യെരൂശലേമ്യരിൽ ചിലർ: അവർ കൊല്ലുവാൻ അന്വേഷിക്കുന്നവൻ ഇവൻ അല്ലയോ? അവൻ ധൈര്യത്തോടെ സംസാരിക്കുന്നുവല്ലോ; അവർ അവനോട് ഒന്നും പറയുന്നില്ല; ഇവൻ ക്രിസ്തു ആകുന്നു എന്നു പ്രമാണികൾ യഥാർഥമായി ഗ്രഹിച്ചുവോ? എങ്കിലും ഇവൻ എവിടെനിന്ന് എന്നു നാം അറിയുന്നു; ക്രിസ്തു വരുമ്പോഴോ അവൻ എവിടെനിന്ന് എന്ന് ആരും അറികയില്ല എന്നു പറഞ്ഞു. ആകയാൽ യേശു ദൈവാലയത്തിൽ ഉപദേശിക്കുമ്പോൾ: നിങ്ങൾ എന്നെ അറിയുന്നു; ഞാൻ എവിടെനിന്നെന്നും അറിയുന്നു. ഞാൻ സ്വയമായിട്ടു വന്നവനല്ല, എന്നെ അയച്ചവൻ സത്യവാൻ ആകുന്നു; അവനെ നിങ്ങൾ അറിയുന്നില്ല. ഞാൻ അവന്റെ അടുക്കൽനിന്നു വന്നതുകൊണ്ടും അവൻ എന്നെ അയച്ചതുകൊണ്ടും ഞാൻ അവനെ അറിയുന്നു എന്നു വിളിച്ചുപറഞ്ഞു. ആകയാൽ അവർ അവനെ പിടിപ്പാൻ അന്വേഷിച്ചു എങ്കിലും അവന്റെ നാഴിക വന്നിട്ടില്ലായ്കയാൽ ആരും അവന്റെമേൽ കൈവച്ചില്ല. പുരുഷാരത്തിൽ പലരും: ക്രിസ്തു വരുമ്പോൾ ഇവൻ ചെയ്തതിൽ അധികം അടയാളം ചെയ്യുമോ എന്നു പറഞ്ഞ് അവനിൽ വിശ്വസിച്ചു. പുരുഷാരം അവനെക്കുറിച്ച് ഇങ്ങനെ കുശുകുശുക്കുന്നു എന്നു പരീശന്മാർ കേട്ടാറെ അവനെ പിടിക്കേണ്ടതിനു മഹാപുരോഹിതന്മാരും പരീശന്മാരും ചേവകരെ അയച്ചു. യേശുവോ: ഞാൻ ഇനി കുറെനേരം നിങ്ങളോടുകൂടെ ഇരിക്കുന്നു; പിന്നെ എന്നെ അയച്ചവന്റെ അടുക്കൽ പോകുന്നു. നിങ്ങൾ എന്നെ അന്വേഷിക്കും കണ്ടെത്തുകയില്ലതാനും; ഞാൻ ഇരിക്കുന്നേടത്തു നിങ്ങൾക്കു വരുവാൻ കഴികയുമില്ല എന്നു പറഞ്ഞു. അതു കേട്ടിട്ടു യെഹൂദന്മാർ: നാം കണ്ടെത്താതവണ്ണം ഇവൻ എവിടേക്കു പോകുവാൻ ഭാവിക്കുന്നു? യവനന്മാരുടെ ഇടയിൽ ചിതറിപ്പാർക്കുന്നവരുടെ അടുക്കൽ പോയി യവനരെ ഉപദേശിപ്പാൻ ഭാവമോ? നിങ്ങൾ എന്നെ അന്വേഷിക്കും, എന്നെ കണ്ടെത്തുകയില്ലതാനും; ഞാൻ ഇരിക്കുന്നേടത്തു നിങ്ങൾക്കു വരുവാൻ കഴികയുമില്ല എന്ന് ഈ പറഞ്ഞ വാക്ക് എന്ത് എന്ന് തമ്മിൽ തമ്മിൽ പറഞ്ഞു. ഉത്സവത്തിന്റെ മഹാദിനമായ ഒടുക്കത്തെ നാളിൽ യേശു നിന്നുകൊണ്ട്: ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ വന്ന് കുടിക്കട്ടെ. എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽനിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ ഒഴുകും എന്നു വിളിച്ചുപറഞ്ഞു. അവൻ ഇതു തന്നിൽ വിശ്വസിക്കുന്നവർക്കു ലഭിപ്പാനുള്ള ആത്മാവിനെക്കുറിച്ച് ആകുന്നു പറഞ്ഞത്; യേശു അന്ന് തേജസ്കരിക്കപ്പെട്ടിട്ടില്ലായ്കയാൽ ആത്മാവ് വന്നിട്ടില്ലായിരുന്നു. പുരുഷാരത്തിൽ പലരും ആ വാക്കു കേട്ടിട്ട്: ഇവൻ സാക്ഷാൽ ആ പ്രവാചകൻ ആകുന്നു എന്നു പറഞ്ഞു. വേറേ ചിലർ: ഇവൻ ക്രിസ്തുതന്നെ എന്നും മറ്റു ചിലർ: ഗലീലയിൽനിന്നോ ക്രിസ്തു വരുന്നത്? ദാവീദിന്റെ സന്തതിയിൽനിന്നും ദാവീദ് പാർത്ത ഗ്രാമമായ ബേത്‍ലഹേമിൽനിന്നും ക്രിസ്തു വരുന്നു എന്നു തിരുവെഴുത്തു പറയുന്നില്ലയോ എന്നും പറഞ്ഞു. അങ്ങനെ പുരുഷാരത്തിൽ അവനെച്ചൊല്ലി ഭിന്നത ഉണ്ടായി. അവരിൽ ചിലർ അവനെ പിടിപ്പാൻ ഭാവിച്ചു എങ്കിലും ആരും അവന്റെമേൽ കൈവച്ചില്ല. ചേവകർ മഹാപുരോഹിതന്മാരുടെയും പരീശന്മാരുടെയും അടുക്കൽ മടങ്ങിവന്നപ്പോൾ അവർ അവരോട്: നിങ്ങൾ അവനെ കൊണ്ടുവരാഞ്ഞത് എന്ത് എന്ന് ചോദിച്ചതിന്: ഈ മനുഷ്യൻ സംസാരിക്കുന്നതുപോലെ ആരും ഒരുനാളും സംസാരിച്ചിട്ടില്ല എന്ന് ചേവകർ ഉത്തരം പറഞ്ഞു. പരീശന്മാർ അവരോട്: നിങ്ങളും തെറ്റിപ്പോയോ? പ്രമാണികളിൽ ആകട്ടെ പരീശന്മാരിൽ ആകട്ടെ ആരെങ്കിലും അവനിൽ വിശ്വസിച്ചിട്ടുണ്ടോ? ന്യായപ്രമാണം അറിയാത്ത പുരുഷാരമോ ശപിക്കപ്പെട്ടവരാകുന്നു എന്ന് ഉത്തരം പറഞ്ഞു. അവരിൽ ഒരുത്തനായി, മുമ്പേ അവന്റെ അടുക്കൽ വന്നിരുന്ന നിക്കോദേമൊസ് അവരോട്: ഒരു മനുഷ്യന്റെ വാമൊഴി ആദ്യം കേട്ട്, അവൻ ചെയ്യുന്നത് ഇന്നത് എന്ന് അറിഞ്ഞിട്ടല്ലാതെ നമ്മുടെ ന്യായപ്രമാണം അവനെ വിധിക്കുന്നുവോ എന്നു പറഞ്ഞു. അവർ അവനോട്: നീയും ഗലീലക്കാരനോ? പരിശോധിച്ചുനോക്കുക; ഗലീലയിൽനിന്നു പ്രവാചകൻ എഴുന്നേല്ക്കുന്നില്ലല്ലോ എന്ന് ഉത്തരം പറഞ്ഞു. [അങ്ങനെ ഓരോരുത്തൻ താന്താന്റെ വീട്ടിൽ പോയി.
യോഹന്നാൻ 7 വായിക്കുക
കേൾക്കുക യോഹന്നാൻ 7
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: യോഹന്നാൻ 7:25-53
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ