അനന്തരം യോശുവ യിസ്രായേൽ ഗോത്രങ്ങളെയെല്ലാം ശെഖേമിൽ കൂട്ടി; യിസ്രായേലിന്റെ മൂപ്പന്മാരെയും തലവന്മാരെയും ന്യായാധിപന്മാരെയും പ്രമാണികളെയും വിളിച്ചു; അവർ ദൈവത്തിന്റെ സന്നിധിയിൽ വന്നു നിന്നു. അപ്പോൾ യോശുവ സർവജനത്തോടും പറഞ്ഞതെന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിന്റെയും നാഹോരിന്റെയും പിതാവായ തേരഹ് പണ്ടു നദിക്കക്കരെ പാർത്ത് അന്യദൈവങ്ങളെ സേവിച്ചുപോന്നു. എന്നാൽ ഞാൻ നിങ്ങളുടെ പിതാവായ അബ്രാഹാമിനെ നദിക്കക്കരെനിന്നു കൊണ്ടുവന്ന് കനാൻദേശത്തൊക്കെയും സഞ്ചരിപ്പിച്ച് അവന്റെ സന്തതിയെ വർധിപ്പിക്കയും അവന് യിസ്ഹാക്കിനെ കൊടുക്കയും ചെയ്തു. യിസ്ഹാക്കിന് ഞാൻ യാക്കോബിനെയും ഏശാവിനെയും കൊടുത്തു; ഏശാവിനു ഞാൻ സേയീർപർവതം അവകാശമായി കൊടുത്തു; എന്നാൽ യാക്കോബും അവന്റെ മക്കളും മിസ്രയീമിലേക്കു പോയി. പിന്നെ ഞാൻ മോശെയെയും അഹരോനെയും അയച്ചു; ഞാൻ മിസ്രയീമിൽ പ്രവർത്തിച്ച പ്രവൃത്തികളാൽ അതിനെ ബാധിച്ചു; അതിന്റെ ശേഷം നിങ്ങളെ പുറപ്പെടുവിച്ചു. അങ്ങനെ ഞാൻ നിങ്ങളുടെ പിതാക്കന്മാരെ മിസ്രയീമിൽനിന്ന് പുറപ്പെടുവിച്ചു; നിങ്ങൾ കടലിനരികെ എത്തി; മിസ്രയീമ്യർ രഥങ്ങളോടും കുതിരകളോടുംകൂടെ ചെങ്കടൽവരെ നിങ്ങളുടെ പിതാക്കന്മാരെ പിന്തുടർന്നു; അവർ യഹോവയോടു നിലവിളിച്ചപ്പോൾ അവൻ നിങ്ങൾക്കും മിസ്രയീമ്യർക്കും മധ്യേ അന്ധകാരം വച്ചു കടൽ അവരുടെമേൽ വരുത്തി അവരെ മുക്കിക്കളഞ്ഞു; ഇങ്ങനെ ഞാൻ മിസ്രയീമ്യരോടു ചെയ്തത് നിങ്ങൾ കണ്ണാലെ കണ്ടു; നിങ്ങൾ ഏറിയകാലം മരുഭൂമിയിൽ കഴിച്ചു. പിന്നെ ഞാൻ നിങ്ങളെ യോർദ്ദാനക്കരെ പാർത്തിരുന്ന അമോര്യരുടെ ദേശത്തേക്കു കൊണ്ടുവന്നു; അവർ നിങ്ങളോടു യുദ്ധം ചെയ്തു; നിങ്ങൾ അവരുടെ ദേശം കൈവശമാക്കേണ്ടതിന് ഞാൻ അവരെ നിങ്ങളുടെ കൈയിൽ ഏല്പിച്ചു, നിങ്ങളുടെ മുമ്പിൽനിന്ന് നശിപ്പിച്ചുകളഞ്ഞു. അനന്തരം സിപ്പോരിന്റെ മകൻ മോവാബ്യരാജാവായ ബാലാക് പുറപ്പെട്ട് യിസ്രായേലിനോട് യുദ്ധം ചെയ്തു; നിങ്ങളെ ശപിപ്പാൻ ബെയോരിന്റെ മകനായ ബിലെയാമിനെ വിളിപ്പിച്ചു. എങ്കിലും എനിക്ക് ബിലെയാമിന്റെ അപേക്ഷ കേൾപ്പാൻ മനസ്സില്ലായ്കയാൽ അവൻ നിങ്ങളെ അനുഗ്രഹിച്ചു; ഇങ്ങനെ ഞാൻ നിങ്ങളെ അവന്റെ കൈയിൽനിന്നു വിടുവിച്ചു. പിന്നെ നിങ്ങൾ യോർദ്ദാൻ കടന്ന് യെരീഹോവിലേക്കു വന്നു; യെരീഹോനിവാസികൾ, അമോര്യർ, പെരിസ്യർ, കനാന്യർ, ഹിത്യർ, ഗിർഗ്ഗസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവർ നിങ്ങളോടു യുദ്ധംചെയ്തു; ഞാൻ അവരെ നിങ്ങളുടെ കൈയിൽ ഏല്പിച്ചു. ഞാൻ നിങ്ങളുടെ മുമ്പിൽ കടന്നലിനെ അയച്ചു; അത് നിങ്ങളുടെ മുമ്പിൽനിന്ന് അമോര്യരുടെ ആ രണ്ടു രാജാക്കന്മാരെ ഓടിച്ചുകളഞ്ഞു; നിന്റെ വാളുകൊണ്ടല്ല, നിന്റെ വില്ലുകൊണ്ടും അല്ല. നിങ്ങൾ പ്രയത്നം ചെയ്യാത്ത ദേശവും നിങ്ങൾ പണിയാത്ത പട്ടണങ്ങളും ഞാൻ നിങ്ങൾക്കു തന്നു; നിങ്ങൾ അവയിൽ പാർക്കുന്നു; നിങ്ങൾ നട്ടിട്ടില്ലാത്ത മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും നിങ്ങൾക്ക് അനുഭവമായിരിക്കുന്നു.
യോശുവ 24 വായിക്കുക
കേൾക്കുക യോശുവ 24
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: യോശുവ 24:1-13
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ