങ്ങൾ സേവിക്കും; അവന്റെ വാക്ക് ഞങ്ങൾ അനുസരിക്കും എന്നു പറഞ്ഞു.
യോശുവ 24 വായിക്കുക
കേൾക്കുക യോശുവ 24
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: യോശുവ 24:14-24
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ