യോഹന്നാൻ 5:1-17

യോഹന്നാൻ 5:1-17 MALOVBSI

അതിന്റെശേഷം യെഹൂദന്മാരുടെ ഒരു ഉത്സവം ഉണ്ടായിട്ട് യേശു യെരൂശലേമിലേക്കു പോയി. യെരൂശലേമിൽ ആട്ടുവാതിൽക്കൽ ബേഥെസ്ദാ എന്ന് എബ്രായപേരുള്ള ഒരു കുളം ഉണ്ട്; അതിന് അഞ്ചു മണ്ഡപം ഉണ്ട്. അവയിൽ വ്യാധിക്കാർ, കുരുടർ, മുടന്തർ, ക്ഷയരോഗികൾ ഇങ്ങനെ വലിയൊരു കൂട്ടം [വെള്ളത്തിന്റെ ഇളക്കം കാത്തുകൊണ്ടു] കിടന്നിരുന്നു. [അതതു സമയത്ത് ഒരു ദൂതൻ കുളത്തിൽ ഇറങ്ങി വെള്ളം കലക്കും; വെള്ളം കലങ്ങിയ ശേഷം ആദ്യം ഇറങ്ങുന്നവൻ ഏതു വ്യാധിപിടിച്ചവനായിരുന്നാലും അവനു സൗഖ്യം വരും.] എന്നാൽ മുപ്പത്തെട്ട് ആണ്ട് രോഗം പിടിച്ചു കിടന്നൊരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു. അവൻ കിടക്കുന്നതു യേശു കണ്ടു, ഇങ്ങനെ ഏറിയ കാലമായിരിക്കുന്നു എന്നറിഞ്ഞു: നിനക്കു സൗഖ്യമാകുവാൻ മനസ്സുണ്ടോ എന്ന് അവനോടു ചോദിച്ചു. രോഗി അവനോട്: യജമാനനേ, വെള്ളം കലങ്ങുമ്പോൾ എന്നെ കുളത്തിൽ ആക്കുവാൻ എനിക്ക് ആരും ഇല്ല; ഞാൻ തന്നെ ചെല്ലുമ്പോൾ മറ്റൊരുത്തൻ എനിക്കു മുമ്പായി ഇറങ്ങുന്നു എന്ന് ഉത്തരം പറഞ്ഞു. യേശു അവനോട്: എഴുന്നേറ്റു നിന്റെ കിടക്ക എടുത്തു നടക്ക എന്നു പറഞ്ഞു. ഉടനെ ആ മനുഷ്യൻ സൗഖ്യമായി കിടക്ക എടുത്തു നടന്നു. എന്നാൽ അന്ന് ശബ്ബത്ത് ആയിരുന്നു. ആകയാൽ യെഹൂദന്മാർ സൗഖ്യം പ്രാപിച്ചവനോട്: ഇന്നു ശബ്ബത്ത് ആകുന്നു; കിടക്ക എടുക്കുന്നതു വിഹിതമല്ല എന്നു പറഞ്ഞു. അവൻ അവരോട്: എന്നെ സൗഖ്യമാക്കിയവൻ: കിടക്ക എടുത്തു നടക്ക എന്ന് എന്നോടു പറഞ്ഞു എന്ന് ഉത്തരം പറഞ്ഞു. അവർ അവനോട്: കിടക്ക എടുത്തു നടക്ക എന്നു നിന്നോടു പറഞ്ഞ മനുഷ്യൻ ആർ എന്നു ചോദിച്ചു. എന്നാൽ അവിടെ പുരുഷാരം ഉണ്ടായിരിക്കയാൽ യേശു മാറിക്കളഞ്ഞതുകൊണ്ട് അവൻ ആരെന്നു സൗഖ്യം പ്രാപിച്ചവൻ അറിഞ്ഞില്ല. അനന്തരം യേശു അവനെ ദൈവാലയത്തിൽവച്ചു കണ്ട് അവനോട്: നോക്കൂ, നിനക്കു സൗഖ്യമായല്ലോ; അധികം തിന്മയായതു ഭവിക്കാതിരിപ്പാൻ ഇനി പാപം ചെയ്യരുത് എന്നു പറഞ്ഞു. ആ മനുഷ്യൻ പോയി തന്നെ സൗഖ്യമാക്കിയത് യേശു എന്നു യെഹൂദന്മാരോട് അറിയിച്ചു. യേശു ശബ്ബത്തിൽ അതു ചെയ്കകൊണ്ടു യെഹൂദന്മാർ അവനെ ഉപദ്രവിച്ചു. യേശു അവരോട്: എന്റെ പിതാവ് ഇന്നുവരെയും പ്രവർത്തിക്കുന്നു; ഞാനും പ്രവർത്തിക്കുന്നു എന്ന് ഉത്തരം പറഞ്ഞു.