യോഹന്നാൻ 20:13-18

യോഹന്നാൻ 20:13-18 MALOVBSI

അവർ അവളോട്: സ്ത്രീയേ, നീ കരയുന്നത് എന്ത് എന്നു ചോദിച്ചു. എന്റെ കർത്താവിനെ എടുത്തു കൊണ്ടുപോയി; അവനെ എവിടെ വച്ചു എന്ന് ഞാൻ അറിയുന്നില്ല എന്ന് അവൾ അവരോട് പറഞ്ഞു. ഇതു പറഞ്ഞിട്ട് അവൾ പിന്നോക്കം തിരിഞ്ഞ്, യേശു നില്ക്കുന്നത് കണ്ടു; യേശു എന്ന് അറിഞ്ഞില്ലതാനും. യേശു അവളോട്: സ്ത്രീയേ, നീ കരയുന്നത് എന്ത്? ആരെ തിരയുന്നു എന്നു ചോദിച്ചു. അവൻ തോട്ടക്കാരൻ എന്ന് നിരൂപിച്ചിട്ട് അവൾ: യജമാനനേ, നീ അവനെ എടുത്തു കൊണ്ടുപോയി എങ്കിൽ അവനെ എവിടെ വച്ചു എന്ന് പറഞ്ഞുതരിക; ഞാൻ അവനെ എടുത്തുകൊണ്ടു പൊയ്ക്കൊള്ളാം എന്ന് അവനോടു പറഞ്ഞു. യേശു അവളോട്: മറിയയേ, എന്നു പറഞ്ഞു. അവൾ തിരിഞ്ഞ് എബ്രായഭാഷയിൽ: റബ്ബൂനി എന്നു പറഞ്ഞു; അതിനു ഗുരു എന്നർഥം. യേശു അവളോട്: എന്നെ തൊടരുത്; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്ന്: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്ന് അവരോട് പറക എന്നു പറഞ്ഞു. മഗ്ദലക്കാരത്തി മറിയ വന്നു താൻ കർത്താവിനെ കണ്ടു എന്നും അവൻ ഇങ്ങനെ തന്നോടു പറഞ്ഞു എന്നും ശിഷ്യന്മാരോട് അറിയിച്ചു.