യോഹന്നാൻ 16:16-33

യോഹന്നാൻ 16:16-33 MALOVBSI

കുറഞ്ഞോന്നു കഴിഞ്ഞിട്ടു നിങ്ങൾ എന്നെ കാണുകയില്ല; പിന്നെയും കുറഞ്ഞോന്നു കഴിഞ്ഞിട്ടു നിങ്ങൾ എന്നെ കാണും. അവന്റെ ശിഷ്യന്മാരിൽ ചിലർ കുറഞ്ഞോന്നു കഴിഞ്ഞിട്ടു നിങ്ങൾ എന്നെ കാണുകയില്ല; പിന്നെയും കുറഞ്ഞോന്നു കഴിഞ്ഞിട്ടു നിങ്ങൾ എന്നെ കാണും എന്നും പിതാവിന്റെ അടുക്കൽപോകുന്നു എന്നും അവൻ നമ്മോട് ഈ പറയുന്നത് എന്ത് എന്നു തമ്മിൽ ചോദിച്ചു. കുറഞ്ഞോന്ന് എന്ന് ഈ പറയുന്നത് എന്താകുന്നു? അവൻ എന്തു സംസാരിക്കുന്നു എന്ന് നാം അറിയുന്നില്ല എന്നും അവർ പറഞ്ഞു. അവർ തന്നോടു ചോദിപ്പാൻ ആഗ്രഹിക്കുന്നു എന്ന് അറിഞ്ഞു യേശു അവരോട് പറഞ്ഞത്: കുറഞ്ഞോന്നു കഴിഞ്ഞിട്ട് എന്നെ കാണുകയില്ല; പിന്നെയും കുറഞ്ഞോന്നു കഴിഞ്ഞിട്ട് എന്നെ കാണും എന്ന് ഞാൻ പറകയാൽ നിങ്ങൾ തമ്മിൽ തമ്മിൽ ചോദിക്കുന്നുവോ? ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ കരഞ്ഞു വിലപിക്കും; ലോകമോ സന്തോഷിക്കും; നിങ്ങൾ ദുഃഖിക്കും; എന്നാൽ നിങ്ങളുടെ ദുഃഖം സന്തോഷമായിത്തീരും. സ്ത്രീ പ്രസവിക്കുമ്പോൾ തന്റെ നാഴിക വന്നതുകൊണ്ട് അവൾക്കു ദുഃഖം ഉണ്ട്; കുഞ്ഞിനെ പ്രസവിച്ച ശേഷമോ ഒരു മനുഷ്യൻ ലോകത്തിലേക്കു പിറന്നിരിക്കുന്ന സന്തോഷം നിമിത്തം അവൾ തന്റെ കഷ്ടം പിന്നെ ഓർക്കുന്നില്ല. അങ്ങനെ നിങ്ങൾക്കും ഇപ്പോൾ ദുഃഖം ഉണ്ട് എങ്കിലും ഞാൻ പിന്നെയും നിങ്ങളെ കാണും; നിങ്ങളുടെ ഹൃദയം സന്തോഷിക്കും; നിങ്ങളുടെ സന്തോഷം ആരും നിങ്ങളിൽനിന്ന് എടുത്തുകളകയില്ല. അന്നു നിങ്ങൾ എന്നോട് ഒന്നും ചോദിക്കയില്ല. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ പിതാവിനോട് അപേക്ഷിക്കുന്നതൊക്കെയും അവൻ എന്റെ നാമത്തിൽ നിങ്ങൾക്കു തരും. ഇന്നുവരെ നിങ്ങൾ എന്റെ നാമത്തിൽ ഒന്നും അപേക്ഷിച്ചിട്ടില്ല; അപേക്ഷിപ്പിൻ; എന്നാൽ നിങ്ങളുടെ സന്തോഷം പൂർണമാകുംവണ്ണം നിങ്ങൾക്കു ലഭിക്കും. ഇതു ഞാൻ സദൃശമായി നിങ്ങളോടു സംസാരിച്ചിരിക്കുന്നു; എങ്കിലും ഞാൻ ഇനി സദൃശമായി നിങ്ങളോടു സംസാരിക്കാതെ പിതാവിനെ സംബന്ധിച്ചു സ്പഷ്ടമായി നിങ്ങളോട് അറിയിക്കുന്ന നാഴിക വരുന്നു. അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല. നിങ്ങൾ എന്നെ സ്നേഹിച്ചു, ഞാൻ പിതാവിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു എന്ന് വിശ്വസിച്ചിരിക്കകൊണ്ട് പിതാവ് താനും നിങ്ങളെ സ്നേഹിക്കുന്നു. ഞാൻ പിതാവിന്റെ അടുക്കൽനിന്നു പുറപ്പെട്ടു ലോകത്തിൽ വന്നിരിക്കുന്നു; പിന്നെയും ലോകത്തെ വിട്ടു പിതാവിന്റെ അടുക്കൽ പോകുന്നു. അതിന് അവന്റെ ശിഷ്യന്മാർ: ഇപ്പോൾ നീ സാദൃശ്യം ഒന്നും പറയാതെ സ്പഷ്ടമായി സംസാരിക്കുന്നു. നീ സകലവും അറിയുന്നു എന്നും ആരും നിന്നോടു ചോദിപ്പാൻ നിനക്ക് ആവശ്യം ഇല്ല എന്നും ഞങ്ങൾ ഇപ്പോൾ അറിയുന്നു; ഇതിനാൽ നീ ദൈവത്തിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു എന്നു ഞങ്ങൾ വിശ്വസിക്കുന്നു എന്നു പറഞ്ഞു. യേശു അവരോട്: ഇപ്പോൾ നിങ്ങൾ വിശ്വസിക്കുന്നുവോ? നിങ്ങൾ ഓരോരുത്തൻ താന്താന്റെ സ്വന്തത്തിലേക്കു ചിതറിപ്പോകയും എന്നെ ഏകനായി വിടുകയും ചെയ്യുന്ന നാഴിക വരുന്നു; വന്നുമിരിക്കുന്നു; പിതാവ് എന്നോടുകൂടെ ഉള്ളതുകൊണ്ടു ഞാൻ ഏകനല്ലതാനും. നിങ്ങൾക്ക് എന്നിൽ സമാധാനം ഉണ്ടാകേണ്ടതിന് ഇത് നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ട്; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു എന്നു പറഞ്ഞു.