ഇതിനിടയിൽ അവന്റെ ശിഷ്യന്മാർ വന്നു അവൻ സ്ത്രീയോടു സംസാരിക്കയാൽ ആശ്ചര്യപ്പെട്ടു എങ്കിലും: നീ എന്തു ചോദിക്കുന്നു? അവളോട് എന്തു സംസാരിക്കുന്നു എന്ന് ആരും ചോദിച്ചില്ല. അനന്തരം സ്ത്രീ പാത്രം വച്ചിട്ടു പട്ടണത്തിൽ ചെന്നു ജനങ്ങളോട്: ഞാൻ ചെയ്തതൊക്കെയും എന്നോടു പറഞ്ഞ ഒരു മനുഷ്യനെ വന്നു കാൺമിൻ; അവൻ പക്ഷേ ക്രിസ്തു ആയിരിക്കുമോ എന്നു പറഞ്ഞു. അവർ പട്ടണത്തിൽനിന്നു പുറപ്പെട്ട് അവന്റെ അടുക്കൽ വന്നു. അതിനിടയിൽ ശിഷ്യന്മാർ അവനോട്: റബ്ബീ, ഭക്ഷിച്ചാലും എന്ന് അപേക്ഷിച്ചു. അതിന് അവൻ: നിങ്ങൾ അറിയാത്ത ആഹാരം ഭക്ഷിപ്പാൻ എനിക്ക് ഉണ്ട് എന്ന് അവരോടു പറഞ്ഞു. ആകയാൽ വല്ലവനും അവനു ഭക്ഷിപ്പാൻ കൊണ്ടുവന്നുവോ എന്നു ശിഷ്യന്മാർ തമ്മിൽ പറഞ്ഞു. യേശു അവരോടു പറഞ്ഞത്: എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്ത് അവന്റെ പ്രവൃത്തി തികയ്ക്കുന്നതുതന്നെ എന്റെ ആഹാരം. ഇനി നാലു മാസം കഴിഞ്ഞിട്ടു കൊയ്ത്തു വരുന്നു എന്നു നിങ്ങൾ പറയുന്നില്ലയോ? നിങ്ങൾ തല പൊക്കി നോക്കിയാൽ നിലങ്ങൾ ഇപ്പോൾതന്നെ കൊയ്ത്തിനു വെളുത്തിരിക്കുന്നതു കാണും എന്നു ഞാൻ നിങ്ങളോടു പറയുന്നു. വിതയ്ക്കുന്നവനും കൊയ്യുന്നവനും ഒരുമിച്ചു സന്തോഷിപ്പാൻ തക്കവണ്ണം കൊയ്യുന്നവൻ കൂലി വാങ്ങി നിത്യജീവങ്കലേക്കു വിളവു കൂട്ടിവയ്ക്കുന്നു. വിതയ്ക്കുന്നത് ഒരുത്തൻ, കൊയ്യുന്നതു മറ്റൊരുത്തൻ എന്നുള്ള പഴഞ്ചൊൽ ഇതിൽ ഒത്തിരിക്കുന്നു. നിങ്ങൾ അധ്വാനിച്ചിട്ടില്ലാത്തതു കൊയ്‍വാൻ ഞാൻ നിങ്ങളെ അയച്ചിരിക്കുന്നു; മറ്റുള്ളവർ അധ്വാനിച്ചു; അവരുടെ അധ്വാനഫലത്തിലേക്കു നിങ്ങൾ പ്രവേശിച്ചിരിക്കുന്നു. ഞാൻ ചെയ്തതൊക്കെയും അവൻ എന്നോടു പറഞ്ഞു എന്നു സ്ത്രീ സാക്ഷ്യം പറഞ്ഞ വാക്കുനിമിത്തം ആ പട്ടണത്തിലെ പല ശമര്യരും അവനിൽ വിശ്വസിച്ചു. അങ്ങനെ ശമര്യർ അവന്റെ അടുക്കൽ വന്നു തങ്ങളോടുകൂടെ പാർക്കേണം എന്ന് അവനോട് അപേക്ഷിച്ചു; അവൻ രണ്ടുനാൾ അവിടെ പാർത്തു. ഏറ്റവും അധികംപേർ അവന്റെ വചനം കേട്ടു വിശ്വസിച്ചു; ഇനി നിന്റെ വാക്കുകൊണ്ടല്ല ഞങ്ങൾ വിശ്വസിക്കുന്നത്; ഞങ്ങൾതന്നെ കേൾക്കയും അവൻ സാക്ഷാൽ ലോകരക്ഷിതാവ് എന്ന് അറികയും ചെയ്തിരിക്കുന്നു എന്നു സ്ത്രീയോടു പറഞ്ഞു.
യോഹന്നാൻ 4 വായിക്കുക
കേൾക്കുക യോഹന്നാൻ 4
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: യോഹന്നാൻ 4:27-42
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ