അനന്തരം അവർ: വരുവിൻ; ആരുടെ നിമിത്തം ഈ അനർഥം നമ്മുടെമേൽ വന്നിരിക്കുന്നു എന്നറിയേണ്ടതിനു നാം ചീട്ടിടുക എന്നു തമ്മിൽ തമ്മിൽ പറഞ്ഞു. അങ്ങനെ അവർ ചീട്ടിട്ടു; ചീട്ട് യോനായ്ക്കു വീണു. അവർ അവനോട്: ആരുടെ നിമിത്തം ഈ അനർഥം നമ്മുടെമേൽ വന്നു എന്നു നീ പറഞ്ഞുതരേണം; നിന്റെ തൊഴിൽ എന്ത്? നീ എവിടെനിന്നു വരുന്നു? നിന്റെ നാട് ഏത്? നീ ഏതു ജാതിക്കാരൻ? എന്നു ചോദിച്ചു. അതിന് അവൻ അവരോട്: ഞാൻ ഒരു എബ്രായൻ, കടലും കരയും ഉണ്ടാക്കിയ സ്വർഗീയദൈവമായ യഹോവയെ ഞാൻ ഭജിച്ചുവരുന്നു എന്നു പറഞ്ഞു. ആ പുരുഷന്മാർ അത്യന്തം ഭയപ്പെട്ട് അവനോട്: നീ എന്തിന് അങ്ങനെ ചെയ്തു എന്നു പറഞ്ഞു. അവൻ അവരോട് അറിയിച്ചിരുന്നതുകൊണ്ട് അവൻ യഹോവയുടെ സന്നിധിയിൽനിന്ന് ഓടിപ്പോകുന്നു എന്ന് അവർ അറിഞ്ഞു. എന്നാൽ സമുദ്രം മേല്ക്കുമേൽ അധികം കോപിച്ചതുകൊണ്ട് അവർ അവനോട്: സമുദ്രം അടങ്ങുവാൻ തക്കവണ്ണം ഞങ്ങൾ നിന്നോട് എന്തു ചെയ്യേണ്ടൂ എന്നു ചോദിച്ചു. അവൻ അവരോട്: എന്നെ എടുത്തു സമുദ്രത്തിൽ ഇട്ടുകളവിൻ; അപ്പോൾ സമുദ്രം അടങ്ങും; എന്റെ നിമിത്തം ഈ വലിയ കോൾ നിങ്ങൾക്കു തട്ടിയിരിക്കുന്നു എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു. എന്നാൽ അവർ കരയ്ക്ക് അടുക്കേണ്ടതിനു മുറുകെ തണ്ടു വലിച്ചു; എങ്കിലും സമുദ്രം കോപിച്ചു കോൾ പെരുകിവന്നതുകൊണ്ട് അവർക്കു സാധിച്ചില്ല. അവർ യഹോവയോടു നിലവിളിച്ചു: അയ്യോ യഹോവേ, ഈ മനുഷ്യന്റെ ജീവൻ നിമിത്തം ഞങ്ങൾ നശിച്ചു പോകരുതേ; നിർദോഷരക്തം ചൊരിയിച്ച കുറ്റം ഞങ്ങളുടെമേൽ വരുത്തരുതേ; യഹോവേ, നിനക്ക് ഇഷ്ടമായതുപോലെ നീ ചെയ്തിരിക്കുന്നുവല്ലോ എന്നു പറഞ്ഞു. പിന്നെ അവർ യോനായെ എടുത്തു സമുദ്രത്തിൽ ഇട്ടുകളകയും സമുദ്രത്തിന്റെ കോപം അടങ്ങുകയും ചെയ്തു. അപ്പോൾ അവർ യഹോവയെ അത്യന്തം ഭയപ്പെട്ട് യഹോവയ്ക്ക് യാഗം കഴിച്ചു നേർച്ചകളും നേർന്നു. യോനായെ വിഴുങ്ങേണ്ടതിനു യഹോവ ഒരു മഹാമത്സ്യത്തെ കല്പിച്ചാക്കിയിരുന്നു. അങ്ങനെ യോനാ മൂന്നു രാവും മൂന്നു പകലും മത്സ്യത്തിന്റെ വയറ്റിൽ കിടന്നു.
യോനാ 1 വായിക്കുക
കേൾക്കുക യോനാ 1
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: യോനാ 1:7-17
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ