യോഹന്നാൻ 16:1-15

യോഹന്നാൻ 16:1-15 MALOVBSI

നിങ്ങൾ ഇടറിപ്പോകാതിരിപ്പാൻ ഞാൻ ഇത് നിങ്ങളോടു സംസാരിച്ചിരിക്കുന്നു. അവർ നിങ്ങളെ പള്ളിഭ്രഷ്ടർ ആക്കും; അത്രയുമല്ല നിങ്ങളെ കൊല്ലുന്നവൻ എല്ലാം ദൈവത്തിന് വഴിപാടു കഴിക്കുന്നു എന്ന് വിചാരിക്കുന്ന നാഴിക വരുന്നു. അവർ പിതാവിനെയും എന്നെയും അറിയായ്കകൊണ്ട് ഇങ്ങനെ ചെയ്യും. അതിന്റെ നാഴിക വരുമ്പോൾ ഞാൻ അത് നിങ്ങളോടു പറഞ്ഞിട്ടുണ്ടെന്നു നിങ്ങൾ ഓർക്കേണ്ടതിന് ഇത് നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ആദിയിൽ ഇതു നിങ്ങളോടു പറയാഞ്ഞതു ഞാൻ നിങ്ങളോടുകൂടെ ഇരിക്കകൊണ്ടത്രേ. ഇപ്പോഴോ ഞാൻ എന്നെ അയച്ചവന്റെ അടുക്കൽ പോകുന്നു: നീ എവിടെ പോകുന്നു എന്ന് നിങ്ങൾ ആരും എന്നോടു ചോദിക്കുന്നില്ല. എങ്കിലും ഇത് നിങ്ങളോടു സംസാരിക്കകൊണ്ട് നിങ്ങളുടെ ഹൃദയത്തിൽ ദുഃഖം നിറഞ്ഞിരിക്കുന്നു. എന്നാൽ ഞാൻ നിങ്ങളോടു സത്യം പറയുന്നു; ഞാൻ പോകുന്നത് നിങ്ങൾക്കു പ്രയോജനം; ഞാൻ പോകാഞ്ഞാൽ കാര്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരികയില്ല; ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കൽ അയയ്ക്കും. അവൻ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിനു ബോധം വരുത്തും. അവർ എന്നിൽ വിശ്വസിക്കായ്കകൊണ്ട് പാപത്തെക്കുറിച്ചും ഞാൻ പിതാവിന്റെ അടുക്കൽ പോകയും നിങ്ങൾ ഇനി എന്നെ കാണാതിരിക്കയും ചെയ്യുന്നതുകൊണ്ട് നീതിയെക്കുറിച്ചും ഈ ലോകത്തിന്റെ പ്രഭു വിധിക്കപ്പെട്ടിരിക്കകൊണ്ടു ന്യായവിധിയെക്കുറിച്ചുംതന്നെ. ഇനിയും വളരെ നിങ്ങളോടു പറവാൻ ഉണ്ട്; എന്നാൽ നിങ്ങൾക്ക് ഇപ്പോൾ വഹിപ്പാൻ കഴിവില്ല. സത്യത്തിന്റെ ആത്മാവ് വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവൻ സ്വയമായി സംസാരിക്കാതെ താൻ കേൾക്കുന്നത് സംസാരിക്കയും വരുവാനുള്ളത് നിങ്ങൾക്ക് അറിയിച്ചുതരികയും ചെയ്യും. അവൻ എനിക്കുള്ളതിൽനിന്ന് എടുത്ത് നിങ്ങൾക്ക് അറിയിച്ചു തരുന്നതുകൊണ്ട് എന്നെ മഹത്ത്വപ്പെടുത്തും. പിതാവിനുള്ളതൊക്കെയും എനിക്കുള്ളത്; അതുകൊണ്ടത്രേ അവൻ എനിക്കുള്ളതിൽനിന്ന് എടുത്തു നിങ്ങൾക്ക് അറിയിച്ചുതരും എന്ന് ഞാൻ പറഞ്ഞത്.