യോഹന്നാൻ 15:18-27

യോഹന്നാൻ 15:18-27 MALOVBSI

ലോകം നിങ്ങളെ പകയ്ക്കുന്നു എങ്കിൽ അത് നിങ്ങൾക്കുമുമ്പേ എന്നെ പകച്ചിരിക്കുന്നു എന്ന് അറിവിൻ. നിങ്ങൾ ലോകക്കാർ ആയിരുന്നു എങ്കിൽ ലോകം തനിക്കു സ്വന്തമായതിനെ സ്നേഹിക്കുമായിരുന്നു; എന്നാൽ നിങ്ങൾ ലോകക്കാരായിരിക്കാതെ ഞാൻ നിങ്ങളെ ലോകത്തിൽനിന്നു തിരഞ്ഞെടുത്തതുകൊണ്ടു ലോകം നിങ്ങളെ പകയ്ക്കുന്നു. ദാസൻ യജമാനനെക്കാൾ വലിയവനല്ല എന്ന് ഞാൻ നിങ്ങളോടു പറഞ്ഞ വാക്ക് ഓർപ്പിൻ. അവർ എന്നെ ഉപദ്രവിച്ചു എങ്കിൽ നിങ്ങളെയും ഉപദ്രവിക്കും; എന്റെ വചനം പ്രമാണിച്ചു എങ്കിൽ നിങ്ങളുടേതും പ്രമാണിക്കും. എങ്കിലും എന്നെ അയച്ചവനെ അവർ അറിയായ്കകൊണ്ട് എന്റെ നാമം നിമിത്തം ഇതൊക്കെയും നിങ്ങളോടു ചെയ്യും. ഞാൻ വന്ന് അവരോട് സംസാരിക്കാതിരുന്നെങ്കിൽ അവർക്കു പാപം ഇല്ലായിരുന്നു; ഇപ്പോഴോ അവരുടെ പാപത്തിന് ഒഴികഴിവില്ല. എന്നെ പകയ്ക്കുന്നവൻ എന്റെ പിതാവിനെയും പകയ്ക്കുന്നു. മറ്റാരും ചെയ്തിട്ടില്ലാത്ത പ്രവൃത്തികളെ ഞാൻ അവരുടെ ഇടയിൽ ചെയ്തിരുന്നില്ല എങ്കിൽ അവർക്കു പാപം ഇല്ലായിരുന്നു; ഇപ്പോഴോ അവർ എന്നെയും എന്റെ പിതാവിനെയും കാൺകയും പകയ്ക്കുകയും ചെയ്തിരിക്കുന്നു. “അവർ വെറുതേ എന്നെ പകച്ചു” എന്ന് അവരുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്ന വചനം നിവൃത്തിയാകേണ്ടതിനുതന്നെ. ഞാൻ പിതാവിന്റെ അടുക്കൽനിന്നു നിങ്ങൾക്ക് അയപ്പാനുള്ള കാര്യസ്ഥനായി പിതാവിന്റെ അടുക്കൽനിന്നു പുറപ്പെടുന്ന സത്യാത്മാവ് വരുമ്പോൾ അവൻ എന്നെക്കുറിച്ചു സാക്ഷ്യം പറയും. നിങ്ങളും ആദിമുതൽ എന്നോടുകൂടെ ഇരിക്കകൊണ്ടു സാക്ഷ്യം പറവിൻ.