യോഹന്നാൻ 4:1-38

യോഹന്നാൻ 4:1-38 MALOVBSI

യേശു യോഹന്നാനെക്കാൾ അധികം ശിഷ്യന്മാരെ ചേർത്തു സ്നാനം കഴിപ്പിക്കുന്നു എന്നു പരീശന്മാർ കേട്ടു എന്ന് കർത്താവ് അറിഞ്ഞപ്പോൾ- ശിഷ്യന്മാർ അല്ലാതെ, യേശുതന്നെ സ്നാനം കഴിപ്പിച്ചില്ലതാനും- അവൻ യെഹൂദ്യദേശം വിട്ടു പിന്നെയും ഗലീലയ്ക്കു യാത്രയായി. അവൻ ശമര്യയിൽക്കൂടി കടന്നുപോകേണ്ടിവന്നു. അങ്ങനെ അവൻ സുഖാർ എന്നൊരു ശമര്യപട്ടണത്തിൽ യാക്കോബ് തന്റെ പുത്രനായ യോസേഫിനു കൊടുത്ത നിലത്തിനരികെ എത്തി. അവിടെ യാക്കോബിന്റെ ഉറവുണ്ടായിരുന്നു. യേശു വഴി നടന്നു ക്ഷീണിച്ചിട്ട് ഉറവിനരികെ ഇരുന്നു; അപ്പോൾ ഏകദേശം ആറാം മണി നേരം ആയിരുന്നു. ഒരു ശമര്യസ്ത്രീ വെള്ളംകോരുവാൻ വന്നു; യേശു അവളോട്: എനിക്കു കുടിപ്പാൻ തരുമോ എന്നു ചോദിച്ചു. അവന്റെ ശിഷ്യന്മാർ ഭക്ഷണസാധനങ്ങളെ കൊള്ളുവാൻ പട്ടണത്തിൽ പോയിരുന്നു. ശമര്യസ്ത്രീ അവനോട്: നീ യെഹൂദൻ ആയിരിക്കെ ശമര്യക്കാരത്തിയായ എന്നോട് കുടിപ്പാൻ ചോദിക്കുന്നത് എങ്ങനെ എന്നു പറഞ്ഞു. യെഹൂദന്മാർക്കും ശമര്യക്കാർക്കും തമ്മിൽ സമ്പർക്കമില്ല- അതിനു യേശു: നീ ദൈവത്തിന്റെ ദാനവും നിന്നോടു കുടിപ്പാൻ ചോദിക്കുന്നവൻ ആരെന്നും അറിഞ്ഞു എങ്കിൽ നീ അവനോടു ചോദിക്കയും അവൻ ജീവനുള്ള വെള്ളം നിനക്കു തരികയും ചെയ്യുമായിരുന്നു എന്ന് ഉത്തരം പറഞ്ഞു. സ്ത്രീ അവനോട്: യജമാനനേ, നിനക്കു കോരുവാൻ പാത്രം ഇല്ലല്ലോ; കിണറ് ആഴമുള്ളതാകുന്നു; പിന്നെ ജീവനുള്ള വെള്ളം നിനക്ക് എവിടെനിന്ന്? നമ്മുടെ പിതാവായ യാക്കോബിനെക്കാൾ നീ വലിയവനോ? അവൻ ആകുന്നു ഈ കിണറ് ഞങ്ങൾക്കു തന്നത്; അവനും അവന്റെ മക്കളും മൃഗങ്ങളും ഇതിലെ വെള്ളം കുടിച്ചുപോന്നു എന്നു പറഞ്ഞു. യേശു അവളോട്: ഈ വെള്ളം കുടിക്കുന്നവന് എല്ലാം പിന്നെയും ദാഹിക്കും. ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവനോ ഒരുനാളും ദാഹിക്കയില്ല; ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവായിത്തീരും എന്ന് ഉത്തരം പറഞ്ഞു. സ്ത്രീ അവനോട്: യജമാനനേ, എനിക്കു ദാഹിക്കാതെയും ഞാൻ കോരുവാൻ ഇവിടത്തോളം വരാതെയുമിരിക്കേണ്ടതിന് ആ വെള്ളം എനിക്കു തരേണം എന്നു പറഞ്ഞു. യേശു അവളോട്: പോയി ഭർത്താവിനെ വിളിച്ചുകൊണ്ടു വരിക എന്നുപറഞ്ഞു. എനിക്കു ഭർത്താവ് ഇല്ല എന്നു സ്ത്രീ അവനോട് ഉത്തരം പറഞ്ഞതിന്: എനിക്കു ഭർത്താവ് ഇല്ല എന്നു നീ പറഞ്ഞത് ശരി. അഞ്ചു ഭർത്താക്കന്മാർ നിനക്ക് ഉണ്ടായിരുന്നു; ഇപ്പോൾ ഉള്ളവനോ ഭർത്താവല്ല; നീ പറഞ്ഞതു സത്യംതന്നെ എന്നു യേശു പറഞ്ഞു. സ്ത്രീ അവനോട്: യജമാനനേ, നീ പ്രവാചകൻ എന്നു ഞാൻ കാണുന്നു. ഞങ്ങളുടെ പിതാക്കന്മാർ ഈ മലയിൽ നമസ്കരിച്ചു വന്നു; നമസ്കരിക്കേണ്ടുന്ന സ്ഥലം യെരൂശലേമിൽ ആകുന്നു എന്നു നിങ്ങൾ പറയുന്നു എന്നു പറഞ്ഞു. യേശു അവളോട് പറഞ്ഞത്: സ്ത്രീയേ, എന്റെ വാക്ക് വിശ്വസിക്ക; നിങ്ങൾ പിതാവിനെ നമസ്കരിക്കുന്നത് ഈ മലയിലും അല്ല; യെരൂശലേമിലും അല്ല എന്നുള്ള നാഴിക വരുന്നു. നിങ്ങൾ അറിയാത്തതിനെ നമസ്കരിക്കുന്നു; ഞങ്ങളോ അറിയുന്നതിനെ നമസ്കരിക്കുന്നു; രക്ഷ യെഹൂദന്മാരുടെ ഇടയിൽനിന്നല്ലോ വരുന്നത്. സത്യനമസ്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. തന്നെ നമസ്കരിക്കുന്നവർ ഇങ്ങനെയുള്ളവർ ആയിരിക്കേണം എന്നു പിതാവ് ഇച്ഛിക്കുന്നു. ദൈവം ആത്മാവ് ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം. സ്ത്രീ അവനോട്: മശീഹാ- എന്നുവച്ചാൽ ക്രിസ്തു- വരുന്നു എന്നു ഞാൻ അറിയുന്നു; അവൻ വരുമ്പോൾ സകലവും അറിയിച്ചുതരും എന്നു പറഞ്ഞു. യേശു അവളോട്: നിന്നോടു സംസാരിക്കുന്ന ഞാൻതന്നെ മശീഹാ എന്നു പറഞ്ഞു. ഇതിനിടയിൽ അവന്റെ ശിഷ്യന്മാർ വന്നു അവൻ സ്ത്രീയോടു സംസാരിക്കയാൽ ആശ്ചര്യപ്പെട്ടു എങ്കിലും: നീ എന്തു ചോദിക്കുന്നു? അവളോട് എന്തു സംസാരിക്കുന്നു എന്ന് ആരും ചോദിച്ചില്ല. അനന്തരം സ്ത്രീ പാത്രം വച്ചിട്ടു പട്ടണത്തിൽ ചെന്നു ജനങ്ങളോട്: ഞാൻ ചെയ്തതൊക്കെയും എന്നോടു പറഞ്ഞ ഒരു മനുഷ്യനെ വന്നു കാൺമിൻ; അവൻ പക്ഷേ ക്രിസ്തു ആയിരിക്കുമോ എന്നു പറഞ്ഞു. അവർ പട്ടണത്തിൽനിന്നു പുറപ്പെട്ട് അവന്റെ അടുക്കൽ വന്നു. അതിനിടയിൽ ശിഷ്യന്മാർ അവനോട്: റബ്ബീ, ഭക്ഷിച്ചാലും എന്ന് അപേക്ഷിച്ചു. അതിന് അവൻ: നിങ്ങൾ അറിയാത്ത ആഹാരം ഭക്ഷിപ്പാൻ എനിക്ക് ഉണ്ട് എന്ന് അവരോടു പറഞ്ഞു. ആകയാൽ വല്ലവനും അവനു ഭക്ഷിപ്പാൻ കൊണ്ടുവന്നുവോ എന്നു ശിഷ്യന്മാർ തമ്മിൽ പറഞ്ഞു. യേശു അവരോടു പറഞ്ഞത്: എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്ത് അവന്റെ പ്രവൃത്തി തികയ്ക്കുന്നതുതന്നെ എന്റെ ആഹാരം. ഇനി നാലു മാസം കഴിഞ്ഞിട്ടു കൊയ്ത്തു വരുന്നു എന്നു നിങ്ങൾ പറയുന്നില്ലയോ? നിങ്ങൾ തല പൊക്കി നോക്കിയാൽ നിലങ്ങൾ ഇപ്പോൾതന്നെ കൊയ്ത്തിനു വെളുത്തിരിക്കുന്നതു കാണും എന്നു ഞാൻ നിങ്ങളോടു പറയുന്നു. വിതയ്ക്കുന്നവനും കൊയ്യുന്നവനും ഒരുമിച്ചു സന്തോഷിപ്പാൻ തക്കവണ്ണം കൊയ്യുന്നവൻ കൂലി വാങ്ങി നിത്യജീവങ്കലേക്കു വിളവു കൂട്ടിവയ്ക്കുന്നു. വിതയ്ക്കുന്നത് ഒരുത്തൻ, കൊയ്യുന്നതു മറ്റൊരുത്തൻ എന്നുള്ള പഴഞ്ചൊൽ ഇതിൽ ഒത്തിരിക്കുന്നു. നിങ്ങൾ അധ്വാനിച്ചിട്ടില്ലാത്തതു കൊയ്‍വാൻ ഞാൻ നിങ്ങളെ അയച്ചിരിക്കുന്നു; മറ്റുള്ളവർ അധ്വാനിച്ചു; അവരുടെ അധ്വാനഫലത്തിലേക്കു നിങ്ങൾ പ്രവേശിച്ചിരിക്കുന്നു.

യോഹന്നാൻ 4:1-38 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും