യോഹന്നാൻ 17:20-26

യോഹന്നാൻ 17:20-26 MALOVBSI

ഇവർക്കുവേണ്ടി മാത്രമല്ല ഇവരുടെ വചനത്താൽ എന്നിൽ വിശ്വസിപ്പാനിരിക്കുന്നവർക്കുവേണ്ടിയും ഞാൻ അപേക്ഷിക്കുന്നു. നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിപ്പാൻ അവർ എല്ലാവരും ഒന്നാകേണ്ടതിനു, പിതാവേ, നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ, അവരും നമ്മിൽ ആകേണ്ടതിനുതന്നെ. നീ എനിക്കു തന്നിട്ടുള്ള മഹത്ത്വം ഞാൻ അവർക്കു കൊടുത്തിരിക്കുന്നു. നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിയുവാൻ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിനും ഞാൻ അവരിലും നീ എന്നിലുമായി അവർ ഐക്യത്തിൽ തികഞ്ഞവരായിരിക്കേണ്ടതിനുംതന്നെ. പിതാവേ, നീ ലോകസ്ഥാപനത്തിനു മുമ്പേ എന്നെ സ്നേഹിച്ചിരിക്കകൊണ്ട് എനിക്കു നല്കിയ മഹത്ത്വം നീ എനിക്കു തന്നിട്ടുള്ളവർ കാണേണ്ടതിനു ഞാൻ ഇരിക്കുന്ന ഇടത്ത് അവരും എന്നോടുകൂടെ ഇരിക്കേണം എന്ന് ഞാൻ ഇച്ഛിക്കുന്നു. നീതിയുള്ള പിതാവേ, ലോകം നിന്നെ അറിഞ്ഞിട്ടില്ല; ഞാനോ നിന്നെ അറിഞ്ഞിരിക്കുന്നു; നീ എന്നെ അയച്ചിരിക്കുന്നു എന്ന് ഇവരും അറിഞ്ഞിരിക്കുന്നു. നീ എന്നെ സ്നേഹിക്കുന്ന സ്നേഹം അവരിൽ ആകുവാനും ഞാൻ അവരിൽ ആകുവാനും ഞാൻ നിന്റെ നാമം അവർക്കു വെളിപ്പെടുത്തിയിരിക്കുന്നു; ഇനിയും വെളിപ്പെടുത്തും.