ഇയ്യോബ് 11
11
1അതിനു നയമാത്യനായ സോഫർ ഉത്തരം പറഞ്ഞതെന്തെന്നാൽ:
2വാക്ബാഹുല്യത്തിന് ഉത്തരം പറയേണ്ടയോ?
വിടുവായൻ നീതിമാനായിരിക്കുമോ?
3നിന്റെ വായ്പട കേട്ടിട്ടു പുരുഷന്മാർ മിണ്ടാതിരിക്കുമോ?
നീ പരിഹസിക്കുമ്പോൾ നിന്നെ ലജ്ജിപ്പിപ്പാൻ ആരുമില്ലയോ?
4എന്റെ ഉപദേശം നിർമ്മലം എന്നും
തൃക്കണ്ണിനു ഞാൻ വെടിപ്പുള്ളവൻ എന്നും നീ പറഞ്ഞുവല്ലോ.
5അയ്യോ ദൈവം അരുളിച്ചെയ്കയും നിന്റെ നേരേ അധരം തുറക്കയും
6ജ്ഞാനമർമങ്ങൾ വിവിധ സാഫല്യമുള്ളവ എന്നു നിന്നെ ഗ്രഹിപ്പിക്കയും ചെയ്തു എങ്കിൽ!
അപ്പോൾ നിന്റെ അകൃത്യം ഓരോന്നും ദൈവം ക്ഷമിച്ചിരിക്കുന്നു എന്നു നീ അറിയുമായിരുന്നു.
7ദൈവത്തിന്റെ അഗാധതത്വം നിനക്കു ഗ്രഹിക്കാമോ?
സർവശക്തന്റെ സമ്പൂർത്തി നിനക്കു മനസ്സിലാകുമോ?
8അത് ആകാശത്തോളം ഉയരമുള്ളത്; നീ എന്തു ചെയ്യും;
അതു പാതാളത്തെക്കാൾ അഗാധമായത്; നിനക്കെന്തറിയാം?
9അതിന്റെ പരിമാണം ഭൂമിയെക്കാൾ നീളവും
സമുദ്രത്തെക്കാൾ വീതിയും ഉള്ളത്.
10അവൻ കടന്നുവന്നു ബന്ധിക്കയും വിസ്താരസഭയെ കൂട്ടുകയും ചെയ്താൽ
അവനെ തടുക്കുന്നത് ആർ?
11അവൻ നിസ്സാരന്മാരെ അറിയുന്നുവല്ലോ;
ദൃഷ്‍ടിവയ്ക്കാതെ തന്നെ അവൻ ദ്രോഹം കാണുന്നു.
12പൊണ്ണനായവനും ബുദ്ധിപ്രാപിക്കും;
കാട്ടുകഴുതക്കുട്ടി മനുഷ്യനായി ജനിക്കും;
13നീ നിന്റെ ഹൃദയത്തെ സ്ഥിരമാക്കി
അവങ്കലേക്കു കൈമലർത്തുമ്പോൾ
14നിന്റെ കൈയിൽ ദ്രോഹം ഉണ്ടെങ്കിൽ അതിനെ അകറ്റുക;
നീതികേടു നിന്റെ കൂടാരങ്ങളിൽ പാർപ്പിക്കരുത്.
15അപ്പോൾ നീ കളങ്കംകൂടാതെ മുഖം ഉയർത്തും;
നീ ഉറച്ചുനില്ക്കും; ഭയപ്പെടുകയുമില്ല.
16അതേ, നീ കഷ്ടത മറക്കും; ഒഴുകിപ്പോയ വെള്ളംപോലെ അതിനെ ഓർക്കും.
17നിന്റെ ആയുസ്സ് മധ്യാഹ്നത്തെക്കാൾ പ്രകാശിക്കും;
ഇരുൾ പ്രഭാതംപോലെയാകും.
18പ്രത്യാശയുള്ളതുകൊണ്ട് നീ നിർഭയനായിരിക്കും;
നീ ചുറ്റും നോക്കി സ്വൈരമായി വസിക്കും;
19നീ കിടക്കും; ആരും നിന്നെ ഭയപ്പെടുത്തുകയില്ല;
പലരും നിന്റെ മമത അന്വേഷിക്കും.
20എന്നാൽ ദുഷ്ടന്മാരുടെ കണ്ണു മങ്ങിപ്പോകും;
ശരണം അവർക്കു പൊയ്പോകും;
പ്രാണനെ വിടുന്നതത്രേ അവർക്കുള്ള പ്രത്യാശ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ഇയ്യോബ് 11: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.