യോഹന്നാൻ 6:60-71

യോഹന്നാൻ 6:60-71 MALOVBSI

അവന്റെ ശിഷ്യന്മാർ പലരും അതു കേട്ടിട്ട്: ഇത് കഠിനവാക്ക്; ഇത് ആർക്കു കേൾപ്പാൻ കഴിയും എന്നു പറഞ്ഞു. ശിഷ്യന്മാർ അതിനെച്ചൊല്ലി പിറുപിറുക്കുന്നതു യേശു തന്നിൽത്തന്നെ അറിഞ്ഞ് അവരോട്: ഇതു നിങ്ങൾക്ക് ഇടർച്ച ആകുന്നുവോ? മനുഷ്യപുത്രൻ മുമ്പേ ഇരുന്നേടത്തേക്കു കയറിപ്പോകുന്നതു നിങ്ങൾ കണ്ടാലോ? ജീവിപ്പിക്കുന്നത് ആത്മാവ് ആകുന്നു; മാംസം ഒന്നിനും ഉപകരിക്കുന്നില്ല; ഞാൻ നിങ്ങളോടു സംസാരിച്ച വചനങ്ങൾ ആത്മാവും ജീവനും ആകുന്നു. എങ്കിലും വിശ്വസിക്കാത്തവർ നിങ്ങളുടെ ഇടയിൽ ഉണ്ട് എന്നു പറഞ്ഞു. -വിശ്വസിക്കാത്തവർ ഇന്നവർ എന്നും തന്നെ കാണിച്ചുകൊടുക്കുന്നവൻ ഇന്നവൻ എന്നും യേശു ആദിമുതൽ അറിഞ്ഞിരുന്നു.- ഇതു ഹേതുവായിട്ടത്രേ ഞാൻ നിങ്ങളോട്: പിതാവ് കൃപ നല്കിയിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല എന്നു പറഞ്ഞത് എന്നും അവൻ പറഞ്ഞു. അന്നുമുതൽ അവന്റെ ശിഷ്യന്മാരിൽ പലരും പിൻവാങ്ങിപ്പോയി, പിന്നെ അവനോടുകൂടെ സഞ്ചരിച്ചില്ല. ആകയാൽ യേശു പന്തിരുവരോട്: നിങ്ങൾക്കും പൊയ്ക്കൊൾവാൻ മനസ്സുണ്ടോ എന്നു ചോദിച്ചു. ശിമോൻ പത്രൊസ് അവനോട്: കർത്താവേ, ഞങ്ങൾ ആരുടെ അടുക്കൽ പോകും? നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കൽ ഉണ്ട്. നീ ദൈവത്തിന്റെ പരിശുദ്ധൻ എന്നു ഞങ്ങൾ വിശ്വസിച്ചും അറിഞ്ഞും ഇരിക്കുന്നു എന്ന് ഉത്തരം പറഞ്ഞു. യേശു അവരോട്: നിങ്ങളെ പന്ത്രണ്ടു പേരെ ഞാൻ തിരഞ്ഞെടുത്തില്ലയോ? എങ്കിലും നിങ്ങളിൽ ഒരുത്തൻ ഒരു പിശാച് ആകുന്നു എന്ന് ഉത്തരം പറഞ്ഞു. ഇത് അവൻ ശിമോൻ ഈസ്കര്യോത്താവിന്റെ മകനായ യൂദായെക്കുറിച്ചു പറഞ്ഞു. ഇവൻ പന്തിരുവരിൽ ഒരുത്തൻ എങ്കിലും അവനെ കാണിച്ചുകൊടുപ്പാനുള്ളവൻ ആയിരുന്നു.