ഇയ്യോബ് 28:12-28

ഇയ്യോബ് 28:12-28 MALOVBSI

എന്നാൽ ജ്ഞാനം എവിടെ കണ്ടുകിട്ടും? വിവേകത്തിന്റെ ഉദ്ഭവസ്ഥാനം എവിടെ? അതിന്റെ വില മനുഷ്യൻ അറിയുന്നില്ല; ജീവനുള്ളവരുടെ ദേശത്ത് അതിനെ കണ്ടെത്തുന്നില്ല. അത് എന്നിൽ ഇല്ല എന്ന് ആഴി പറയുന്നു; അത് എന്റെ പക്കൽ ഇല്ല എന്നു സമുദ്രവും പറയുന്നു. തങ്കം കൊടുത്താൽ അതു കിട്ടുന്നതല്ല; അതിന്റെ വിലയായി വെള്ളി തൂക്കിക്കൊടുക്കാറുമില്ല. ഓഫീർപൊന്നോ വിലയേറിയ ഗോമേദകമോ നീലരത്നമോ ഒന്നും അതിന് ഈടാകുന്നതല്ല; സ്വർണവും സ്ഫടികവും അതിനോട് ഒക്കുന്നില്ല; തങ്കംകൊണ്ടുള്ള പണ്ടങ്ങൾക്ക് അതിനെ മാറിക്കൊടുപ്പാറില്ല. പവിഴത്തിന്റെയും പളുങ്കിന്റെയും പേർ മിണ്ടുകേ വേണ്ടാ; ജ്ഞാനത്തിന്റെ വില മുത്തുകളിലും കവിഞ്ഞതല്ലോ. കൂശിലെ പുഷ്പരാഗം അതിനോട് ഒക്കുന്നില്ല; തങ്കംകൊണ്ട് അതിന്റെ വില മതിക്കാവുന്നതുമല്ല. പിന്നെ ജ്ഞാനം എവിടെനിന്നു വരുന്നു? വിവേകത്തിന്റെ ഉദ്ഭവസ്ഥാനം എവിടെ? അതു സകല ജീവികളുടെയും കണ്ണുകൾക്കു മറഞ്ഞിരിക്കുന്നു; ആകാശത്തിലെ പക്ഷികൾക്ക് അതു ഗുപ്തമായിരിക്കുന്നു. ഞങ്ങളുടെ ചെവികൊണ്ട് അതിന്റെ കേൾവി കേട്ടിട്ടുണ്ട് എന്നു നരകവും മരണവും പറയുന്നു. ദൈവം അതിന്റെ വഴി അറിയുന്നു; അതിന്റെ ഉദ്ഭവസ്ഥാനം അവനു നിശ്ചയമുണ്ട്. അവൻ ഭൂമിയുടെ അറ്റങ്ങളോളവും നോക്കുന്നു; ആകാശത്തിന്റെ കീഴിലൊക്കെയും കാണുന്നു. അവൻ കാറ്റിനെ തൂക്കിനോക്കുകയും വെള്ളത്തിന്റെ അളവ് നിശ്ചയിക്കയും ചെയ്യുന്നു. അവൻ മഴയ്ക്ക് ഒരു നിയമവും ഇടിമിന്നലിന് ഒരു വഴിയും ഉണ്ടാക്കിയപ്പോൾ അവൻ അതു കണ്ടു വർണിക്കയും അതു സ്ഥാപിച്ചു പരിശോധിക്കയും ചെയ്തു. കർത്താവിനോടുള്ള ഭക്തി തന്നെ ജ്ഞാനം; ദോഷം അകന്നു നടക്കുന്നതുതന്നെ വിവേകം എന്ന് അവൻ മനുഷ്യനോട് അരുളിച്ചെയ്തു.