മഹാപുരോഹിതൻ യേശുവിനോട് അവന്റെ ശിഷ്യന്മാരെയും ഉപദേശത്തെയും കുറിച്ചു ചോദിച്ചു. അതിന് യേശു: ഞാൻ ലോകത്തോടു പരസ്യമായി സംസാരിച്ചിരിക്കുന്നു; പള്ളിയിലും എല്ലാ യെഹൂദന്മാരും കൂടുന്ന ദൈവാലയത്തിലും ഞാൻ എപ്പോഴും ഉപദേശിച്ചു; രഹസ്യമായി ഒന്നും സംസാരിച്ചിട്ടില്ല. നീ എന്നോടു ചോദിക്കുന്നത് എന്ത്? ഞാൻ സംസാരിച്ചത് എന്തെന്ന് കേട്ടവരോട് ചോദിക്ക; ഞാൻ പറഞ്ഞത് അവർ അറിയുന്നു എന്ന് ഉത്തരം പറഞ്ഞു. അവൻ ഇങ്ങനെ പറയുമ്പോൾ ചേവകരിൽ അരികെ നിന്ന ഒരുത്തൻ: മഹാപുരോഹിതനോട് ഇങ്ങനെയോ ഉത്തരം പറയുന്നത് എന്നു പറഞ്ഞു യേശുവിന്റെ കന്നത്ത് ഒന്നടിച്ചു. യേശു അവനോട്: ഞാൻ ദോഷമായി സംസാരിച്ചു എങ്കിൽ തെളിവു കൊടുക്ക; അല്ലെങ്കിൽ എന്നെ തല്ലുന്നത് എന്ത് എന്നു പറഞ്ഞു. ഹന്നാവ് അവനെ കെട്ടപ്പെട്ടവനായി മഹാപുരോഹിതനായ കയ്യഫാവിന്റെ അടുക്കൽ അയച്ചു. ശിമോൻ പത്രൊസ് തീ കാഞ്ഞുനില്ക്കുമ്പോൾ: നീയും അവന്റെ ശിഷ്യന്മാരിൽ ഒരുത്തനല്ലയോ എന്ന് ചിലർ അവനോട് ചോദിച്ചു: അല്ല എന്ന് അവൻ മറുത്തുപറഞ്ഞു. മഹാപുരോഹിതന്റെ ദാസന്മാരിൽ വച്ച് പത്രൊസ് കാതറുത്തവന്റെ ചാർച്ചക്കാരനായ ഒരുത്തൻ ഞാൻ നിന്നെ അവനോടുകൂടെ തോട്ടത്തിൽ കണ്ടില്ലയോ എന്നു പറഞ്ഞു. പത്രൊസ് പിന്നെയും മറുത്തുപറഞ്ഞു; ഉടനെ കോഴി കൂകി. പുലർച്ചയ്ക്ക് അവർ യേശുവിനെ കയ്യഫാവിന്റെ അടുക്കൽനിന്ന് ആസ്ഥാനത്തിലേക്കു കൊണ്ടുപോയി; തങ്ങൾ അശുദ്ധമാകാതെ പെസഹ കഴിപ്പാന്തക്കവണ്ണം ആസ്ഥാനത്തിൽ കടന്നില്ല. പീലാത്തൊസ് അവരുടെ അടുക്കൽ പുറത്തു വന്നു: ഈ മനുഷ്യന്റെ നേരേ എന്തു കുറ്റം ബോധിപ്പിക്കുന്നു എന്നു ചോദിച്ചു. കുറ്റക്കാരൻ അല്ലാഞ്ഞു എങ്കിൽ ഞങ്ങൾ അവനെ നിന്റെ പക്കൽ ഏല്പിക്കയില്ലായിരുന്നു എന്ന് അവർ അവനോട് ഉത്തരം പറഞ്ഞു. പീലാത്തൊസ് അവരോട്: നിങ്ങൾ അവനെ കൊണ്ടുപോയി നിങ്ങളുടെ ന്യായപ്രമാണപ്രകാരം വിധിപ്പിൻ എന്നു പറഞ്ഞതിനു യെഹൂദന്മാർ അവനോട്: മരണശിക്ഷയ്ക്കുള്ള അധികാരം ഞങ്ങൾക്കില്ലല്ലോ എന്നു പറഞ്ഞു. യേശു താൻ മരിപ്പാനുള്ള മരണവിധം സൂചിപ്പിച്ച വാക്കിന് ഇതിനാൽ നിവൃത്തി വന്നു. പീലാത്തൊസ് പിന്നെയും ആസ്ഥാനത്തിൽ ചെന്നു യേശുവിനെ വിളിച്ചു; നീ യെഹൂദന്മാരുടെ രാജാവോ എന്ന് ചോദിച്ചു. അതിന് ഉത്തരമായി യേശു: ഇതു നീ സ്വയമായി പറയുന്നതോ മറ്റുള്ളവർ എന്നെക്കുറിച്ചു നിന്നോടു പറഞ്ഞിട്ടോ എന്നു ചോദിച്ചു. പീലാത്തൊസ് അതിനുത്തരമായി ഞാൻ യെഹൂദനോ? നിന്റെ ജനവും മഹാപുരോഹിതന്മാരും നിന്നെ എന്റെ പക്കൽ ഏല്പിച്ചിരിക്കുന്നു; നീ എന്തു ചെയ്തു എന്നു ചോദിച്ചതിന് യേശു: എന്റെ രാജ്യം ഐഹികമല്ല; എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യെഹൂദന്മാരുടെ കൈയിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു; എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്ന് ഉത്തരം പറഞ്ഞു. പീലാത്തൊസ് അവനോട്: എന്നാൽ നീ രാജാവ് തന്നെയല്ലോ എന്നു പറഞ്ഞതിനു യേശു: നീ പറഞ്ഞതുപോലെ ഞാൻ രാജാവുതന്നെ; സത്യത്തിനു സാക്ഷിനില്ക്കേണ്ടതിനു ഞാൻ ജനിച്ച് അതിനായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കു കേൾക്കുന്നു എന്ന് ഉത്തരം പറഞ്ഞു. പീലാത്തൊസ് അവനോട്: സത്യം എന്നാൽ എന്ത് എന്നു പറഞ്ഞു; പിന്നെയും യെഹൂദന്മാരുടെ അടുക്കൽ പുറത്തു ചെന്ന് അവരോട്: ഞാൻ അവനിൽ ഒരു കുറ്റവും കാണുന്നില്ല. എന്നാൽ പെസഹയിൽ ഞാൻ നിങ്ങൾക്ക് ഒരുത്തനെ വിട്ടുതരിക പതിവുണ്ടല്ലോ; യെഹൂദന്മാരുടെ രാജാവിനെ വിട്ടുതരുന്നത് സമ്മതമോ എന്നു ചോദിച്ചതിന് അവർ പിന്നെയും: ഇവനെ വേണ്ടാ; ബറബ്ബാസിനെ മതി എന്നു നിലവിളിച്ചു പറഞ്ഞു; ബറബ്ബാസോ കവർച്ചക്കാരൻ ആയിരുന്നു.
യോഹന്നാൻ 18 വായിക്കുക
കേൾക്കുക യോഹന്നാൻ 18
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: യോഹന്നാൻ 18:19-40
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ